ഗൾഫ് സ്വപ്നങ്ങൾ വിട്ട് ഡൽഹിയിലെത്തി, രുചിയുടെ നിറക്കൂട്ടൊരുക്കി മനംനിറച്ചു
Mail This Article
ഗൾഫ് സ്വപ്നങ്ങൾ ഉപേക്ഷിച്ച് ഡൽഹിയിൽ സ്വന്തം സംരംഭവുമായി മലയാളി യുവാവ്. കണ്ണൂർ കൂത്തുപറമ്പ് സ്വദേശി സുദിൻ രാജാണ് ജ്യൂസുകളിലും ഷെയ്ക്കുകളിലും രുചിയുടെ പുത്തനനുഭവം സമ്മാനിക്കുന്നത്. മുനീർകയിലെ ‘എസ്എ ഹോട്ട് ആൻഡ് കൂൾ’ എന്ന സ്വന്തം കടയിൽ തിരക്കുകൾക്കിടയിലും വളരെ കൂളാണ് സുദിൻ രാജ്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഫ്രൂട്ട് സാലഡ്, വിവിധതരം ജ്യൂസുകൾ, ഫലൂദ, ഷെയ്ക്കുകൾ തുടങ്ങിയവ ആസ്വദിക്കുന്നതിന് ഒട്ടേറെപ്പേരാണ് മുനീർക ബാങ്ക് ഓഫ് ബറോഡയ്ക്കു സമീപമുള്ള ഈ കടയിലെത്തുന്നത്.
ഇതുകൂടാതെ പഴം നിറച്ചത്, പഴംപൊരി, പരിപ്പുവട, ഉഴുന്നുവട, സമോവറിൽ തയാറാക്കിയ സ്പെഷൽ ചായ എന്നിവയും ഇവിടെ കിട്ടും. ഉണക്കപ്പഴങ്ങളും തേങ്ങ ചിരണ്ടിയതും ഏലയ്ക്കയും ചേർത്ത് ശുദ്ധമായ നെയ്യിൽ തയാറാക്കുന്ന പഴം നിറച്ചതിന് ആരാധകരേറെയാണ്.ഭാര്യ ആദർശയ്ക്കൊപ്പം മുനീർക ടൗണിനു സമീപം താമസിക്കുന്ന സുദിൻ രാജ് രാവിലെ 9ന് കടയിലെത്തും. പഴംനിറച്ചതും പഴംപൊരിയുമെല്ലാം തയാറാക്കുന്നത് കടയ്ക്കുള്ളിൽ. 3 മാസം മുൻപ് ആരംഭിച്ച കടയിൽ തിരക്കേറിയതോടെ വിഭവങ്ങൾ കൂട്ടാനുള്ള ആലോചനയിലാണ് ഈ മലയാളി യുവാവ്. തലശ്ശേരി ബിരിയാണിയും പൊറോട്ടയും ചിക്കൻ കറിയുമെല്ലാം താമസിയാതെ വിഭവങ്ങളിൽ ഇടംപിടിക്കും.
കണ്ണൂരിൽ ബികോം പഠനം പൂർത്തിയാക്കിയ ശേഷം രണ്ടര വർഷത്തോളം ഒമാനിൽ അക്കൗണ്ടന്റായി ജോലി ചെയ്തു. പിന്നീടു നാട്ടിൽ തിരിച്ചെത്തിയെങ്കിലും വീണ്ടും ഗൾഫിലേക്കു മടങ്ങാനായിരുന്നു പദ്ധതി. അതിനിടെ, കരസേനയിൽ ജോലി ചെയ്യുന്ന ജ്യേഷ്ഠനെ സന്ദർശിക്കാൻ ഇടയ്ക്കിടെ ഡൽഹിയിൽ വരുമായിരുന്നു. ആ യാത്രകളാണ് ഡൽഹിയിൽ തന്നെ സ്വന്തമായി എന്തെങ്കിലും സംരംഭം ആരംഭിക്കണമെന്ന ചിന്തയിലേക്കു നയിച്ചത്. തീരുമാനം തെറ്റിയില്ലെന്നു പറയുന്ന സുദിൻ, കട കൂടുതൽ വിപുലപ്പെടുത്താനുള്ള ഒരുക്കത്തിലുമാണ്.