മെട്രോയിലെ നിയമലംഘനങ്ങൾ: 3 മാസത്തിനിടെ പിഴ 1,647 പേർക്ക്
Mail This Article
ന്യൂഡൽഹി ∙ മെട്രോ ട്രെയിനിനുള്ളിൽ റീൽസ് ചിത്രീകരിച്ചതിന് ഉൾപ്പെടെ ഏപ്രിൽ മുതൽ ജൂൺ വരെ 1,647 പേർക്കു പിഴ ചുമത്തിയെന്നു ഡൽഹി മെട്രോ റെയിൽ കോർപറേഷൻ അറിയിച്ചു. റീൽസിന് പുറമേ കോച്ചുകളുടെ അകത്തിരുന്ന് ഭക്ഷണം കഴിച്ചതിനും നിലത്തിരുന്ന് യാത്ര ചെയ്തതിനും ഉൾപ്പെടെയാണ് 3 മാസത്തിനിടെ ഇത്രയേറെപ്പേർക്ക് പിഴ ചുമത്തിയത്. വിലക്കുണ്ടായിട്ടും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മെട്രോയിലെ റീൽസ് ചിത്രീകരണം വർധിച്ചെന്ന് ഡിഎംആർസി ഉദ്യോഗസ്ഥർ പറഞ്ഞു.
‘ട്രെയിനിനുള്ളിൽ വിഡിയോ ചിത്രീകരിക്കുകയോ ഫോട്ടോയെടുക്കുകയോ ചെയ്യരുതെന്ന് ഓരോ കോച്ചിലും എഴുതിവച്ചിട്ടുണ്ട്.ട്രെയിനുകൾക്കുള്ളിലോ സ്റ്റേഷനിലോ മറ്റു യാത്രക്കാർക്കു ശല്യമുണ്ടാക്കരുതെന്നും മുന്നറിയിപ്പു ബോർഡുണ്ട്. ട്രെയിനുകളിൽ അനൗൺസ്മെന്റുമുണ്ട്. ഇത് ലംഘിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്തും’– ഡിഎംആർസി മാനേജിങ് ഡയറക്ടർ വികാസ് കുമാർ പറഞ്ഞു. പ്രതിദിനം ശരാശരി 67 ലക്ഷം പേരാണ് മെട്രോയിൽ വിവിധ റൂട്ടുകളിൽ യാത്ര ചെയ്യുന്നത്. ഇത്രയധികം പേരെ നിരീക്ഷിക്കാനുള്ള ജീവനക്കാർ ഡിഎംആർസിക്കില്ല. നിരീക്ഷണത്തിന് ഇപ്പോൾ സിസിടിവി ക്യാമറകളാണ് ആശ്രയം.
റീൽസ് ചിത്രീകരിക്കുന്നവരെ കണ്ടെത്തി പിഴ ചുമത്താൻ മൊബൈൽ സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഡിഎംആർസി ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ വർഷം മെട്രോയ്ക്കുള്ളിൽ പരസ്പരം നിറങ്ങൾ വാരിപ്പൂശി ഹോളി ആഘോഷിച്ച യുവതികളുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡിഎംആർസി പൊലീസിൽ പരാതി നൽകി.