ADVERTISEMENT

ന്യൂഡൽഹി∙ ‘എന്ത് കണ്ടിട്ടാണ് നിങ്ങൾ ഇത്ര കഷ്ടപ്പെട്ടു പഠിക്കാൻ ഡൽഹിയിലേക്കു വരുന്നത്? പരസ്യത്തിൽ കാണുന്ന അധ്യാപകരാരും ഇവിടെ പഠിപ്പിക്കുന്നില്ല. ജയിൽ മുറികൾ പോലെയുള്ള ഹോസ്റ്റൽ മുറികൾ. കാറ്റും വെളിച്ചവും കടക്കാത്ത ക്ലാസ്മുറികൾ.  കൊടുക്കുന്ന ലക്ഷങ്ങളുടെ പത്തിലൊരു ശതമാനം പോലും സൗകര്യങ്ങളില്ല. ഈ കുടുസു മുറികളിലേക്ക് വരുന്നതിനെക്കാൾ നല്ലത് വീട്ടിലിരുന്ന പഠിക്കുന്നതാണ്’.– രജീന്ദർ നഗറിലെ അപകടത്തിൽ വിദ്യാർഥികൾ മരിച്ചതിനു പിന്നാലെ നിക്കി എന്ന ഹാൻഡിൽ നെയിം എക്സിൽ പോസ്റ്റ് ചെയ്തതാണിത്. മുഖർജി നഗറിലെ കോച്ചിങ് സെന്ററിനു തീപിടിച്ച് 61 വിദ്യാർഥികൾക്കു പൊള്ളലേറ്റതിന് പിന്നാലെ ഡൽഹിയിൽ പ്രവർത്തിക്കുന്ന പരീക്ഷാ പരിശീലന കേന്ദ്രങ്ങളിൽ പരിശോധന നടത്തി നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതാണ്. 2023ൽ ജൂണിലുണ്ടായ സംഭവത്തിൽ ഒട്ടേറെ കേസുകൾ പരിഗണിച്ചപ്പോഴാണ് കഴിഞ്ഞ ഏപ്രിലിൽ കോടതി നടപടിക്കു നിർദേശിച്ചത്.

ഡൽഹിയിൽ എത്ര സ്വകാര്യ കോച്ചിങ് സെന്ററുകളുണ്ടെന്നും അവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും റിപ്പോർട്ട് നൽകണമെന്നാണ് ജസ്റ്റിസ് യശ്വന്ത് വർമ അധ്യക്ഷനായ ബെഞ്ച് എംസിഡിക്കും ഡിഡിഎയ്ക്കും നിർദേശം നൽകിയത്. കോടതിക്കു നൽകിയ റിപ്പോർട്ട് 6 കോച്ചിങ് സെന്ററുകൾ സീൽ ചെയ്തെന്നും 21 എണ്ണം സ്വമേധയാ അടച്ചുപൂട്ടിയെന്നും 20 എണ്ണത്തിന് നോട്ടിസ് നൽകിയിട്ടുണ്ടെന്നുമാണ് എംസിഡി വിശദീകരിച്ചത്. എന്നാൽ, അടച്ചുപൂട്ടിയവയ്ക്കു പുറമേ മുഖർജി നഗറിലും പരിസരപ്രദേശങ്ങളിലും പുതിയ കോച്ചിങ് സെന്ററുകൾ പ്രവർത്തനം ആരംഭിച്ചെന്ന് അമിക്കസ് ക്യൂറി ഗൗതം നാരായൺ പറഞ്ഞു.

തുടർന്നാണ് പുതിയ റിപ്പോർട്ട് നൽകാൻ എംസിഡിക്കു കോടതി നിർദേശം നൽകിയത്. ഡൽഹിയിലെ കോച്ചിങ് സെന്ററുകളുടെ പ്രവർത്തനവും സുരക്ഷയും പരിശോധിക്കാൻ കോടതി അമിക്കസ് ക്യൂറിയുടെ അധ്യക്ഷതയിൽ സ്വതന്ത്ര സമിതിയെയും നിയോഗിച്ചു. മേയിലാണ് അഗ്നിസുരക്ഷാ ചട്ടങ്ങൾ പാലിക്കാത്ത കോച്ചിങ് സെന്ററുകൾ അടച്ചുപൂട്ടാൻ ഹൈക്കോടതി എംസിഡിയോട് നിർദേശിച്ചത്. നേരത്തെ നിർദേശിച്ചതനുസരിച്ച് അനധികൃതമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററുകൾക്കെതിരെ നടപടിയെടുക്കാത്തതിൽ എംസിഡിയെ ജസ്റ്റിസ് യശ്വന്ത് വർമ അധ്യക്ഷനായ ബെഞ്ച് വിമർശിക്കുകയും ചെയ്തു.

 അപകടമുണ്ടായ രജീന്ദർ നഗറിലും കോച്ചിങ് സെന്ററുകളുടെ കേന്ദ്രമായ മുഖർജി നഗറിലും പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററുകളിലേറെയും ജനവാസ കേന്ദ്രങ്ങളുടെ നടുവിലാണ്. 3, 4 നിലയുള്ള കെട്ടിടങ്ങളിൽ ഇടുങ്ങിയ ഗോവണികളും ക്ലാസുമുറികളുമായാണ് ഇവ പ്രവർത്തിക്കുന്നത്.  20 വിദ്യാർഥികളിൽ കൂടുതലുള്ള കോച്ചിങ് സെന്ററുകൾ ജനവാസ കേന്ദ്രങ്ങളിൽ നിന്നു മാറ്റണമെന്ന ഹൈക്കോടതി നിർദേശം ഇനിയും നടപ്പാക്കിയിട്ടില്ല. ‍

ഡിഡിഎയുടെ 2016ലെ യൂണിഫൈഡ് ബിൽഡിങ് ബൈലോ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്ക് പ്രത്യേക അഗ്നിസുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ്. എന്നാൽ, നിലവിൽ ഇവിടെയുള്ള നൂറിലേറെ കോച്ചിങ് സെന്ററുകൾ ഒരു സുരക്ഷാ സംവിധാനവുമില്ലാതെയാണ് പ്രവർത്തിക്കുന്നത്.  ഡിഡിഎയുടെ 2020 വിജ്ഞാപനമനുസരിച്ച് കോച്ചിങ് സെന്ററുകളെ വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കോച്ചിങ് സെന്ററുകളിൽ മറ്റു റെഗുലർ കോഴ്സുകളില്ലെന്നും പരിശീലനം മാത്രമേ നൽകുന്നുവെന്നും അതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്താനാകില്ലെന്നുമാണ് ഉടമകളുടെ വാദം.

വില നൽകേണ്ടത് സാധാരണക്കാർ: അപലപിച്ച് നേതാക്കൾ
ന്യൂഡൽഹി∙ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ദുഃഖം രേഖപ്പെടുത്തി.   സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾക്കും മോശം നഗരാസൂത്രണത്തിനും സ്ഥാപനങ്ങളുടെ നിരുത്തരവാദിത്തത്തിനും സാധാരണക്കാരാണു വില നൽകേണ്ടി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ആവശ്യപ്പെട്ടു. മനുഷ്യനിർമിത ദുരന്തമെന്നാണ് അപകടത്തെ പവൻ ഖേര വിശേഷിപ്പിച്ചത്. 

വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികൾ ഡൽഹിയിലെത്തുന്നത്. ചട്ടം ലംഘിച്ചു നിർമിച്ച കെട്ടിടങ്ങൾക്കെതിരെ എംസിഡി ഒരു നടപടിയുമെടുക്കുന്നില്ല. ഓടകൾ വൃത്തിയാക്കുന്നില്ല. കഴിഞ്ഞയാഴ്ച ഒരു വിദ്യാർഥി ഷോക്കേറ്റു മരിച്ചു. എന്നിട്ടും നടപടിയെടുക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് കുറ്റപ്പെടുത്തി. ഭാവി കെട്ടിപ്പടുക്കുന്നതിനായി ഡൽഹിയിലേക്കു വരുന്ന വിദ്യാർഥികൾ അഴിമതിയുടെ ഇരകളായി മാറുകയാണെന്നാണു ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞത്.

ഉടമയ്ക്കെതിരെ കേസെടുത്തത് മനഃപൂർവമല്ലാത്ത  നരഹത്യയ്ക്ക് 
ന്യൂഡൽഹി∙ രജീന്ദർ നഗറിലെ അപകടത്തിൽ റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ ഉടമയ്ക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് റജിസ്റ്റർ ചെയ്തെന്ന് ഡിസിപി എം. ഹർഷവർധൻ പറഞ്ഞു. അന്വേഷണത്തിന് പല സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ബേസ്മെന്റ് ഉൾപ്പെടെയുള്ളവയെക്കുറിച്ചു വിശദ വിവരങ്ങൾ നൽകാൻ ഫയർ സർവീസിനോട് ആവശ്യപ്പെട്ടു. അപകടത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ പരിസരത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും ‍‍ഡിസിപി പറഞ്ഞു.

 അപകടസമയത്ത് കോച്ചിങ് സെന്റർ ഉടമ അഭിഷേക് ഗുപ്ത സ്ഥലത്തുണ്ടായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ധർമേന്ദർ കുമാർ ശർമ പറഞ്ഞു. അപകടവിവരമറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത് രജീന്ദർ നഗർ സ്റ്റേഷനിലെ എഎസ്ഐ ബീരേന്ദറാണ്. ബേസ്മെന്റിന് മുകളിൽ പാർക്കിങ് സ്ഥലത്ത് 3 അടിയോളം വെള്ളം നിറഞ്ഞു കിടക്കുന്നത് കണ്ടാണ് ഫയർ സർവീസിലും ദേശീയ ദുരന്ത നിവാരണ സേനയെയും വിവരമറിയിച്ചതെന്നും പൊലീസ് പറഞ്ഞു.

പമ്പ് ചെയ്ത വെള്ളം വീണ്ടും  തിരിച്ചെത്തി; വൈകി രക്ഷാപ്രവർത്തനം
രജീന്ദർ നഗർ∙ കോച്ചിങ് സെന്ററിന്റെ ബേസ്മെന്റിൽ നിന്നു പുറത്തേക്ക് വെള്ളം പമ്പ് ചെയ്തിട്ടും ഒഴുകിപ്പോകാതെ തിരിച്ചെത്തിയതാണ് രക്ഷാപ്രവർത്തനം വൈകാനിടയാക്കിയതെന്നു ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പറഞ്ഞു. മഴവെള്ളം റോഡിൽ നിന്ന് പൂർണമായും ഒഴുകിപ്പോയതിന് ശേഷം മാത്രമാണ് മൃതദേഹങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞത്. റീഡിങ് റൂം പ്രവർത്തിച്ചിരുന്ന ലൈബ്രറി പൂർണമായും വെള്ളത്തിനടിയിലായിരുന്നു. മേശയും കസേരകളും മറ്റുപകരണങ്ങളും ഒഴുകി നടക്കുന്നു. വെളിച്ചക്കുറവും രക്ഷാപ്രവർത്തനത്തിനു തടസ്സമായി. ചെളിവെള്ളമായിരുന്നതിനാൽ അടിയിലുള്ളവരെ കണ്ടെത്തുന്നത് എൻഡിആർഎഫ് ഡൈവർമാർക്ക് വെല്ലുവിളിയായെന്നും ഗാർഗ് പറഞ്ഞു.

മൃതദേഹം കാണാൻ അനുവദിച്ചില്ല; പ്രതിഷേധിച്ച് വിദ്യാർഥികൾ
ന്യൂഡൽഹി∙ ഓൾഡ് രജീന്ദർ നഗറിലെ അപകടത്തിൽ മരിച്ച ശ്രേയ യാദവിന്റെ അമ്മാവൻ ധർമേന്ദർ യാദവ് വാർത്താ ചാനലുകളിൽ നിന്നാണു വിവരമറിഞ്ഞത്.  ശ്രേയയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. കോച്ചിങ് സെന്ററിലെ നമ്പറിൽ വിളിച്ചിട്ടും ആരുമെടുത്തില്ല. ഉടൻ ഗാസിയാബാദിൽ നിന്നു ഡൽഹിയിലേക്കു തിരിച്ചു. രജീന്ദർ നഗറിൽ ശ്രേയ താമസിച്ചിരുന്ന മുറിയിലെത്തിയപ്പോൾ പുറത്തു നിന്നു പൂട്ടിയിരിക്കുന്നതാണ് കണ്ടത്. പിന്നീട് കോച്ചിങ് സെന്ററിലെത്തി. ഡിസിപിയെ കണ്ടു വിവരം പറഞ്ഞപ്പോൾ ആർഎംഎൽ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞത്. ആശുപത്രിയിലെത്തിയപ്പോൾ മരുമകൾ മരിച്ചെന്ന വിവരമറിഞ്ഞു. ഏറെ നേരം കാത്തിരുന്നിട്ടും മൃതദേഹം ഒരുനോക്കു കാണാൻ അനുവദിച്ചില്ല–ധർമേന്ദർ പറഞ്ഞു. 11 ആയപ്പോൾ യുപിയിൽ നിന്ന് ശ്രേയയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളുമെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം 2ന് മൃതദേഹം ഏറ്റുവാങ്ങി മടങ്ങി.  മരിച്ച മറ്റുകുട്ടികളുടെ മൃതദേഹം കാണിക്കുന്നില്ലെന്നാരോപിച്ച് വിദ്യാർഥികളും ബന്ധുക്കളും പ്രതിഷേധമുയർത്തി.

പൂർണമായും സഹകരിക്കും: റാവൂസ് 
ന്യൂ‍ഡൽഹി∙ വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ചുള്ള അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കുമെന്ന് റാവൂസ് ഐഎഎസ് സ്റ്റഡി സർക്കിൾ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെ സേവിക്കേണ്ടിയിരുന്ന കുട്ടികളുടെ മരണത്തിൽ അതിയായ ദുഃഖമുണ്ട്. അവരുടെ കുടുംബത്തിനുണ്ടായ നഷ്ടത്തിന്റെ ആഴം മനസ്സിലാക്കുന്നു. അപകടവുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കും. ആവശ്യപ്പെടുന്ന എല്ലാ രേഖകളും നൽകും. മരിച്ച കുട്ടികളുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകും. അവർ ഉയർത്തുന്ന ഏത് ആശങ്കകൾക്കും മറുപടി നൽകാനും തയാറാണെന്നും പ്രസ്താവനയിൽ പറയുന്നു.

ബേസ്മെന്റുകളിലെ കോച്ചിങ് സെന്ററുകൾക്ക് എതിരെ നടപടി 
ന്യൂഡൽഹി∙ ഓൾഡ് രജീന്ദർ നഗറിലെ അപകടത്തിനു പിന്നാലെ കെട്ടിടങ്ങളുടെ ബേസ്മെന്റുകളിൽ പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് മേയർ ഷെല്ലി ഒബ്റോയ് പറഞ്ഞു. ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ പരിധിയിൽ ചട്ടങ്ങൾ ലംഘിച്ചു പ്രവർത്തിക്കുന്ന എല്ലാ കോച്ചിങ് സെന്ററുകൾക്കെതിരെയും നടപടിയെടുക്കാൻ എംസിഡി കമ്മിഷണർക്കു നിർദേശം നൽകി.  കെട്ടിടങ്ങൾക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥർ കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ഒബ്റോയ് പറഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന് എംസിഡി അറിയിച്ചു. 

അടിയന്തര റിപ്പോർട്ട് തേടി ലഫ്. ഗവർണർ
ന്യൂഡൽഹി∙ രജീന്ദർ നഗറിലെ അപകടത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകാൻ ഡിവിഷനൽ കമ്മിഷണറോട് ലഫ്. ഗവർണർ വി.കെ. സക്സേന ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനം ഏറ്റവും ദൗർഭാഗ്യം നിറഞ്ഞതും സ്വീകാര്യമല്ലാത്തതുമായ ഇടമായിത്തീർന്നിരിക്കുന്നു. ഇത്തരം അപകടങ്ങൾ അധികൃതരുടെ കുറ്റകരമായ അനാസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജനവാസ കേന്ദ്രങ്ങളിലെ ഓടകളും മറ്റും വൃത്തിയാക്കുന്നില്ല. കഴിഞ്ഞ ഒരു ദശകമായി ഡൽഹിയിലെ ഭരണസംവിധാനം തന്നെ പ്രവർത്തിക്കുന്നില്ലെന്നും ലഫ്. ഗവർണർ കുറ്റപ്പെടുത്തി.

പ്രതിഷേധം ശക്തമാക്കി വിദ്യാർഥികൾ: വാങ്ങുന്നത് ഉയർന്ന ഫീസ്; സുരക്ഷ പേരിനുപോലുമില്ല 
രജീന്ദർ നഗർ∙ മലയാളി ഉൾപ്പെടെ 3 വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ റാവൂസ് കോച്ചിങ് സെന്ററിലെ അപകടത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥികൾ പ്രതിഷേധിച്ചു.  രാത്രി ഒന്നിന് നവിന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം ഇന്നലെ വൈകുന്നേരവും തുടർന്നു. എംസിഡി അധികൃതർ സ്ഥലത്തെത്തണമെന്നും അപകടത്തിന് കാരണക്കാരായ എല്ലാവരെയും അറസ്റ്റ് ചെയ്യണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ഉപരോധത്തെത്തുടർന്ന് കരോൾബാഗ് ഭാഗത്തു വാഹനങ്ങൾ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.

 അതിനിടെ വിദ്യാർഥികളെ സാന്ത്വനിപ്പിക്കാൻ അഡീഷനൽ ഡിസിപി സച്ചിൻ ശർമ രംഗത്തെത്തി. ‘നിങ്ങളുടെ വികാരം മനസ്സിലാക്കുന്നു. ഒരുകാലത്ത് ഞാനും നിങ്ങളെപ്പോലെ ഇവിടെ പഠിച്ചതാണ്. ഇതേ ദുരനുഭവങ്ങളിലൂടെ അന്നും കടന്നു പോയിട്ടുണ്ട്. യൂണിഫോം ധരിച്ചതോടെ അതെല്ലാം മറന്നെന്നു കരുതേണ്ട. കുറ്റക്കാർക്കെതിരെ കർശനനടപടിയെടുക്കും’–സച്ചിൻ ശർമ പറഞ്ഞു. അപകടമുണ്ടായ കെട്ടിടത്തിലേക്ക് ഇനി തിരിച്ചു പോകാൻ ഭയമാണെന്ന് ഇവിടെ പഠിക്കുന്ന കുട്ടികൾ പറഞ്ഞു. മഴയത്ത് റോഡിൽ തന്നെ അരയ്ക്കൊപ്പം വെള്ളമുണ്ടായിരുന്നെന്ന് നരേഷ് യാദവ് എന്ന വിദ്യാർഥി പറഞ്ഞു.

  മഴയത്ത് റോഡിലൂടെ വാഹനങ്ങൾ വേഗത്തിൽ നീങ്ങിയതോടെ വെള്ളം ബേസ്മെന്റിലേക്ക് ശക്തിയായി ഒഴുകിയെത്തി. മിനിറ്റുകൾക്കുള്ളിൽ അകത്തു വെള്ളം നിറഞ്ഞെന്ന് ഇവിടെ പഠിക്കുന്ന രാഹുൽ പവാർ പറഞ്ഞു.കോച്ചിങ് സെന്ററുകൾ ഒരു വർഷത്തേക്ക് 2 ലക്ഷം രൂപവരെയാണു ഫീസ് വാങ്ങുന്നത്. ക്ലാസ്മുറികൾക്കോ പഠിക്കുന്ന കെട്ടിടങ്ങൾക്കോ സുരക്ഷയുമില്ല– തൊട്ടടുത്ത കോച്ചിങ് സെന്ററായ വിഷൻ ഐഎഎസിൽ പഠിക്കുന്ന ശശാങ്ക് ശർമ പറഞ്ഞു.

ആവർത്തിച്ച് അപകടങ്ങൾ 
∙ ജൂൺ 22- സൗത്ത് പട്ടേൽ നഗർ ബ്ലോക്ക് 8ൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നടത്തിയിരുന്ന നിലേഷ് റായ്(26) വെള്ളക്കെട്ടിൽ നിന്ന ഇരുമ്പ് ഗേറ്റിൽ നിന്ന് ഷോക്കേറ്റു മരിച്ചു.

∙ 2023 ജൂൺ 15 – നോർത്ത് വെസ്റ്റ് ഡൽഹിയിലെ മുഖർജി നഗറിലെ കോച്ചിങ് സെന്ററിൽ തീപിടിത്തുമുണ്ടായി 61 വിദ്യാർഥികൾക്കു ഗുരുതരമായി പൊള്ളലേറ്റു.

∙ 2020 ജനുവരി – നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഭജൻപുരയിൽ കോച്ചിങ് സെന്ററിന്റെ മേൽക്കൂര തകർന്നുവീണ് 4 വിദ്യാർഥികൾ ഉൾപ്പെടെ 5 പേർ മരിച്ചു. 13 വിദ്യാർഥികൾക്കു ഗുരുതര പരുക്കേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com