ADVERTISEMENT

ന്യൂഡൽഹി∙ ഒരു മാസത്തിലേറെയായി തലസ്ഥാനത്ത് വായുനിലവാരം മോശമായി തുടരുന്നതിനാൽ ഗ്രാപ് (ഗ്രേഡഡ് റെസ്പോൺസ് ആക്‌ഷൻ പ്ലാൻ) 3 നടപ്പാക്കാൻ സംസ്ഥാന സർക്കാർ. ഇന്നു രാവിലെ 8 മുതൽ നിലവിൽ വരും. അന്തരീക്ഷമലിനീകരണം കുറച്ചു കൊണ്ടുവരാനുള്ള കർമപദ്ധതിയാണു ഗ്രാപ്. കഴിഞ്ഞ 17നു ഗ്രാപ് ഒന്നും 22നു ഗ്രാപ് രണ്ടും നടപ്പാക്കിയെങ്കിലും മലിനീകരണം കുറഞ്ഞില്ല. ഇതോടെയാണ് കടുത്ത നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്. അതോടൊപ്പം പൊടി ഒഴിവാക്കാൻ റോഡുകൾ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണമെന്ന് സർക്കാർ എംസി‍ഡിക്ക് നിർദേശം നൽകി. മലിനീകരണം പ്രതിരോധിക്കാൻ സംസ്ഥാന– കേന്ദ്ര സർക്കാരുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന ഹർജി സുപ്രീംകോടതി ഈമാസം 18നു പരിഗണിക്കുന്നുണ്ട്.  മലിനീകരണം രൂക്ഷമായതോടെ ആശുപത്രികളിലെ പ്രവേശന നിരക്ക് 15 ശതമാനത്തിലേറെ വർധിച്ചിട്ടുണ്ട്.  2017ലാണ് ഗ്രാപ് നിയന്ത്രണങ്ങൾ ആദ്യം നടപ്പാക്കിയത്.

ഗ്രാപ് 3 നിയന്ത്രണങ്ങൾ
∙ മീഡിയം ഡീസൽ ഗുഡ്സ് വാണിജ്യ വാഹനങ്ങൾക്കു വിലക്ക്
∙ ഡൽഹിക്കു പുറത്ത് റജിസ്റ്റർ ചെയ്തിട്ടുള്ള സംസ്ഥാനാന്തര ഡീസൽ വാഹനങ്ങൾക്ക് വിലക്ക്
∙ പൈലിങ് അനുവദിക്കില്ല
∙ കുഴൽക്കിണറിനും മറ്റു കാര്യങ്ങൾക്കും കുഴിയെടുക്കുന്നതും മണ്ണിട്ടു നികത്തുന്നതിനും വിലക്ക്
∙ കെട്ടിടം പൊളിക്കുന്നതിന് വിലക്ക്
∙ വൈദ്യുതി കേബിളിടാനും കുടിവെള്ള വിതരണത്തിനും കാനനിർമാണത്തിനും ട്രഞ്ച് കുഴിക്കുന്നതിന് വിലക്ക്
∙ വെൽഡിങ്, ഗ്യാസ് കട്ടിങ് ജോലികൾക്ക് വിലക്ക്
∙ പെയ്ന്റിങ്, പോളിഷിങ്, വാർണിഷിങ് ജോലികൾക്ക് വിലക്ക്
∙ ചെറിയ അറ്റകുറ്റപ്പണികൾക്കായി സിമന്റ് പൂശുന്നതിനും പ്ലാസ്റ്ററിങ് ജോലികൾക്കും വിലക്ക്
∙ ടൈൽ ഉൾപ്പെടെ ഫ്ലോറിങ് ജോലികൾക്ക് വിലക്ക്
∙ വാട്ടർ പ്രൂഫിങ് ജോലികൾക്കു വിലക്ക്
∙ റോഡ് നിർമാണവും അറ്റകുറ്റപ്പണികളും നിർത്തിവയ്ക്കും
∙ പൊടിയുണ്ടാക്കുന്ന വസ്തുക്കളുടെ ലോഡിങ്, അൺലോഡിങ് നിരോധിക്കും
∙ നിർമാണ സാമഗ്രികളുമായി പോകുന്ന വാഹനങ്ങൾക്കു വിലക്ക്
∙ കെട്ടിടം പൊളിച്ച സാധനങ്ങൾ വാഹനങ്ങളിൽ കൊണ്ടുപോകുന്നതിന് വിലക്ക്
∙  ക്രഷർ യൂണിറ്റുകളുടെ പ്രവർത്തനത്തിന് വിലക്ക്
∙ ഖനന ജോലികൾ നിർത്തിവയ്ക്കും
∙ ബിഎസ് 3 പെട്രോൾ, ബിഎസ് 4ഡീസൽ (എൽഎംവി) വാഹനങ്ങൾ ഡൽഹിക്കു പുറമേ ഗുരുഗ്രാം, ഫരീദാബാദ്, ഗാസിയാബാദ്, ഗൗതംബുദ്ധ നഗർ എന്നിവിടങ്ങളിൽ പ്രവേശിക്കരുത്.

ശ്രദ്ധിക്കാം
∙ ഹ്രസ്വദൂര യാത്രകൾക്ക് സൈക്കിൾ ഉപയോഗിക്കുക
∙ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുക, കാർ പൂളിങ് പ്രോത്സാഹിപ്പിക്കുക
∙ കൽക്കരി, വിറക് അടുപ്പുകൾ ഉപയോഗിക്കരുത്
∙ പൊതുസ്ഥലത്ത് തീ കൂട്ടുന്നത് തടയാൻ വീടുകളിലും ഹൗസിങ് സൊസൈറ്റികളിലുമുള്ള സെക്യൂരിറ്റി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് ഇലക്ട്രിക് ഹീറ്റർ നൽകുക.

വയനാട്ടിൽ നിന്ന് തിരിച്ചെത്തിയത് ഗ്യാസ് ചേംബറിലേക്ക്: പ്രിയങ്ക
ന്യൂഡൽഹി ∙ വയനാട്ടിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്ത്, ഡൽഹി വായുമലിനീകരണത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വയനാട്ടിൽനിന്ന് ‍തിരിച്ചെത്തിയതിനു പിന്നാലെയാണ് പ്രിയങ്ക എക്സിൽ കുറിപ്പ് പങ്കുവച്ചത്. ഡൽഹിയിൽ എത്തിയപ്പോഴുള്ള അവസ്ഥയെ ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നതിന് തുല്യമെന്നായിരുന്നു പ്രിയങ്ക വിശേഷിപ്പിച്ചത്. ‘വായു ഗുണനിലവാര സൂചിക 35 ആയ വയനാട്ടിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്കം ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നത് പോലെയാണ്. വിമാനത്തിൽനിന്നു നോക്കുമ്പോൾ, ഡൽഹിയെ പൊതിഞ്ഞിരിക്കുന്ന പുകപടലത്തിന്റെ കാഴ്ച ഞെട്ടിക്കുന്നതാണ്. ഓരോ വർഷവും മലിനീകരണം മോശമായി വരികയാണ്. ശുദ്ധ വായുവിനെ വീണ്ടെടുക്കാൻ കൂടിയാലോചനകൾ ഉണ്ടാവണം. കനമ്മൾ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു’– പ്രിയങ്ക  എക്സിൽ കുറിച്ചു.

English Summary:

As air pollution continues to plague Delhi, the government has implemented GRAP 3, imposing stricter restrictions on construction, transportation, and industrial activities. The move comes amidst rising hospital admissions and public outcry.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com