ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിലെ വായുനിലവാരം 2 ദിവസത്തിനകം അപകടകരമായ നിലയിലേക്കു മാറുമെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീയറോളജി മുന്നറിയിപ്പ്.  17ന് ശേഷം ശൈത്യം ആരംഭിക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. അതോടെ പുകമഞ്ഞും രൂക്ഷമാകും. 

റോഡിലെ പൊടിയും വില്ലൻ  
ഡൽഹി– എൻസിആർ മേഖലയിൽ, അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്ന പ്രധാന വില്ലന്മാരായ പിഎം 10, പിഎം 2.5 (പാർട്ടികുലേറ്റ് മാറ്റർ) ഘടകങ്ങളുണ്ടാകുന്നത് റോഡിലെ പൊടിയിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടി ഐഐടി കാൻപുരും ടെറിയും തയാറാക്കിയ റിപ്പോർട്ട് കമ്മിറ്റി ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് വരുംദിവസങ്ങളിൽ ചർച്ച ചെയ്യും. മലിനീകരണത്തിന്റെ അടിസ്ഥാനകാരണം കണ്ടെത്താനും തടയാനും എന്തു നടപടിയെടുത്തു എന്ന് ചോദിച്ച് സുപ്രീം കോടതി ശാസിച്ചതിനു പിന്നാലെയാണു നടപടി. ഡൽഹി– എൻസിആർ മേഖലയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ സ്രോതസ്സുകളിൽ ഇപ്പോൾ വ്യത്യാസമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 ക‍ൃഷിയിടങ്ങളിൽ തീയിടുന്നതിനു പുറമേ, റോഡിലെ പൊടിയിൽ നിന്നും വാഹനങ്ങളിൽ നിന്നുമാണ് അന്തരീക്ഷ മലിനീകരണം പ്രധാനമായുമുണ്ടാകുന്നത്. പിഎം 10, പിഎം 2.5 ഘടകങ്ങളുണ്ടാകുന്നത് പൊടിയിൽ നിന്നും വാഹനങ്ങൾ പുറംതള്ളുന്ന പുകയിൽ നിന്നുമാണ്. എൻസിആർ മേഖലയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ പ്രധാനകാരണം വ്യവസായ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്ന പുകയാണ്. എൻസിആർ മേഖലയിൽ, കാർഷിക മാലിന്യം കത്തിക്കുന്നതുകൊണ്ട് പിഎം 10, പിഎം 2.5 ഘ‌ടകങ്ങൾ 7-10% വരെയേ ഉണ്ടാകുന്നുള്ളൂവെന്നും റിപ്പോർട്ടിലുണ്ട്. റോഡുകളിലെ പൊടിയിൽ നിന്ന് 56% പിഎം 10 ഘടകവും 38% പിഎം 2.5 ഘടകങ്ങളും ഉണ്ടാകുന്നുവെന്നാണ് ഐഐടി കാൻപുരിന്റെ 2013ലെ റിപ്പോർട്ടിൽ പറയുന്നത്. വാഹനങ്ങളിൽ നിന്നു പുറന്തള്ളുന്ന പുകയിൽ നിന്ന് 10% പിഎം 10, 20% പിഎം 2.5 ഘടകങ്ങളുമുണ്ടാകുന്നു. അതിനു പുറമേ ഡൽഹിയിൽ ഇപ്പോഴത്തെ കെട്ടിടനിർമാണ സൈറ്റുകളിൽ നിന്നുള്ള പൊടിയും പുകപടലങ്ങളും 15% പിഎം ഘടങ്ങkൾ അന്തരീക്ഷത്തിലുണ്ടാക്കുന്നു.

കൽക്കരി ഉപയോഗിച്ചുള്ള പവർ പ്ലാന്റുകൾ, ഡീസൽ ജനറേറ്ററുകൾ, വീടുകളിൽ നിന്നുള്ള പുക തുടങ്ങിയവ മലിനീകരണത്തിന്റെ ആക്കം കൂട്ടുന്നു. ഇരുചക്രവാഹനങ്ങൾ (31%), ഓട്ടോറിക്ഷകൾ (28%), ട്രക്ക് (18%), ബസ് (7%) എന്നിങ്ങനെയാണ് അന്തരീക്ഷത്തിലേക്കു വാഹനങ്ങൾ തള്ളുന്ന പിഎം ഘടകങ്ങളുടെ കണക്ക്. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ വ്യവസായശാലകളിൽ നിന്നും മെറ്റൽ ക്രഷുകളിൽ നിന്നും ഡൽഹിയുടെ അന്തരീക്ഷത്തിലേക്ക് അപകടകരമായ മാലിന്യഘടകങ്ങളെത്തുന്നുണ്ട്. പാടങ്ങളിൽ തീയിടുന്നത് തടയാൻ കമ്മിറ്റി ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഫ്ലയിങ് സ്ക്വാഡും രൂപീകരിച്ചു.

നിർദേശം അറിയിക്കാം, വായനക്കാർക്കും
∙ ഡൽഹി-എൻസിആറിലെ അന്തരീക്ഷ മലിനീകരണം പരിഹരിക്കാനുള്ള മാർഗനിർദേശങ്ങൾ വായനക്കാർക്കും പങ്കുവയ്ക്കാം. 100 വാക്കിൽ കവിയാത്ത നിർദേശങ്ങൾ delhioffice@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് 4 വരെ (വെള്ളിയാഴ്ച) അയയ്ക്കാം. റഫി മാർഗിലെ ഐഎൻഎസ് ബിൽഡിങ്ങിലുള്ള മലയാള മനോരമ ഓഫിസിൽ നേരിട്ടെത്തിയും നൽകാം. 

വിദഗ്ധർ തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നിർദേശത്തിന് ആകർഷകമായ സമ്മാനം നൽകും. മികച്ച നിർദേശങ്ങൾ പത്രത്തിൽ പ്രസിദ്ധീകരിക്കും. വായനക്കാരുടെ നിർദേശങ്ങൾ സമാഹരിച്ച് പരിസ്ഥിതി മന്ത്രി ഗോപാൽ റായിക്ക് കൈമാറും.

English Summary:

A new report warns of a drastic decline in Delhi's air quality, highlighting road dust as the primary source of PM 2.5 and PM 10 pollution. Vehicular emissions and industrial activity also contribute significantly. The article urges readers to propose solutions to combat the worsening air pollution in Delhi-NCR.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com