വോട്ടുറപ്പാക്കാൻ കേരളത്തിൽ നിന്നുള്ള നേതാക്കളുമെത്തുന്നു; പ്രചാരണത്തിൽ ഇനി താരത്തിളക്കം
Mail This Article
ന്യൂഡൽഹി ∙ ഡൽഹിയിലെ ലോക്സഭാ സ്ഥാനാർഥികളുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി കേരളത്തിൽ നിന്നു വിവിധ പാർട്ടികളുടെ നേതാക്കളെത്തുന്നു. കെപിസിസി അധ്യക്ഷൻ കെസുധാകരൻ, സുരേഷ് ഗോപി എന്നിവരാണ് താരപ്രചാരകരിൽ ചിലർ. മലയാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരിക്കും പ്രചാരണം. വീടുകൾ കയറിയുള്ള പ്രചാരണത്തിലും മണ്ഡലങ്ങളിലെ റോഡ് ഷോകളിലും പൊതുയോഗങ്ങളിലും നേതാക്കൾ പങ്കെടുക്കും.
ഇന്ത്യാസഖ്യത്തിനായി
കേരളത്തിൽ നിന്നുള്ള കക്ഷിനേതാക്കൾ 18 മുതൽ 22 വരെയാണ് പ്രചാരണം നടത്തുന്നത്. കെ.സുധാകരനു പുറമേ, എംപിമാരായ ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ജെബി മേത്തർ, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ എന്നിവരുമെത്തും. കെപിസിസി സംസ്ഥാന ഭാരവാഹികളും എംഎൽഎമാരും മുസ്‌ലിം ലീഗ്, കേരളാ കോൺഗ്രസ് നേതാക്കളും ഡൽഹിയിൽ പ്രചാരണത്തിനിറങ്ങും. കോൺഗ്രസ് നേതാക്കളായ ടി.സിദ്ദിഖ്, ഷാഫി പറമ്പിൽ എന്നിവർ റായ്ബറേലിയിൽ പ്രചാരണം നടത്തുന്നുണ്ട്. ഇവരും ഡൽഹിയിലേക്കെത്തും.
ബിജെപിക്കായി
∙ സുരേഷ് ഗോപിക്കു പുറമേ കുമ്മനം രാജശേഖരൻ, ജി.കൃഷ്ണകുമാർ, തുഷാർ വെള്ളാപ്പള്ളി, സന്ദീപ് വാരിയർ, സന്ദീപ് വചസ്പതി എന്നിവരാണ് ബിജെപി ഡൽഹി പ്രദേശ് കേരളാ സെല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത്. 18ന് വൈകിട്ട് 6ന് ഉത്തംനഗർ, രാത്രി 8.30ന് ആർകെ പുരം, 19ന് രാവിലെ 10ന് മയൂർവിഹാർ ഫേസ് 1, ഉച്ചയ്ക്ക് 12.30ന് മെഹ്റോളി, 19ന് വൈകിട്ട് 7ന് ദിൽഷാദ് ഗാർഡൻ എന്നിവിടങ്ങളിൽ നടക്കുന്ന പ്രചാരണ യോഗങ്ങളിലും കേരളത്തിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും.
കമൽജീത്ത് ഷെരാവത്തിനായി ബിജെപി തിരഞ്ഞെടുപ്പ് യോഗം
∙ വെസ്റ്റ് ഡൽഹി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കമൽജീത്ത് ഷെരാവത്തിന്റെ പ്രചാരണാർഥം 18ന് വൈകിട്ട് 6ന് ഉത്തംനഗറിലെ കൃഷൻ ഗാർഡൻ ഹാളിൽ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കൾ പങ്കെടുക്കും. കേരളാ സെൽ സംസ്ഥാന സഹകൺവീനർ സതി സുനിൽ അധ്യക്ഷത വഹിക്കും. ബിജെപി നജഫ്ഗഡ് ജില്ലാ പ്രസിഡന്റ് രമേഷ് സുകേന്ദ, ജെ.പി.ശർമ, അശോക് ശർമ, സരോത്തം ശർമ, സുമൻ ഝാ, വിനോദ് കുമാർ കല്ലേത്ത്, ആർ.ആർ.നായർ, ബിജോ കെ.വിജയൻ, ബിനീഷ് ഇടക്കരി എന്നിവർ പ്രസംഗിക്കും. പാഞ്ചജന്യം കലാഭാരതി അവതരിപ്പിക്കുന്ന നൃത്തശിൽപം അരങ്ങേറും. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് ഡോ.ചെറുതാഴം കുഞ്ഞിരാമൻ മാരാരെ യോഗത്തിൽ ആദരിക്കും. മാതൃദിനത്തോട് അനുബന്ധിച്ച് അമ്മമാരെയും നഴ്സസ് ദിനാഘോഷത്തിന്റെ ഭാഗമായി നഴ്സിങ് ഓഫിസർമാരെയും ആദരിക്കും. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും.
ഏകാധിപത്യം അവസാനിപ്പിക്കും: കേജ‍്‍രിവാൾ
ന്യൂഡൽഹി ∙ കേന്ദ്രത്തിൽ ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ‍്‍രിവാൾ. ഏകാധിപത്യം അവസാനിപ്പിക്കാനും ഭരണഘടനയെ സംരക്ഷിക്കാനും എഎപി–കോൺഗ്രസ് സഖ്യത്തിനു വോട്ടുചെയ്യണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. കോൺഗ്രസ് സ്ഥാനാർഥികളായ ജെ.പി.അഗർവാൾ (ചാന്ദ്നി ചൗക്ക്), ഉദിത് രാജ് (നോർത്ത് വെസ്റ്റ് ഡൽഹി) എന്നിവർക്കു വേണ്ടി നടത്തിയ റോഡ് ഷോയിലാണ് സഖ്യത്തെ വിജയിപ്പിക്കാൻ എഎപി ദേശീയ കൺവീനർ കൂടിയായ മുഖ്യമന്ത്രി അഭ്യർഥിച്ചത്. ജയിലിൽ പോകാൻ മടിയില്ലെന്നും ഭരണഘടനയുടെ സംരക്ഷണമാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിൽ തിരിച്ചെത്തില്ലെന്നും മോഡൽ ടൗണിലും ജഹാംഗീർപുരിയിലും നടത്തിയ റോഡ് ഷോയിൽ കേജ‍്‍രിവാൾ പ്രഖ്യാപിച്ചു.