പറഞ്ഞതെല്ലാം ശരിയെന്ന് ബിജെപി; അജിത്തിന് മനസ്സിലാകാൻ സമയമെടുക്കും: ഫഡ്നാവിസ്
Mail This Article
മുംബൈ∙ പ്രചാരണം അവസാന മണിക്കൂറിലേക്ക് അടുക്കുമ്പോഴും എൻഡിഎ മുന്നണിയിൽ (മഹായുതി) അഭിപ്രായഭിന്നത തുടരുന്നു. ബിജെപി താരപ്രചാരകർക്കെതിരെ പാർട്ടി നേതാക്കളും അജിത്പവാറും ഉന്നയിച്ച വിമർശനങ്ങൾ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തള്ളി. കാര്യങ്ങൾ കൃത്യമായി ഗ്രഹിക്കാത്തതുകൊണ്ടാണെന്നും ഹിന്ദുത്വവിരുദ്ധ ചേരിയിൽ നിന്ന് പുറത്തുവരാൻ അജിത്തിനു സമയമെടുക്കുമെന്നുമാണ് ഫഡ്നാവിസിന്റെ വിശദീകരണം.‘‘ഹിന്ദുവിരുദ്ധ–മതനിരപേക്ഷ ചേരിയിലായിരുന്നു കാലങ്ങളായി അജിത്പവാർ. ഹിന്ദുത്വത്തെ എതിർക്കുന്നത് മതനിരപേക്ഷതയാണെന്ന് കരുതിയവരായിരുന്നു അവർ. മതേതരവാദികളാണ് തങ്ങളെന്നത് അവരുടെ അവകാശവാദം മാത്രമാണ്. പൊതുസമൂഹത്തിന്റെ വികാരം മനസ്സിലാക്കാൻ അജിത്തിനു സമയമെടുക്കും; ഫഡ്നാവിസ് പറഞ്ഞു.
ഹൈന്ദവരെല്ലാം ബിജെപിക്കു കീഴിൽ ഒന്നിച്ചുനിൽക്കണം എന്നർഥം വരുന്ന ‘ബട്ടേങ്കേ തോ കട്ടേങ്കേ’ (ഭിന്നിച്ചാൽ തകരും) എന്ന മുദ്രാവാക്യമുയർത്തുന്ന എൻഡിഎ, വോട്ട് ജിഹാദിന് പകരം ധർമയുദ്ധം നടത്തണമെന്ന് ആഹ്വാനം ചെയ്യുന്നു. വഖഫിന്റെ പേരിൽ മുസ്‌ലിംകൾ ഭൂമി പിടിച്ചടക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും മുസ്‌ലിം സംവരണം നടപ്പാക്കില്ല എന്ന വാഗ്ദാനവും വ്യാപകമായി ഉന്നയിക്കുന്നുണ്ട്. മുൻ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്, മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ അശോക് ചവാൻ, ബിജെപി ദേശീയ സെക്രട്ടറിയും നിയമസഭാ കൗൺസിൽ അംഗവുമായ പങ്കജ മുണ്ടെ എന്നിവരും നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്ന് വിദ്വേഷപരാമർശങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
നിയമനടപടിക്ക് മാലിക്
എൻസിപി (അജിത്) നേതാവും മുൻ മന്ത്രിയുമായ നവാബ് മാലിക് ബിജെപി നേതാക്കൾക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുന്നു. കള്ളപ്പണം വെളുപ്പിക്കൽ, അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായുള്ള ബന്ധം എന്നിവ ആരോപിച്ച് തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ടിവി അഭിമുഖത്തിൽ മാലിക് അറിയിച്ചത്. മാൻഖുർദ്–ശിവാജിനഗർ മണ്ഡലത്തിൽ നവാബ് മാലിക് മത്സരിക്കുന്നതിന് എതിരെ ഫഡ്നാവിസ് പരസ്യമായി രംഗത്തെത്തിയിരുന്നു. ശിവസേന (ഷിൻഡെ) സ്ഥാനാർഥി സുരേഷ് പാട്ടീലിനാണ് മാൻഖുർദിൽ ബിജെപിയുടെ പിന്തുണ.
ഭിന്നിപ്പിക്കാൻ ശ്രമം: കോൺഗ്രസ് പരാതി നൽകി
അപകീർത്തി പരാമർശത്തിനും ഭിന്നിപ്പുണ്ടാക്കുന്ന പ്രസംഗത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത്ഷാ എന്നിവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് കോൺഗ്രസ് പരാതി നൽകി. മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ പ്രചാരണത്തിൽ ഇവർ നടത്തിയ പരാമർശങ്ങൾ പരിശോധിക്കണമെന്നും നടപടി എടുക്കണമെന്നുമാണ് പരാതി.