വായുമലിനീകരണം: പൊല്യൂഷൻ ക്ലിനിക്: ചികിത്സയ്ക്ക് ഒപ്പം കൗൺസലിങ്ങും
Mail This Article
ന്യൂഡൽഹി∙ വായുമലിനീകരണത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങൾക്കും ചികിത്സയും കരുതൽ നിർദേശങ്ങളുമായി ആർഎംഎൽ ആശുപത്രിയിലെ ‘പൊല്യൂഷൻ റിലേറ്റഡ് ഇൽനസ് ക്ലിനിക്ക്’. വായുമലിനീകരണത്തിൽ നിന്നുണ്ടാകുന്ന രോഗങ്ങളെക്കുറിച്ചും പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് ബോധവൽക്കരണവും കൗൺസലിങ്ങും ഇവിടെ ലഭിക്കും.
കഴിഞ്ഞ വർഷം നവംബറിലാണ് ക്ലിനിക് ആരംഭിച്ചത്. ഇടയ്ക്കുവച്ച് പ്രവർത്തനം നിലച്ചെങ്കിലും കഴിഞ്ഞ ഒക്ടോബർ 14ന് വീണ്ടും തുറന്നു. ആർഎംഎൽ ആശുപത്രിയുടെ ബേസ്മെന്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം 2 മുതൽ 4 വരെയാണ് പ്രവർത്തനസമയം. ‘സാധാരണ ഒപികളിൽ നിന്നു തികച്ചും വ്യത്യസ്തമായാണ് പൊല്യൂഷൻ ക്ലിനിക്കിന്റെ പ്രവർത്തനം. പരിസ്ഥിതിയും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രോഗികളെ ബോധവൽക്കരിക്കും.
വായുമലിനീകരണം എങ്ങനെയാണ് രോഗലക്ഷണങ്ങളെ രൂക്ഷമാക്കുന്നതെന്നും പ്രതിരോധ നിർദേശങ്ങളും നൽകുന്നു’– മെഡിക്കൽ സൂപ്രണ്ട് ഡോ. അജയ് ശുക്ല പറഞ്ഞു.
3 ആഴ്ചയ്ക്കുള്ളിൽ മാത്രം ക്ലിനിക്കിൽ 100ൽ ഏറെപ്പേർ ചികിത്സ തേടി. ഒക്ടോബർ 28ന് വായുമലിനീകരണ അസുഖങ്ങൾക്ക് 30 പേർ ക്ലിനിക്കിൽ ചികിത്സ തേടി. ഒക്ടോബർ 21ന് 40 പേർ. വിദഗ്ധ പരിശീലനം നേടിയ 4 റസിഡന്റ് ഡോക്ടർമാരും 4 ജൂനിയർ ഡോക്ടർമാരും ക്ലിനിക്കിലുണ്ട്.മെഡിസിൻ, റസ്പിറേറ്ററി, മെഡിസിൻ, ഇഎൻടി, ഐ കെയർ, ഡെർമറ്റോളജി, സൈക്യാട്രി തുടങ്ങിയ വിഭാഗങ്ങളും ക്ലിനിക്കിനോടനുബന്ധിച്ചു പ്രവർത്തിക്കുന്നു.
‘60 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ് കൂടുതലും ചികിത്സ തേടിയെത്തിയത്. ശ്വാസതടസ്സം, ബ്രോങ്കൈറ്റിസ് തുടങ്ങിയ അസുഖങ്ങളായിരുന്നു ഏറെപ്പേർക്കും. വായുമലിനീകരണം രൂക്ഷമായതോടെ രോഗാവസ്ഥ കടുത്തു. 5 വയസ്സിൽ താഴെയുള്ള കുട്ടികളും ഗർഭിണികളും കർശന ജാഗ്രത പുലർത്തണം. തൊണ്ടവേദന, അലർജി, ചുമ, ശ്വാസതടസ്സം എന്നിവ കൂടും. ചിലരിൽ കണ്ണിനു ചൊറിച്ചിലും ത്വക്ക് രോഗങ്ങളുമുണ്ടാകാൻ വായുമലിനീകരണം ഇടയാക്കും’– മെഡിസിൻ വിഭാഗം മേധാവി ഡോ. രമേശ് ചന്ദ് മീണ പറഞ്ഞു.
വായുമലിനീകരണത്തിൽ നിന്നുണ്ടാകുന്ന എല്ലാ രോഗങ്ങളും ചികിത്സിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ക്ലിനിക്കിലുണ്ടെങ്കിലും പ്രത്യേകം കിടക്കകളില്ല. അടിയന്തര സാഹചര്യമുണ്ടായാൽ മറ്റു വാർഡുകളിലാണ് കിടക്കകൾ സജ്ജീകരിക്കുന്നത്.‘അതിരാവിലെയും സന്ധ്യയ്ക്കുമാണ് വായുനിലവാരം ഏറ്റവും മോശം. ഈ സമയത്തു പുറത്തിറങ്ങുന്നത് കഴിവതും ഒഴിവാക്കുക. മൂടൽമഞ്ഞ് ശക്തമാകുന്നതോടെ വായുനിലവാരം കൂടുതൽ മോശമാകും.
തൊഴിലിന്റെ ഭാഗമായും മറ്റും പുറത്തിറങ്ങുന്നത് ഒഴിവാക്കാനാകാത്തവർ നിർബന്ധമായും എൻ 95 മാസ്ക് ധരിക്കണം. പർട്ടിക്കുലേറ്റ് മാറ്റർ 2.5 മാലിന്യങ്ങളെ തുണി, സർജിക്കൽ മാസ്ക്കുകൾ ശരിയായി ഫിൽറ്റർ ചെയ്യില്ല’– ഡോ. രമേശ് പറഞ്ഞു.