കാറ്റിന്റെ വേഗം കുറഞ്ഞു; വീണ്ടും വഷളായി വായു
Mail This Article
ന്യൂഡൽഹി ∙ ദീപാവലിക്കു 3 ദിവസം മാത്രം ബാക്കിനിൽക്കെ വായു ഗുണനിലവാരം (എക്യുഐ) ഇന്നലെ ‘വളരെ മോശം’ വിഭാഗത്തിലേക്ക് കൂപ്പുകുത്തി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് പ്രകാരം രാവിലെ എക്യുഐ 359 രേഖപ്പെടുത്തി.
ഡൽഹി എൻസിആർ മേഖലയിലെ 40 നിരീക്ഷണ കേന്ദ്രങ്ങളിൽ 36ലും വളരെ മോശം വായുനിലവാരമാണ് രേഖപ്പെടുത്തിയത്. ഇവയിൽ ആനന്ദ് വിഹാർ, അലിപുർ, ബവാന, ജഹാംഗീർപുരി, മുണ്ട്ക, വസീർപുർ, വിവേക് വിഹാർ, സോണിയ വിഹാർ തുടങ്ങി 8 സ്റ്റേഷനുകളിൽ ഗുരുതര വിഭാഗം (401- 500) ആയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി കാറ്റിന്റെ വേഗം കുറഞ്ഞതാണ് മലിനീകരണം ഉയരാൻ കാരണമെന്ന് കാലാവസ്ഥ നിരീക്ഷണം വകുപ്പ് അറിയിച്ചു. പുലർച്ചെ നഗരത്തെ മൂടിയ പുകമഞ്ഞ് ഗതാഗതം ഉൾപ്പെടെ ദുഷ്കരമാക്കി. ശക്തമായ കാറ്റ് വായു മലിനീകരണം കുറയാൻ സഹായകരമാകുന്ന ഘടകമാണ്.
പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിച്ചാൽ വായു മലിനീകരണം 450 കടക്കും എന്നാണ് കണക്കുകൂട്ടുന്നത്. ശ്വാസതടസ്സം മൂലം ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം 25 ശതമാനമായി ഉയർന്നു. മലിനീകരണത്തെ തുടർന്ന് യമുന നദിയിൽ പൊങ്ങിയ വിഷപ്പതയിൽ മാറ്റമില്ല. കഴിഞ്ഞ 5 വർഷത്തെ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് ദീപാവലി കഴിഞ്ഞയുടൻ ഉണ്ടായതെന്നു കാലാവസ്ഥാ വകുപ്പ് പറഞ്ഞു. പടക്ക നിരോധനവും പാലിക്കപ്പെടുന്നില്ലെന്നും കാലാവസ്ഥ വകുപ്പ് പ്രതികരിച്ചു.
വായുനിലവാര സൂചിക
∙0–50: മികച്ചത്
∙ 51–100: തൃപ്തികരം
∙101– 200: ഭാഗികമായി
തൃപ്തികരം
∙201–300: മോശം
∙301–400: വളരെ മോശം
∙401– 500: ഗുരുതരം