ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയതയുടെയും അതിജീവനത്തിന്റെയും ആഘോഷമാണ് ഇന്ത്യ ഇന്റർനാഷനൽ സെന്ററിലെ (ഐഐസി) വാർഷിക കലാ ആഘോഷം. ‘കൽപവൃക്ഷ’ എന്നു പേരിട്ടിരിക്കുന്ന ഈ വർഷത്തെ ആഘോഷത്തിലെ പ്രദർശനങ്ങളും പ്രഭാഷണങ്ങളും കലാവിരുന്നുകളുമെല്ലാം ഇതുമായി ഇഴചേർന്നു നിൽക്കുന്നു. 

‘ഖാദി: എ ഫാബ്രിക് ഫോർ ഫ്രീഡം’ എന്ന പ്രദർശനമാണു ആകർഷണങ്ങളിലൊന്ന്. ഖാദിയുടെ കഥ ഇവിടെ വായിക്കാം. ഡൽഹിയിലെ നാഷനൽ മ്യൂസിയത്തിലുള്ള 1760ലെ ഒരു ചിത്രത്തിൽ ഖാദി നെയ്ത്തിന്റെ കഥ പറയുന്നുണ്ട്. 1825ൽ പ്രശസ്ത കവി കബീർ ചർക്കയിൽ നൂൽനൂൽക്കുന്നതിന്റെ ചിത്രമാണു മറ്റൊരു ആകർഷണം. 

മങ്ങിയ കാഴ്ചകളുമായി ബെനോദേബേഹരി മുഖർജി വരച്ച അതിമനോഹര ചിത്രങ്ങളിലേക്കുള്ള എത്തിനോട്ടമാണു ‘ലാൻഡ്സ്കേപ് ആൻഡ് ദി ആർട്ടിസ്റ്റ് സെൽഫ്: ബെനോദേബേഹരി ആൻഡ് ദ് ശാന്തിനികേതൻ കൺട്രിസൈഡ്’ എന്ന പ്രദർശനം.1904ൽ കൊൽക്കത്തയിൽ ജനിച്ച അദ്ദേഹത്തിന് ഒരു കണ്ണിനു കാഴ്ചയില്ലായിരുന്നു. മറുകണ്ണിനാകട്ടെ പാതിമാത്രം കാഴ്ച. അദ്ദേഹത്തിന്റെ ചരിത്രവും അതു രാജ്യത്തിനു നൽകിയ സംഭാവനകളുമെല്ലാം പ്രദർശനത്തിലുണ്ട്. 

കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയവും സെന്റർ ഓഫ് എക്സൻസ് ഫോർ ഖാദിയും ചേർന്നാണു ഖാദി പ്രദർശനം ഒരുക്കിയിരിക്കുന്നതെങ്കിൽ പ്രശസ്ത ചരിത്രകാരൻ പ്രഫ. ആർ. ശിവകുമാറാണു ബെനോദേബേഹരി പ്രദർശനം ക്യുറേറ്റ് ചെയ്തിരിക്കുന്നത്. താളിയോലകളുടെയും കയ്യെഴുത്തു പ്രതികളുടെയും ചരിത്രം വിവരിക്കുന്ന മാനുസ്ക്രിപ്റ്റ്സ് ആൻഡ് ദ് മൂവ്മെന്റ് ഓഫ് ഐഡിയാസ് എക്രോസ് ഏഷ്യ, ദ് ഫ്യൂച്ചർ ഓഫ് ദ് പാസ്റ്റ് എന്നീ പ്രദർശനങ്ങളുമുണ്ട്. 

ഇക്കണോമിസ്റ്റും സംഗീത ഗവേഷകയുമായ സുമംഗല ദാമോദരൻ അവതരിപ്പിച്ച ‘സോങ്സ് ഓഫ് റസിസ്റ്റൻസ്, സോങ്സ് ഓഫ് ഹോപ്’ എന്ന സംഗീതവിരുന്നും അതിജീവനത്തിന്റെയും ദേശീയതയുടെയും കഥ പറഞ്ഞതായിരുന്നു. പല കാലങ്ങളിൽ, പല ഭാഷകളിൽ രചിക്കപ്പെട്ട, പാടിപ്പതിഞ്ഞ ഗാനങ്ങളും അതിന്റെ ചരിത്രവുമെല്ലാം ഇഴചേർത്തായിരുന്നു അവതരണം. ഫെസ്റ്റിവലിന്റെ ഭാഗമായ സിനിമ പ്രദർശനത്തിലും ഇത്തരം സിനിമകൾ കാണാം. 

ഇന്നു വൈകിട്ട് 6.30നു കൊറിയയിൽ നിന്നുള്ള എംയുടി ഡാൻസ് കമ്പനി അവതരിപ്പിക്കുന്ന ‘ഡിഡിഡ’ എന്ന നൃത്തവിരുന്നുണ്ട്. നാളെ നവ്തേജ് ജോഹറിന്റെ ‘തനാഷ്’ എന്ന സോളോ നൃത്ത നാടകമാണ് പ്രധാന ആകർഷണം. മേളയിൽ പ്രവേശനം സൗജന്യമാണ്.

English Summary:

Immerse yourself in the spirit of nationalism and survival at the India International Centre's (IIC) annual arts festival, "Kalpavriksha." This year's edition celebrates Indian art and heritage through captivating exhibitions, lectures, and performances. Explore the story of Khadi, delve into the world of visually impaired artist Benodebehari Mukherjee, and experience powerful dance and music performances that echo the themes of resilience and national pride.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com