ADVERTISEMENT

ഡൽഹിയിൽ പതിവ് യാത്രകൾക്കായി ഒരുദിവസം ശരാശരി 33 ലക്ഷം പേരാണ് ‍ഡിട‌ിസി ബസുകളെ ആശ്രയിക്കുന്നത്. വനിതകൾക്കു സൗജന്യയാത്ര വന്നതോടെ യാത്രക്കാരുടെ എണ്ണം കൂടി. 2 വർഷം മുൻപാണ് പുരുഷൻമാർ കൈയടക്കി വച്ചിരുന്ന ഡിടിസി ബസുകളുടെ ഡ്രൈവിങ് സീറ്റുകളിലേക്കു കൂടുതൽ വനിതകളെത്തുന്നത്. തുടക്കത്തിൽ 30 വനിതാ ഡ്രൈവർമാരുണ്ടായിരുന്നത് ഇപ്പോൾ 96ലെത്തി. 1200 വനിതാ കണ്ടക്ടർമാരുമുണ്ട്. 2015ൽ ജോലിക്ക് കയറിയ തെലങ്കാന സ്വദേശിയായ വി. സരിതയാണ് ഡിടിസിയിലെ ആദ്യ വനിതാ ഡ്രൈവർ.

ഹരിയാന സ്വദേശിയായ ഭാരതി യാദവ് (28) ഡ്രൈവറായിട്ട് 2 വർഷമാകുന്നു. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. തിക്രി അതിർത്തിയിൽ നിന്നും രാജ്ഘട്ടിലേക്കുള്ള ബസാണ് ഓടിക്കുന്നത്. ‘തുടക്കത്തിൽ യാത്രക്കാർ ഉൾപ്പെടെയുള്ളവർ ചില മോശം കമന്റുകളൊക്കെ പറഞ്ഞിരുന്നു. അതൊക്കെ പാടേ അവഗണിച്ചു. ഒട്ടേറെപ്പേരുടെ സുരക്ഷ കൈയിലെടുത്തുള്ള ജോലിയാണിത്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെയും കരുതലോടെയുമാണ് മുന്നോട്ടുപോകുന്നത്’– ഭാരതി പറഞ്ഞു.

‘ഡൽഹിയിൽ ബസോടിക്കുകയെന്നത് അത്ര എളുപ്പമല്ല. ചുറ്റുപാടും നിരന്തരം ഹോണടിച്ച് ഒട്ടേറെ വാഹനങ്ങളുണ്ടാകും. യാത്രക്കാർ, പ്രത്യേകിച്ച് വനിതകൾ വളരെ ബഹുമാനത്തോടെയാണ് നോക്കുന്നതും പെരുമാറുന്നതും’– നന്ദ് നഗരിയിൽ നിന്ന് മോറി ഗേറ്റിലേക്കുള്ള ബസിന്റെ ഡ്രൈവർ മീന(37) പറഞ്ഞു. 12–ാം ക്ലാസ് പാസായ മീന മറ്റു ജോലികൾക്കു ശ്രമിച്ച് ഏറെ കാത്തിരുന്ന ശേഷമാണ് ഈ ജോലിക്കു കയറിയത്. ‘മിഷൻ പരിവർത്തൻ’ എന്ന പദ്ധതിയുടെ ഭാഗമായാണ് 2023 മുതൽ ഡിടിസി ബസുകളിൽ കരാർ അടിസ്ഥാനത്തിൽ വനിതാ ഡ്രൈവർമാരെ നിയമിച്ചത്. 50 വയസ്സുവരെയാണ് സേവന കാലാവധി. കിലോമീറ്ററിന് 8 രൂപ നിരക്കിലാണ് വേതനം. ഒരാൾക്ക് ദിവസം 800 മുതൽ 1200 രൂപവരെ ലഭിക്കും. ഹെവി മോട്ടർ വെഹിക്കിൾ ലൈസൻസ് എടുക്കാൻ വനിതകൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്നുണ്ട്. 2025 ആകുമ്പോഴേക്കും ഡിടിസി 8000 ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കും. ഇതിൽ 20 ശതമാനവും വനിതാ ഡ‍്രൈവർമാരായിരിക്കും.

ഡിടിസി ബസ് ഡ്രൈവർ ലത
ഡിടിസി ബസ് ഡ്രൈവർ ലത

പദ്ധതി നടപ്പാക്കി 2 വർഷം കഴിയുമ്പോഴും പരാതികളേറെയുണ്ട്. വേതന വർധന, സ്ഥിരം ജോലി, സുരക്ഷ, വിശ്രമമുറി തുടങ്ങിയ ആവശ്യങ്ങളൊന്നും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. ഓഖ്‌ല ബസ് ഡിപ്പോയിലെ ഡ്രൈവറായ ലത (40) 3 മക്കളുള്ള കുടുംബത്തിലെ വരുമാനമുള്ള ഏക വ്യക്തിയാണ്. ഡിടിസി ബസുകൾ ബ്രേക്ക്ഡൗൺ ആകുന്നത് പതിവു സംഭവമാണ്. മണിക്കൂറുകളോളം റോഡിൽ കുടുങ്ങും. യാത്രക്കാരെ മറ്റു ബസുകളിൽ കയറ്റിവിടണം. സമയനഷ്ടത്തിനപ്പുറം ദിവസവേതനത്തെയും ഈ ബ്രേക്ക്ഡൗൺ ബാധിക്കുമെന്നു ലത പറയുന്നു. 100 കിലോമീറ്റർ ബസോടിച്ചാലാണ് ഒരുദിവസം 816 രൂപ കിട്ടുന്നത്. തുടർച്ചയായ ബ്രേക്ക്ഡൗൺ കാരണം പലപ്പോഴും ഈ വേതനം ലഭിക്കാറില്ല. ഒരുമാസം 2600 കിലോമീറ്ററിലധികം ഡ്രൈവ് ചെയ്താൽ ഡിടിസി 3000 രൂപ ഇൻസെന്റീവ് നൽകും. ബസുകൾ തുടർച്ചയായി കേടാകുന്നത് കൊണ്ട് ഈ തുകയും പലപ്പോഴും ലഭിക്കാറില്ലെന്നു മദൻപുർ ഖാദറിലെ ഡ്രൈവർ സത്യവതി പറ‍ഞ്ഞു.

മാസത്തിൽ 26 ദിവസവും ജോലി ചെയ്യുന്നു. എന്നിട്ടും ശമ്പളത്തോടു കൂടിയുള്ള ഒരു അവധിയുമില്ല. വാരാന്ത്യ അവധികളുമില്ല. ആർത്തവ സമയങ്ങളിൽ പോലും ജോലി ചെയ്യേണ്ടി വരുന്നു; എന്നാൽ, സ്ഥിരം ജോലിക്കാർക്കുള്ള സിക്ക് ലീവ് ഉൾപ്പെടെ ഒരാനുകൂല്യവും ലഭിക്കുന്നില്ലെന്നും സത്യവതി പറഞ്ഞു. ഈ മാസം സത്യവതിക്ക് 13,000 രൂപ മാത്രമാണ് ശമ്പളം കിട്ടിയത്. അതിന് മുൻപ് ഇൻസെന്റിവ് ഉൾപ്പെടെ 28,000 രൂപവരെ കിട്ടിയിരുന്നു. തുടർച്ചയായി ബസ് കേടായത് കൊണ്ടാണ് ഇത്തവണ നിർദേശിച്ചിരിക്കുന്നത്ര ദൂരം ബസോടിക്കാനാകാതെ ശമ്പളം കുറഞ്ഞത്. ഡിപ്പോകളിൽ വനിതകൾക്കു മാത്രമായി വിശ്രമമുറിയില്ല. ശുചിമുറികൾ വൃത്തിയാക്കുന്നില്ല. സുരക്ഷയിലും ആശങ്കയുണ്ട്. ഒരിക്കലൊരു യാത്രക്കാരൻ ഡ്രൈവിങ് സീറ്റിനരുകിലേക്ക് കടന്നെത്തി ഉപദ്രവിക്കാൻ ശ്രമിച്ചു. യാത്രക്കാർ ശബ്ദമുണ്ടാക്കിയപ്പോഴാണ് ഇയാൾ പിൻമാറിയത്: സത്യവതി പറയുന്നു. വേതനപരിഷ്കരണവും ജോലിയിൽ സ്ഥിരപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങളും ചൂണ്ടിക്കാട്ടി വനിതാ ഡ്രൈവർമാർ ഗതാഗത മന്ത്രി കൈലാഷ് ഗെലോട്ടിന് നിവേദനം നൽകിയിട്ടുണ്ട്.

English Summary:

This article highlights the increasing number of women drivers in Delhi Transport Corporation (DTC) buses, a traditionally male-dominated field. While the 'Mission Parivartan' scheme has provided opportunities, drivers face challenges like low salaries, bus breakdowns, lack of job security, and inadequate facilities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com