ADVERTISEMENT

ന്യൂഡൽഹി∙ ജോ സാക്കോ ‘വരച്ചെഴുതിയ’ നോവലുകൾ പലസ്തീന്റെ ചോരയും കണ്ണീരും കലർന്ന ജീവിതത്തിന്റെ നേർക്കാഴ്ചകളാണ്. പ്രശസ്ത പത്രപ്രവർത്തകനും കാർട്ടൂണിസ്റ്റുമായ ജോ ഡൽഹി ജവാഹർ ഭവനിൽ ‘ദ് വയറി’ന്റെ എഡിറ്റർ സീമ ചിഷ്ടിയുമായി നടത്തിയ സംവാദത്തിലും പലസ്തീനിലെ ദുരിതങ്ങളെക്കുറിച്ചാണു വിവരിച്ചത്. കാർട്ടൂണും കലയും മാധ്യമപ്രവർത്തനവും വർത്തമാനകാലത്തു നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും പറഞ്ഞു. ‘മാധ്യമപ്രവർത്തകർക്കും കലാകാരൻമാർക്കും ഒട്ടേറെ പരിമിതികളുണ്ടാകാം. പക്ഷേ, പരാജയഭീതിയിൽ നിശബ്ദരാകരുത്’– ജോയുടെ മുന്നറിയിപ്പ്.

‘കാർട്ടൂണിസ്റ്റ് റിപ്പോർട്ടർ, കോമിക് ജേണലിസ്റ്റ്’– തന്റെ പത്രപ്രവർത്തന ശൈലിയെ ഈ രണ്ട് പേരുകളിലാണ് ജോ അടയാളപ്പെടുത്തുന്നത്. കഴിഞ്ഞദിവസം ഹൗസ്ഖാസിൽ ആരാധകർക്കു പുസ്തകങ്ങളിൽ കയ്യൊപ്പിട്ടു കൊടുക്കാൻ എത്തിയപ്പോൾ ജോ പറഞ്ഞു, ‘എന്റെ എഴുത്തിനും വരകൾക്കും ഇന്ത്യയിൽ ഇത്രയേറെ ആരാധകരുണ്ടെന്ന് കരുതിയതേയില്ല. ഇത് വലിയൊരു ഷോക്കും സർപ്രൈസുമാണ്’. പിന്നീട് ലോധി കോളനിയിലും വായനക്കാരുമായി സംവദിച്ചു. കഴിഞ്ഞ ദിവസം ഗുരുഗ്രാമിൽ കർഷകരുമായും ആശയവിനിമയം നടത്തി.

മുറിവേറ്റ നാടിന്റെ വിലാപങ്ങളും തോറ്റ ജനതയുടെ ചോരക്കറ പുരണ്ട ജീവിതവുമാണ് ജോ സാക്കോ അവതരിപ്പിക്കുന്നത്. പലസ്തീൻ, ഫുട്നോട്സ് ഇൻ ഗാസ എന്നീ നോവലുകൾ തന്നെ ഉദാഹരണം. 1991–92ൽ ഗൾഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പലസ്തീൻ സന്ദർശനമാണ് ഗ്രാഫിക് വരകളും വരികളുമായത്. 2001ലും 2003ലും ജോ പലസ്തീൻ സന്ദർശിച്ചു. പലസ്തീൻ പ്രമേയമാക്കി 9 ഗ്രാഫിക് നോവലുകളാണു രചിച്ചത്.

പലസ്തീൻ ജനതയുടെ ജീവിതദുരിതങ്ങൾ വരയ്ക്കുമ്പോൾ ഇസ്രയേലിന്റെ വശം കാണാതെ പോകുന്നു എന്നുള്ള വിമർശനത്തിന് മറുപടിയിങ്ങനെ– ‘കഴിഞ്ഞ 76 വർഷമായി ലോകം ഇസ്രയേലിന്റെ വശം മാത്രം കേൾക്കുന്നു. ഞാൻ പലസ്തീന്റെ ചരിത്രം വരയ്ക്കുന്നു’.

പലസ്തീനു പുറമേ, 1990കളിൽ ബോസ്നിയൻ യുദ്ധമേഖലകളിൽ നടത്തിയ ഗവേഷണങ്ങളും സംഭാഷണങ്ങളും അടിസ്ഥാനമാക്കി ജോ സാക്കോ എഴുതി വരച്ച നോവലുകളാണ് വാർസ് എൻഡ്, ദ് ഫിക്സർ, സെയ്ഫ് ഏരിയ ഗൊറാദെ എന്നിവ. രണ്ടാംലോക മഹായുദ്ധത്തിന്റെ കെടുതികൾക്കിടെ മാൾട്ടയിലായിരുന്നു ജോയുടെ ജനനം. മാതാപിതാക്കൾ ആദ്യം ഓസ്ട്രേലിയയിലേക്കും പിന്നീട് അമേരിക്കയിലേക്കും കുടിയേറി. 

   യുദ്ധകാലത്ത് മാൾട്ടയിലെ ബോംബ് സ്ഫോടനങ്ങളെക്കുറിച്ച് അമ്മ കാർമെൻ സാക്കോ പറഞ്ഞുകൊടുത്ത വിവരങ്ങളിൽ നിന്നാണ് സംഘർഷ നാടുകളെ ആധാരമാക്കിയുള്ള കോമിക്സ് രചന തുടങ്ങിയത്. ആ ഓർമകളിൽ നിന്നാണ് ‘വെൻ ഗുഡ് ബോംബ്സ് ഹാപ്പൻ ടു ബാഡ് പീപ്പിൾ’, ‘മോർ വുമൺ, മോർ ചിൽഡ്രൻ, മോർ ക്വിക്ക്‌ലി മാൾട്ട 1935–43’ എന്നീ ഗ്രാഫിക് നോവലുകളുടെ പിറവി.

തന്റെ ഗ്രാഫിക് നോവലുകളിൽ കട്ടിക്കണ്ണട ധരിച്ച ഒരു കഥാപാത്രമായി ജോ തന്നെ പ്രത്യക്ഷപ്പെടുന്നുണ്ട്. അതേക്കുറിച്ച് ജോ പറയുന്നതിങ്ങനെ– ‘സംഭവസ്ഥലത്തു ഞാനുണ്ടായിരുന്നു എന്നതിന്റെ തെളിവാണത്, ഒപ്പം അപൂർണതകളും കൂട്ടിത്തുന്നലുകളും ചേർന്നതാണു മാധ്യമപ്രവർത്തനമെന്നു വായനക്കാരനു നൽകുന്ന സൂചനയും’.

ഡൽഹിയെ എങ്ങനെ വരയ്ക്കുമെന്ന് ചോദിച്ചപ്പോൾ ‘വാഹനങ്ങളും ജനങ്ങളും തിങ്ങിനിറഞ്ഞ നഗരം: അർബൻ ബാലെ’– എന്ന് മറുപടി.

English Summary:

Celebrated graphic journalist Joe Sacco recently concluded a tour of India, captivating audiences with insights into his powerful portrayals of Palestinian life and the challenges faced by artists and journalists today. Sacco, known for his immersive graphic novels like "Palestine" and "Footnotes in Gaza", shared his experiences in conflict zones and his commitment to amplifying marginalized voices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com