ADVERTISEMENT

ന്യൂഡൽഹി∙ തലസ്ഥാനത്ത് മലിനീകരണത്തോത് വളരെ മോശം അവസ്ഥയിലാണെന്ന് മനസ്സിലാക്കി ദീപാവലി ആഘോഷിക്കണമെന്ന് നിർദേശം നൽകി സംസ്ഥാന സർക്കാർ. മലിനീകരണം കണക്കിലെടുത്ത് പടക്കം പൊട്ടിക്കരുതെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും നിർദേശിക്കുന്നുവെന്നും ദീപങ്ങൾ തെളിച്ച് മാത്രം ആഘോഷിക്കണമെന്നും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അഭ്യർഥിച്ചു.

പടക്ക നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗോപാൽ റായ് നേരത്തെ ലഫ്റ്റനന്റ്  ഗവർണർ വി.കെ. സക്‌സേനയ്ക്ക് കത്തയച്ചിരുന്നു. ഹരിയാന, ഉത്തർപ്രദേശ് അതിർത്തിയിലൂടെയാണ് ഇവ കൊണ്ടുവരുന്നതെന്നും സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദേശം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

മലിനീകരണം തടയുന്നതിനായി ജനുവരി 1 വരെ പടക്കങ്ങളുടെ ഉൽപാദനം, സംഭരണം, വിതരണം, ഉപയോഗം എന്നിവയ്ക്ക് നിരോധനമുണ്ട്. എന്നിട്ടും പടക്ക വിതരണവും വിൽപന തകൃതിയാണ്.   നിയമലംഘനത്തിന് 79 കേസുകൾ റജിസ്റ്റർ ചെയ്യുകയും ഏകദേശം 19,005 കിലോ പടക്കങ്ങൾ പിടിച്ചെടുക്കുകയും ചെയ്തെന്ന് ഡൽഹി പൊലീസ് അറിയിച്ചു.  പടക്ക നിരോധനം ഫലപ്രദമായി നടപ്പാക്കാൻ റവന്യു വകുപ്പിൽ നിന്നുള്ള 77 ടീമുകളെയും 300 ഡൽഹി പൊലീസ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. 

നിരോധനത്തെക്കുറിച്ച് പൊതുജന അവബോധം വളർത്തുന്നതിനായി റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ, മാർക്കറ്റ് അസോസിയേഷനുകൾ, മതസംഘടനകൾ എന്നിവർക്കും നിർദേശം നൽകി. അതേസമയം, എഎപി രാഷ്ട്രീയം കളിക്കുകയാണെന്നും പഞ്ചാബിൽ വൈക്കോൽ കത്തിച്ച 108 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായും ബിജെപി ആരോപിച്ചു.   കപൂർത്തല ഹൗസിൽ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെതിരെ പ്രതിഷേധവും സംഘടിപ്പിച്ചു. 

47 കോടി രൂപ പിഴ ചുമത്തി
മലിനീകരണ ലംഘനങ്ങളിൽ പൊലീസ് കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഈമാസം 24 വരെ മലിനീകരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ലംഘനങ്ങളിൽ  47 കോടി രൂപ ട്രാഫിക് പൊലീസ് പിഴചുമത്തി. ഡ്രൈവർമാർക്ക് 47,000 നോട്ടിസും നൽകി. 10,000 രൂപയാണ് പിഴത്തുക. കോടതിയിൽ നേരിട്ടാണ് പിഴ അടയ്ക്കേണ്ടത്.

English Summary:

As Delhi grapples with alarming pollution levels, the government emphasizes celebrating Diwali without firecrackers. Despite a ban, illegal sale and distribution persist, prompting strict enforcement measures and political debate.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com