ADVERTISEMENT

ന്യൂഡൽഹി∙ ‘ആൾക്കൂട്ട’ത്തിന്റെ കഥാകാരൻ ആനന്ദിനെ സന്ദർശിച്ച് മന്ത്രി പി.രാജീവ്. ഡൽഹിയിൽ വിശ്രമത്തിൽ കഴിയുന്ന ആനന്ദിനെ ഏറെ നാളുകൾക്ക് ശേഷമാണ് മന്ത്രി സന്ദർശിക്കുന്നത്. ഡൽഹിയിലെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ മകളുടെ കൂടെയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ താമസം. കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടു. മരുഭൂമികൾ ഉണ്ടാകുന്നതും അഭയാർഥികളും ഗോവർദ്ധന്റെ യാത്രകളും പങ്കുവച്ച ആശയപരിസരവും രാഷ്ട്രീയവും ഇപ്പോഴും പുതിയ അർഥതലങ്ങൾ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു.

അടിയന്തരാവസ്ഥക്കാലത്തെ കൊളാഷ് ഫ്രെയിം ആനന്ദ് മന്ത്രി പി രാജീവിനെ കാണിക്കുന്നു.
അടിയന്തരാവസ്ഥ കാലത്തെ കൊളാഷ് ഫ്രെയിം മന്ത്രി പി.രാജീവിനെ കാണിക്കുന്ന ആനന്ദ്.

യോജിപ്പിന്റെയും വിയോജിപ്പിന്റെയും സംവാദാത്മകതയുടെ ആശയപരിസരമാണ് എല്ലാ കൃതികളിലും രൂപപ്പെടുത്തിയതെന്ന് ആനന്ദ് പറഞ്ഞു. ശ്രുതിയും സ്മൃതിയും മാത്രമായി ചിന്തകൾ പ്രാചീന ഇന്ത്യയിൽ പരിമിതപ്പെട്ടിരുന്നുവെന്നും അത് ഗ്രീസിലേതുപോലെ കൃതിയായി മാറിയില്ലെന്നും മന്ത്രിയോട് ആനന്ദ് സൂചിപ്പിച്ചു. ശ്രുതിയും സ്മൃതിയും കൃതിയായി മാറാത്തതുകൊണ്ട് അവ വിസ്മൃതിയിലേക്കും മൃതിയിലേക്കും വീഴുമെന്നും ആനന്ദ് കൂട്ടിച്ചേർത്തു. നോവലുകളിൽ പരിചിതമായ ഫോസിലുകളുടെ ശേഖരം അദ്ദേഹം മന്ത്രിയെ കാണിച്ചു.

പുസ്തകങ്ങളോട് ചേർന്ന് മറ്റൊരു ഷെൽഫിൽ സൂക്ഷിച്ചിരിക്കുന്ന പട്ടാളകാലത്തെ ഷെല്ലുകളും കാണിച്ചുകൊടുത്തു. അടിയന്തരാവസ്ഥ കാലത്തെ പ്രതിരോധം പരസ്യമായും പരോക്ഷവരകളും വാക്കുകളുമായും അച്ചടിമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതിന്റെ കൊളാഷ് ഫ്രെയിം ചെയ്തതും ഒ.വി വിജയന്റെ കാർട്ടൂണും മന്ത്രിയെ കാണിച്ചു വിശദീകരിച്ചു. ശൈത്യം മുറുകുമ്പോൾ കേരളത്തിൽ കുറച്ചുദിവസം താമസിക്കാൻ വരുമ്പോൾ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്യാൻ അദ്ദേഹത്തെ മന്ത്രി ക്ഷണിച്ചു. ധൈഷണിക സർഗാത്മകതയുമായി സംസാരം മറക്കാനാവാത്ത അനുഭവമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.

English Summary:

In a heartwarming encounter, Kerala Minister P. Rajeev visited celebrated author Anand in Delhi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com