ADVERTISEMENT

ആകാശത്തേക്കു തലയുയർത്തി നിൽക്കുന്ന കെട്ടിടങ്ങൾ മാത്രമല്ല ഡൽഹിയിലെ അദ്ഭുതങ്ങൾ. മണ്ണിലേക്കു മുഖമാഴ്ത്തിയ അപൂർവ നിർമിതികളും ഡൽഹിക്കു സ്വന്തമായുണ്ട്. അതിലൊന്നാണ് രാജ അഗ്രസേൻ കി ബാവ്‌ലി.  ഡൽഹിയുടെ ഹൃദയഭൂമിയിൽ, നഗരത്തിരക്കുകൾക്കു നടുവിൽ തണലും തണുപ്പുമേകുന്ന ഒരിടം. പണ്ടുപണ്ട് ഇതൊരു ജലസംഭരണിയായിരുന്നു. ഡൽഹിയിലെ പേരെടുത്ത സഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയിൽ പലപ്പോഴും പെടാത്ത രാജ അഗ്രസേൻ കി ബാവ്‌ലി ഇപ്പോഴും വേറിട്ട കാഴ്ചയാണ്. ചില ചരിത്ര രേഖകളിൽ ഇതിന് ഉഗ്രസേൻ കി ബാവ്‌ലി എന്നത്രേ പേര്.

മഹാഭാരത കാലത്ത് മഹാരാജ അഗ്രസേൻ നിർമിച്ചതെന്നു കരുതപ്പെടുന്ന ഈ ജലസംഭരണി എഡി 15–ാം നൂറ്റാണ്ടിൽ അഗർവാൾ സമൂഹം പുനർനിർമിക്കുകയായിരുന്നു. പടികളോടു കൂടിയ ജലസംഭരണികളെയാണ് ബാവ്‌ലിയെന്നു പൊതുവേ വിളിക്കുന്നത്. കടുത്ത വേനലിനെ ചെറുക്കുകയായിരുന്നു ഇവയുടെ നിർമാണ ലക്ഷ്യം. ആഴത്തിൽ നിർമിച്ച പടിക്കെട്ടുകളും ഇഷ്ടികയും കല്ലുംകൊണ്ട് കോട്ടയ്ക്കു സമാനമായൊരുക്കിയ ചുറ്റുമതിലും വഴി ജലസംഭരണികളിൽ നിന്നുള്ള ബാഷ്പീകരണം തടയാൻ കഴിയുമെന്നാണു പറയപ്പെടുന്നത്. 

 ഒരുകാലത്ത് ഡൽഹിയിൽ ഇത്തരം നൂറോളം ജലസംഭരണികളുണ്ടായിരുന്നുവത്രേ. അവശേഷിക്കുന്നതു പത്തോളം മാത്രം. രാജസ്ഥാനിലും ഗുജറാത്തിലും ഇപ്പോഴും ബാവ്‌ലികളുണ്ട്.കമാനങ്ങളും കവാടങ്ങളുമായി കോട്ടയുടെ മാതൃകയിൽ നിർമിച്ചിരിക്കുന്ന ഈ വിസ്മയത്തിന് 130 പടികളുണ്ട്. അവയിറങ്ങി ചെന്നാൽ പഴയ ജലസംഭരണിയുടെ ഫോസിൽ പോലും കാണാനുണ്ടാകില്ല. നഗരത്തിന്റെ ആൾത്തിമിർപ്പുകൾക്കു നടുവിൽ ജീവിക്കുമ്പോഴും ഒന്നും മിണ്ടാത്ത, വേറിട്ടൊരു ഭാവമാണിതിന്. ഫോട്ടോ പകർത്തുന്നവരുടെയും വിഡിയോ ചിത്രീകരിക്കുന്നവരുടെയും ഇഷ്ടയിടം. നേരത്തേ പല സിനിമകളും ഇവിടെ ചിത്രീകരിച്ചിരുന്നു.

യാത്രയിൽ ഓർക്കാൻ

∙ പ്രവേശനം സൗജന്യമാണ്.

∙ കൊണാട്ട് പ്ലേസിൽ നിന്ന് ഇവിടേക്ക് എളുപ്പമെത്താം.

∙ രാവിലെ 9 മുതൽ 5 മണി വരെയാണ് സന്ദർശന സമയം.

∙ യാത്രയിൽ ശുദ്ധജലം കരുതുന്നതും ഗുണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com