സുപ്രീം കോടതി വിമർശനത്തിന് പിന്നാലെ നടപടി; കൃഷിവിളകൾ കത്തിച്ചാൽ ഇനി ഇരട്ടിത്തുക പിഴ
Mail This Article
ന്യൂഡൽഹി ∙ കൃഷിവിളകൾ കത്തിക്കുന്നവരിൽനിന്ന് ഈടാക്കുന്ന പിഴ ഇരട്ടിയാക്കി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനമിറക്കി. രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിന്റെ ഒരു കാരണം പാടശേഖരങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണെന്നും കനത്ത പിഴയും ശക്തമായ നടപടിയുമില്ലാത്തതിനാലാണ് ഇത് തുടരുന്നതെന്നുമുള്ള സുപ്രീം കോടതി വിമർശനത്തിനു പിന്നാലെയാണ് നടപടി.
5 ഏക്കറിൽ കൂടുതലുള്ള കൃഷിയിടങ്ങളിൽ കാർഷികാവശിഷ്ടം കത്തിക്കുന്നതിനുള്ള പിഴ 15,000 രൂപയിൽനിന്ന് 30,000 രൂപയാക്കി. രണ്ടേക്കറിൽ താഴെയാണ് കൃഷിഭൂമിയെങ്കിൽ 5,000 രൂപ നഷ്ടപരിഹാരം നൽകേണ്ടിവരും. മുൻപ് ഇത് 2,500 രൂപയായിരുന്നു. 2– 5 ഏക്കർ വരെ ഭൂമിയുള്ളവർക്ക് 5,000 രൂപയ്ക്ക് പകരം 10,000 രൂപ പിഴ നൽകേണ്ടിവരും. പരാതികൾ ഫയൽ ചെയ്യൽ, അന്വേഷണം നടത്തൽ, നടപടികൾ സ്വീകരിക്കൽ എന്നിവ വേഗത്തിലാകണമെന്നും വിജ്ഞാപനത്തിലുണ്ട്. നിയമം ഉടൻ പ്രാബല്യത്തിൽ വരും.