ADVERTISEMENT

ഒരുവശത്ത് മൃഗാവകാശ സംരക്ഷകരുടെ എതിർപ്പ്, മറുവശത്ത് വഴിപാട് നൽകിയ ഭക്തന്റെ പ്രാർഥന. ഇതിനെല്ലാമിടയിൽ അസമിലെ ജോർഹാട്ടിൽ നിന്നു ഡൽഹിയിലേക്കു പുറപ്പെടാനൊരുങ്ങുകയാണ് രഞ്ജിത. അസം സ്വദേശി സിബംനാഥ് ദോലെ ഗ്രേറ്റർ കൈലാഷിലെ മാ ബഗളാമുഖി ക്ഷേത്രത്തിലേക്കു വഴിപാടായി നൽകിയ പിടിയാനയാണ് രഞ്ജിത. പക്ഷേ, തലസ്ഥാനത്തേക്കു കടക്കാൻ കടമ്പകളേറെ. അതിനിടെ ഡ‍ൽഹിയിലെ നഗരാന്തരീക്ഷം നാട്ടാനകൾക്കു പറ്റിയതല്ലെന്നു ചൂണ്ടിക്കാട്ടി അസമിലെയും ഡൽഹിയിലെയും വനംവകുപ്പിനു ആനപ്രേമികൾ പരാതി നൽകി. ഫെഡ‍റേഷൻ ഓഫ് ഇന്ത്യൻ അനിമൽ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻസിന്റെ(എഫ്ഐഎപിഒ) നേതൃത്വത്തിലാണ് വിവിധ സംഘടനകൾ ആനയുടെ ഡൽഹി വരവിനെ എതിർക്കുന്നത്. എഫ്ഐഎപിഒ ഹൈക്കോടതിയിൽ ഹർജിയും നൽകി.

‘നാട്ടാനകൾക്കു കഴിഞ്ഞുകൂടാൻ പറ്റുന്ന കാലാവസ്ഥയും അന്തരീക്ഷവുമല്ല ഡൽഹിയിലുള്ളത്. നഗരത്തിലെ തിരക്കും അന്തരീക്ഷ മലിനീകരണവും ആനയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഒറ്റപ്പെട്ട താമസം ആനയുടെ മാനസികനിലയെയും ബാധിക്കും. ആനയെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല’– എഫ്ഐഎപിഒ സിഇഒ ഭാരതി രാമചന്ദ്രൻ പറഞ്ഞു. എന്നാൽ, ആനയെ എത്തിക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായെന്ന് ക്ഷേത്രം അധികൃതർ പറയുന്നു.

മൃഗങ്ങളെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുകയെന്നത് തങ്ങളുടെ ആചാരങ്ങളുടെ ഭാഗമാണ്. ഡൽഹിയിലെത്തിക്കഴി‍ഞ്ഞാൽ രഞ്ജിത സൈനിക് ഫാമിനോട് ചേർന്നുള്ള ഒന്നരയേക്കർ സ്ഥലത്ത് ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റുമൃഗങ്ങൾക്കൊപ്പം സുഖമായി കഴിയുമെന്നും അറിയിച്ചു. ബഗളാമുഖി ക്ഷേത്രത്തിനു സ്വന്തമായി 28 കുതിരകളും 300 പൂച്ചകളും 200 നായ്ക്കളും ഒരു ഒട്ടകവുമുണ്ട്. ഇവയെ സൈനിക് ഫാമിനു സമീപത്താണു പാർപ്പിച്ചിരിക്കുന്നത്. ഗുരുജി സ്ഥിരമായി ഇവിടെ സന്ദർശിക്കാറുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.

 രഞ്ജിതയെ ഡൽഹിയിലേക്കു മാറ്റാൻ കഴിഞ്ഞ ഏപ്രിലിലാണ് ക്ഷേത്രം അധികൃതർ അസം വനംവകുപ്പിന് അപേക്ഷ നൽകിയത്. ജൂലൈയിൽ വിഷയം ഡൽഹി വനംവകുപ്പിനു മുന്നിലെത്തി. ആനയെ ‍കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്ന് ഡൽഹി വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ര‍ഞ്ജിതയെ പാർപ്പിക്കാനുള്ള സ്ഥലം സന്ദർശിച്ച് സൗത്ത് ഡൽഹി ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ വിലയിരുത്തുകയും ചെയ്തു. നാട്ടാന പരിപാലനം സംബന്ധിച്ച വിഷയങ്ങൾ പരിശോധിക്കുന്ന റിട്ട. ജസ്റ്റിസ് ദീപക് വർമയുടെ അധ്യക്ഷതയിൽ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും വിഷയം പരിശോധിക്കുന്നുണ്ട്.

നാട്ടാനകളെ മറ്റു സംസ്ഥാനങ്ങളിലേക്കു മാറ്റുന്നതിന് 2024ലെ നാട്ടാന പരിപാലന നിയമത്തിൽ കർശന വ്യവസ്ഥകളുണ്ടെന്നാണ് എതിർപ്പുന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഉടമസ്ഥന് ആനയെ പരിപാലിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ മാത്രമേ മെച്ചപ്പെട്ട സംരക്ഷണം ലഭിക്കുന്ന മറ്റൊരു സംസ്ഥാനത്തേക്കു മാറ്റാൻ കഴിയൂ. രഞ്ജിതയുടെ കാര്യത്തിൽ ഇങ്ങനെയൊരു സാഹചര്യമില്ലെന്നാണ് ഡൽഹിയിലേക്കു കൊണ്ടുവരുന്നതിനെ എതിർക്കുന്നവർ പറയുന്നത്.

‘ഡൽഹി ആനകൾക്കു കഴിയാൻ പറ്റിയ സ്ഥലമേയല്ല. ശാരീരികമായും മാനസികമായും അവയ്ക്ക് ഡൽഹിയുമായി ഇണങ്ങിച്ചേരാൻ കഴിയില്ല. നാട്ടാനകളുടെ സംരക്ഷണത്തിനായി സുപ്രീംകോടതി തന്നെ മുന്നോട്ടുവച്ച നിർദേശങ്ങളിലും ഇതു വ്യക്തമാക്കുന്നുണ്ട്’–സെന്റർ ഫോർ റിസേർച്ച് ഓൺ ആനിമൽ റൈറ്റ്സ് സ്ഥാപകൻ അലോക് ഹിസാർവാല ഗുപ്ത പറഞ്ഞു. 2018ൽ ഹൈക്കോടതി നിർദേശപ്രകാരം ഡൽഹിയിലെ ഏഴ് നാട്ടാനകളിൽ ആറെണ്ണത്തെയും പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിയിരുന്നു. 2019ൽ ഡാബർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഏഴാമത്തെ ആനയെ ദേരാ മണ്ഡിയിലെ ഫാം ഹൗസിൽ തന്നെ കഴിയാൻ കോടതി അനുവദിച്ചു.

മാ ബഗളാമുഖി  ക്ഷേത്രം
ഗ്രേറ്റർ കൈലാഷിൽ നാലുനിലക്കെട്ടിടത്തിന്റെ മുകൾ നിലയിലാണ് മാ ബഗളാമുഖി ക്ഷേത്രം. ഗുരുജി എന്നു വിളിക്കുന്ന ശിവ്കുമാർ റായിയാണ് പ്രധാന നടത്തിപ്പുകാരൻ. 2018ൽ ബിജെപി, ആം ആദ്മി പാർട്ടി നേതാക്കളെ ഒരുമിച്ചിരുത്തി ചെങ്കോട്ടയ്ക്കു സമീപം രാജ്യസുരക്ഷയ്ക്കായി ഒരാഴ്ച നീണ്ടുനിന്ന ‘രാഷ്ട്ര രക്ഷാ മഹായാഗം’ നട‌ത്തിയതോടെയാണ് ഇവർ വാർത്തകളിലിടം പിടിച്ചത്.   കേന്ദ്രമന്ത്രിമാരായ രാജ്നാഷ് സിങ്, നിതിൻ ഗഡ്കരി, ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ യാഗത്തിൽ പങ്കെടുത്തിരുന്നു.

English Summary:

A devotee's offering of an elephant to a Delhi temple sparks controversy as animal rights activists raise concerns about the animal's well-being in the city. The debate highlights the complexities of captive elephant management and raises questions about suitable environments for these majestic creatures.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com