ADVERTISEMENT

ന്യൂഡൽഹി∙ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന്റെ രാജി സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം തേടുമെന്ന് ആം ആദ്മി പാർട്ടി (എഎപി) പ്രഖ്യാപിച്ചു. മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായാൽ മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ രാജിവയ്ക്കേണ്ടതുണ്ടോ എന്നതു സംബന്ധിച്ചുള്ള ഒപ്പുശേഖരണം ഇന്നു മുതൽ 20 വരെ സംഘടിപ്പിക്കുമെന്ന് എഎപി സിറ്റി കൺവീനർ ഗോപാൽ റായ് പറഞ്ഞു. ‘മേം ഭി കേജ‍്‍രിവാൾ’ എന്നു പേരിട്ടിരിക്കുന്ന ഒപ്പുശേഖരണം നഗരത്തിലെ 2,600 പോളിങ് സ്റ്റേഷനുകളുടെ പരിധിയിലാണ് സംഘടിപ്പിക്കുന്നത്. 

മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ എഎപി നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി എന്നിവർ തിഹാർ ജയിലിലാണ്. കേസിൽ ചോദ്യംചെയ്യുന്നതിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാളിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടിസ് നൽകിയെങ്കിലും മുഖ്യമന്ത്രി ഹാജരായില്ല. ചോദ്യംചെയ്യലിന് ഹാജരാകാൻ കേജ‍്‍രിവാളിനോട് വീണ്ടും ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ചോദ്യംചെയ്യലിനു ശേഷം മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യാനുള്ള നീക്കം മുൻകൂട്ടിക്കണ്ടാണ് എഎപി അഭിപ്രായം തേടുന്നത്. 

അറസ്റ്റ് ചെയ്താലും മുഖ്യമന്ത്രി രാജിവയ്ക്കരുതെന്ന് എഎപി മന്ത്രിമാരുടെയും എംഎൽഎമാരുടെയും യോഗം അഭ്യർഥിച്ചിരുന്നു. കള്ളക്കേസ് ചുമത്തി മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന് ഗോപാൽ റായ് ആരോപിച്ചു. എഎപിയെ ഇല്ലാതാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. മദ്യനയ അഴിമതിക്കേസ് വിശദീകരിക്കാൻ നഗരത്തിലെ മുഴുവൻ വാർഡുകളിലും 21 മുതൽ 24വരെ ജൻസംവാദ് യോഗങ്ങൾ നടത്തുമെന്നും എഎപി നേതാവ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com