വ്യാപാര മേള രുചിക്കാം നാടൻ വിഭവങ്ങൾ ഹിറ്റാണ്, കേരള പവിലിയൻ
Mail This Article
ന്യൂഡൽഹി∙ രാജ്യാന്തര വ്യാപാര മേളയിൽ രുചിയുടെയും കരകൗശലത്തിന്റെയും വൈവിധ്യവുമായി സന്ദർശകരുടെ മനംകവർന്ന് കേരള പവിലിയൻ. അടുത്ത തിങ്കളാഴ്ച വരെ ഉയർന്ന ടിക്കറ്റ് നിരക്കുള്ള (500 രൂപ) ബിസിനസ് ദിനങ്ങളായിട്ടുകൂടി ആദ്യദിനം മുതൽ കേരള പവിലിയനിൽ വൻ തിരക്കാണ്. ഉണക്കമീൻ മുതൽ വാട്ടുകപ്പ വരെയുള്ള ഭക്ഷ്യ വിഭവങ്ങളും മുളയിൽ തീർത്ത മ്യൂറലും, ലാംപ് ഷേഡുകളും സ്പൈസ് ബോക്സും ബ്രാസ് പ്രൊപ്പല്ലറും അടക്കമുള്ള ഉൽപന്നങ്ങളും കേരള പവിലിയനെ വേറിട്ടതാക്കുന്നു. കേരളത്തിന്റെ തനത് മസാലകളും കറിക്കൂട്ടുകളും സുഗന്ധവ്യഞ്ജനങ്ങളും വേറെ. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ സ്റ്റാളിൽ താരം ചക്ക ഉൽപന്നങ്ങളാണ്. ചക്ക ബിസ്കറ്റ്, ചക്കപ്പുട്ടുപൊടി, ഡിഹൈഡ്രേറ്റഡ് ചക്ക, പൈനാപ്പിൾ ഒപ്പം ഫാം ഉൽപന്നങ്ങളും ലഭ്യമാണ്.
വ്യവസായ വാണിജ്യ വകുപ്പിന്റെ സ്റ്റാളുകളിൽ കേരളത്തിലെ ജിയോഗ്രാഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ലഭിച്ച ഉൽപന്നങ്ങളുടെ വൻ നിരയാണ് ഒരുക്കിയിരിക്കുന്നത്. വാക്വം ഫ്രൈഡ് വാഴപ്പഴത്തിന്റെയും ചക്കപ്പഴത്തിന്റെയും ചിപ്സ്, ചക്ക ചപ്പാത്തി പൊടി, മുരിങ്ങയിലയും മറ്റ് ഔഷധ സസ്യങ്ങളും ചേർത്ത് പൊടിച്ച ചെറു ധാന്യപ്പൊടി, മുരിങ്ങ മണിച്ചോളം പായസം മിക്സ്, മഷ്റൂം കോഫി മുതൽ തഴപ്പായ വരെ ലഭ്യമാണ്. പ്ലാന്റേഷന്റെ സ്റ്റാളിൽ വിവിധ തരം ചായപ്പൊടികൾ, കോഫി, ഏലം കുരുമുളക് എന്നിവ ലഭ്യമാണ്.
കയർ വികസന വകുപ്പിന്റെ സ്റ്റാളിൽ ജീയോ ടെക്സ്റ്റെയിൽസ്, ഗാർഡൻ ആർട്ടിക്കിൾസ്, ബ്രഷുകൾ, കയർ മെത്തകൾ മുതൽ ചെടിച്ചട്ടിയിൽ നിറയ്ക്കാനുള്ള ചകിരിച്ചോറ് വരെ ലഭ്യമാണ്. കേരഫെഡിന്റെ സ്റ്റാളിൽ തേങ്ങായുൽപന്നങ്ങളുടെ വൻ നിരയാണ് ഒരുക്കിയിരിക്കുന്നത്. തേങ്ങാപ്പീരയാണ് മുഖ്യയിനം. സഹകരണ വകുപ്പിന്റെ സ്റ്റാളിൽ മുഖ്യാകർഷണം വാട്ടിയ കപ്പയാണ് , ഒപ്പം അവലും ഉണക്ക ചക്കയും. കാട്ടുമഞ്ഞളും സുഗന്ധ വ്യഞ്ജനങ്ങളും ലഭിക്കും.എസ്. ടി ഡിപ്പാർട്മെന്റിന്റെ സ്റ്റാളിൽ വനവിഭവങ്ങളായ തേൻ, സൈലന്റ്‌വാലി കോഫി, തിന, റാഗി, കമ്പ് റവ, ചാമ പൊടി, ജാതി പത്രി എന്നിവയ്ക്കാണ് ആവശ്യക്കാർ കൂടുതൽ. കുടുംബശ്രീയുടെ സ്റ്റാളിൽ ഹൽവ, അവലോസുണ്ട മുതൽ ഉപ്പേരി ഐറ്റംസ് വരെയുണ്ട്. ഉണങ്ങിയ പാവയ്ക്ക, കാന്താരി എന്നിവയും ലഭ്യം. ഹാൻവീവിലും ഹാന്റെക്സിലും വസ്ത്രങ്ങൾക്ക് 20% വില കിഴിവ് ആരംഭിച്ചിട്ടുണ്ട്.
ഫിഷറീസിന്റെ സ്റ്റാളിൽ സോളർ ഡ്രൈയിങ് ടെക്നോളജി ഉപയോഗിച്ച് ഉണക്കിയ മീനുകൾ ലഭ്യമാണ്. മീൻ അച്ചാറുകളും ഒട്ടേറെ. ഔഷധി, കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ് വില്ലേജ്, കൈരളി, പഞ്ചായത്ത് വകുപ്പ്, കേരള സ്റ്റേറ്റ് ബാംബൂ മിഷൻ, സാംസ്കാരിക വകുപ്പ്, മാർക്കറ്റ്ഫെഡ്, അതിരപ്പിള്ളിയിലെ തനത് ഉൽപന്നങ്ങളുള്ള കൃഷി വകുപ്പ് എന്നിവയുടെ സ്റ്റാളുകളും ഉൽപന്നങ്ങളും കേരള പവിലിയനിൽ ലഭ്യമാണ്. സംസ്ഥാന ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേൽനോട്ടത്തിലാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്.
കർഷകരിൽനിന്ന് നേരിട്ട്
സഹകരണ സ്ഥാപനങ്ങളുടെ ബ്രാൻഡിങ്ങിനും പ്രൊമോഷനുമായിട്ടുള്ള കോപ് മാർട്ട് വഴി സഹകരണ സംഘങ്ങൾ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാണ് സഹകരണ വകുപ്പിന്റെ സ്റ്റാളുകളിൽ വിൽപനയ്ക്കെത്തിയിരിക്കുന്നത്. എല്ലാ ജില്ലകളിലും ഇത്തരം സഹകരണ സംഘങ്ങൾ പ്രവർത്തിക്കുന്നതിനാൽ അതാത് ജില്ലകളുടെ തനത് വിഭവങ്ങൾ ഇവിടെനിന്ന് വാങ്ങാം. ഉണക്കക്കപ്പ, ഉണക്ക ചക്ക, പൊക്കാളി ഉണക്ക ചെമ്മീൻ, പൊക്കാളി അരി, പൊക്കാളി പുട്ട് പൊടി, ഡ്രൈഡ് റോബസ്റ്റ പഴം, ഇടിയിറച്ചി, കൂവപ്പൊടി, ചക്കപ്പൊടി, തേങ്ങ വെള്ളത്തിൽ നിന്നുള്ള സ്ക്വാഷ്, തേങ്ങപ്പാൽ, വെളിച്ചെണ്ണ സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയ വിഭവങ്ങളാണ് തനത് രുചിയിൽ ലഭിക്കുക.
കൗതുകം, മുള മൈക്രോഫോൺ
∙ഗ്രാമഫോണിനെ അനുസ്മരിപ്പിക്കുന്ന ആകൃതിയിലുള്ള മുള ഉപകരണത്തിലേക്ക് ഫോൺ വച്ചാൽ ഉടൻ വലിയൊരു മൈക്രോഫോണായി ഉപകരണം മാറും. വിപണിയിലെ പല ബ്ലൂടൂത്ത് സ്പീക്കറുകളെയും പിന്നിലാക്കുന്ന ശബ്ദ വിസ്മയം തീർക്കുന്ന ഈ ബാംബൂ മൈക്രോഫോണിന് വൈദ്യുതിയും വേണ്ട, ബ്ലൂടൂത്തും വേണ്ട, എല്ലാം പ്രകൃതിദത്തം. രാജ്യാന്തര വ്യാപാര മേളയുടെ കേരള പവിലിയനിലെ ബാംബൂ മിഷൻ സ്റ്റാളിൽ ഇതുപോലെ ഒട്ടേറെ കരകൗശല വസ്തുക്കൾ വിൽക്കാനും പ്രദർശനത്തിനുമായി എത്തിയിട്ടുണ്ട്. മഴ പെയ്യുന്ന ശബ്ദമുണ്ടാക്കുന്ന ഗോത്ര വാദ്യോപകരണമായ ‘മഴമൂളി’, പേജുകൾ തുറക്കുമ്പോൾ യഥാർഥ സുഗന്ധവ്യഞ്ജനങ്ങൾ ലഭിക്കുന്ന ‘സ്പൈസ് ബുക്ക്’, പല ആകൃതിയിലും വലുപ്പത്തിലും കൗതുകമുണർത്തുന്ന ലാംപ് ഷേഡുകൾ എന്നിങ്ങനെ മുളയിൽ വിരിഞ്ഞ കലാ വൈദഗ്ധ്യം നിറഞ്ഞു നിൽക്കുകയാണ് ഈ സ്റ്റാളിൽ.
വയനാട്ടിലെ തൃക്കൈപേട്ടയിലെ ‘ഉറവ്’ സെന്ററിലാണ് ഇതിലേറെയും നിർമിച്ചിരിക്കുന്നത്. 26 ആദിവാസി സ്ത്രീകളാണ് മുള ശേഖരിക്കുന്നതടക്കം ഓരോ ഉപകരണങ്ങളും നിർമിക്കുന്നതിന്റെ പിന്നിലുള്ളത്. കോവിഡ് കാലത്ത് വരുമാനമില്ലാതെ കഷ്ടപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് താങ്ങായാണ് കരകൗശല വസ്തുക്കൾ നിർമിച്ച് വിപണിയിലെത്തിക്കുന്ന പദ്ധതിക്ക് ഉറവ് തുടക്കം കുറിച്ചത്. പിന്നീട് ഒട്ടേറെ ആദിവാസി കുടുംബങ്ങൾക്ക് കൈത്താങ്ങായി ഈ വിപണന കേന്ദ്രം മാറി. വ്യാപാരമേള സമാപിക്കുന്ന 27ന് വരെ സ്റ്റാൾ സന്ദർശിച്ച് മുള വസ്തുക്കൾ വാങ്ങാനുള്ള അവസരമുണ്ട്.