തുടരെ ഹോൺ മുഴക്കി അപകട ഡ്രൈവിങ്; സഹോദരിമാർക്കെതിരെ കേസെടുത്തു
Mail This Article
ന്യൂഡൽഹി ∙ രാത്രിയിൽ കാതടപ്പിക്കുന്ന ശബ്ദത്തിൽ ഹോൺ മുഴക്കുകയും അപ്പാർട്മെന്റിൽ പരിഭ്രാന്തി പരത്തുകയും ചെയ്ത സഹോദരിമാർ അറസ്റ്റിൽ.ഭവ്യ ജെയിൻ (23), ചാർവി ജെയിൻ (21) എന്നിവരാണ് പിടിയിലായത്. ഹോൺ മുഴക്കിയത് ചോദ്യം ചെയ്ത വയോധികനെ ഇരുവരും ചേർന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി. പൊലീസിൽ വിവരമറിയിച്ചു എന്നു മനസ്സിലാക്കിയ യുവതികൾ മണിക്കൂറുകളോളം മുറിയിൽ അടച്ചിരുന്നു.
പിന്നീട് പുറത്തിറങ്ങി ഇരുവരും പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ഈസ്റ്റ് ഡൽഹിയിലെ വസുന്ധര എൻക്ലേവിലാണ് സംഭവം.അപ്പാർട്മെന്റിലൂടെ അലക്ഷ്യമായി വാഹനം ഓടിച്ച ഇരുവരും അവിടെ പാർക്ക് ചെയ്തിരുന്ന ഒട്ടേറെ വാഹനങ്ങളെ ഇടിക്കുകയും ആളുകളെ പരുക്കേൽപ്പിക്കുകയും ചെയ്തു.
കവാടത്തിന് സമീപം പൊലീസ് സ്ഥാപിച്ച ബാരിയർ ഇടിച്ചുതകർത്ത ഇവർ പൊലീസ് വാഹനത്തെയും ഇടിച്ചു.തുടർന്ന് പൊലീസ് ഇവരെ പിന്തുടർന്നു. ഇതോടെ അമിത വേഗത്തിൽ സഞ്ചരിച്ച് അപ്പാർട്മെന്റിന് പുറത്തു നിർത്തിയിട്ടിരുന്ന സ്കൂട്ടറും ഇടിച്ചുതെറിപ്പിച്ചു. സ്കൂട്ടർ യാത്രികനും പരുക്കേറ്റിട്ടുണ്ട്. നോയിഡ സെക്ടർ 20ൽ വച്ച് പൊലീസ് ഇവരെ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. നേരത്തെ, സെപ്റ്റംബറിൽ അപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ചതിന് ശേഷം തടങ്കലിൽ പാർപ്പിച്ച കേസിൽ ഇവർക്കെതിരെ കേസുണ്ട്.