ADVERTISEMENT

∙ ഡൽഹിയിലെ മലയാളികൾക്ക് ട്രെയിൻ യാത്ര അത്ര പുതുമയൊന്നുമല്ല, എന്നാൽ മലകയറിപ്പോകുന്ന ട്രെയിനിൽ വെള്ളച്ചാട്ടങ്ങളുടെ നാട്ടിലേക്ക് ഒരു യാത്ര വേറിട്ടൊരനുഭവമാകും. ഊട്ടിയിലേതിനു സമാനമായ ‘പൈതൃക റെയിൽവേ’ ഉണ്ടായിരുന്ന പുനലൂർ-ചെങ്കോട്ട പാതയിലൂടെ തമിഴ്നാട്ടിലെ കുറ്റാലത്തേക്കുള്ള യാത്ര ഉത്തരേന്ത്യയിലെ കഷ്ടയാത്രകൾ മറക്കാൻ നല്ലൊരു മരുന്നാണ്. കാടും മേടും കല്ലടയാറും കണ്ട്, തുരങ്കങ്ങളിലൂടെയും കണ്ണറപ്പാലങ്ങളുടെ മുകളിലൂടെയും ഒരു യാത്ര. മഞ്ഞും മഴയും മാറിവരുന്ന കാലാവസ്ഥയിൽ മേഘങ്ങൾക്കിടയിലൂടെയൊരു ട്രെയിൻ യാത്ര. അതാണ് പുനലൂർ-ചെങ്കോട്ട ‌ട്രെയിൻ യാത്ര. മീറ്റർഗേജ് പാളത്തിന്റെ കൗതുകം ബ്രോഡ്ഗേജിനു വഴിമാറിയെങ്കിലും പ്രകൃതി സൗന്ദര്യത്തിനു വലിയ മാറ്റമില്ല. കുറ്റാലത്തു യാത്രക്കാരെ കാത്തിരിക്കുന്നത് ചെറുതും വലുതുമായ 9 വെള്ളച്ചാട്ടങ്ങളാണ്. തമിഴ്നാട്ടിലെ മഴക്കാലമായതിനാൽ വെള്ളച്ചാട്ടങ്ങൾ അവയുടെ പൂർണസൗന്ദര്യത്തിലാസ്വദിക്കാം.

തുടക്കം പുനലൂരിൽ
പുനലൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു ട്രെയിൻ കയറാം. മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ചാണ് ട്രെയിൻ യാത്ര പുറപ്പെടുന്നത്. കല്ലടയാറിനു മുകളിലെ പാലത്തിലൂടെ പോകുമ്പോൾ പുനലൂർ തൂക്കുപാലം കാണാം. ചെങ്കോട്ട വരെ വേഗം കുറച്ചാണ് ട്രെയിനുകൾ പോകുന്നത്. അതിനാൽ കാഴ്ചകൾക്കു സ്ലോമോഷൻ ഇഫക്ട് കിട്ടും. തെന്മല സ്റ്റേഷൻ കഴിഞ്ഞാൽ വനഭംഗിയുടെ കാഴ്ചപ്പൂരമാണ്. നോക്കെത്താ ദൂരത്തോളം മലനിരകൾ. കാലാവസ്ഥയും പെട്ടെന്നു മാറിമറിഞ്ഞുവരും.

ആകെ 5 തുരങ്കങ്ങളാണുള്ളത്. ഇരുനൂറിലേറെ പാലങ്ങൾ. കഴുതുരുട്ടിയിലെ പ്രശസ്തമായ പതിമൂന്നു കണ്ണറപ്പാലത്തിനു മുകളിലൂടെയുള്ള യാത്ര അവിസ്മരണീയമാകും. ആര്യങ്കാവ് സ്റ്റേഷൻ കഴിഞ്ഞയുടൻ നീളമേറിയ തുരങ്കത്തിന്റെ ഇരുട്ട്. വെളിച്ചത്തിലേക്കു കടക്കുമ്പോൾ തമിഴ്നാട്ടിലെത്തും. പിന്നെ കണ്ണെത്താ ദൂരത്തോളം വയൽക്കാഴ്ച. കാറ്റാടി യന്ത്രങ്ങൾ സ്വാഗതം ചെയ്യും. മാങ്ങയും നെല്ലിക്കയുമൊക്കെ വിളഞ്ഞുനിൽക്കുന്ന കൃഷിയിടങ്ങളിലൂടെ യാത്ര. പശ്ചാത്തലത്തിൽ ശരിക്കും പടിഞ്ഞാറു ഭാഗത്തെത്തിയ പശ്ചിമഘട്ടം കാണാം. തമിഴ് ഗ്രാമീണ ഭംഗിയിൽ ലയിച്ചിരിക്കുന്നതിനിടെ ചെങ്കോട്ട സ്റ്റേഷനിലെത്തും. കുറ്റാലത്തേക്കു പോകാൻ ഇവിടെയോ അതും കഴിഞ്ഞ് തെങ്കാശിയിലോ ഇറങ്ങാം.

ലക്ഷ്യം കുറ്റാലം
ചെങ്കോട്ടയിൽ നിന്നിറങ്ങി ഓട്ടോയോ ടാക്സിയോ പിടിച്ചു കുറ്റാലത്തെത്താം. 9 കിലോമീറ്ററുണ്ട്. ചാർജ് പറഞ്ഞുറപ്പിച്ച ശേഷം പുറപ്പെടുന്നതാണ് സുരക്ഷിതം. ബസ് സ്റ്റാൻഡിലെത്തിയാൽ ബസും പിടിക്കാം. ഇടയ്ക്കു ബോർഡർ എന്നു വിളിക്കുന്ന ജംക്‌ഷനുണ്ട്. പ്രശസ്തമായ ബോർഡർ ചിക്കനും കൊച്ചുപൊറോട്ടയും ലഭിക്കുന്ന റഹ്മത്ത് പൊറോട്ട സ്റ്റാൾ ഇവിടെയാണ്. വാഴയിലയിലാണ് വിളമ്പുക.

കുറ്റാലത്തെ പ്രധാന വെള്ളച്ചാട്ടങ്ങൾ പേരരുവി (മെയിൻ ഫോൾസ്), ഐന്തരുവി (ഫൈവ് ഫോൾസ്), പഴയരുവി (ഓൾഡ് ഫോൾസ്) എന്നിവയാണ്. ഭംഗിയും വലുപ്പവും പേരരുവിക്കു തന്നെ. അഞ്ചു വെള്ളച്ചാട്ടങ്ങൾ ഒന്നുചേരുന്ന സൗന്ദര്യമാണ് ഐന്തരുവിയുടേത്. വലിയൊരു പാറയിടുക്കിലേക്കു ചാടിയെത്തുന്നതാണ് പഴയരുവി. മൂന്നിടങ്ങളിലും സ്ത്രീകൾക്കും പുരുഷൻമാർക്കും വെള്ളച്ചാട്ടത്തിൽ സുരക്ഷിതമായി കുളിക്കാനുള്ള സൗകര്യമുണ്ട്.പുലിയരുവി, ചെമ്പകദേവിയരുവി, ചിത്തിര അരുവി, തേനരുവി, പുതു അരുവി, പഴത്തോട്ട അരുവി എന്നിവയാണ് മറ്റുള്ളവ. ഓരോ വെള്ളച്ചാട്ടത്തിലേക്കും പ്രത്യേകം പോകണം. ചിലയിടങ്ങളിൽ നിയന്ത്രണമുണ്ട്. താമസസൗകര്യങ്ങളും ലഭ്യമാണ്.

English Summary:

Discover the beauty of Courtallam, the "Spa of South India," on an unforgettable train journey from Punalur. Traverse through lush forests, picturesque landscapes, and charming villages as you journey towards the cascading waterfalls. This guide provides all the information you need to plan your trip, from train details to the best waterfalls to visit.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com