പൂക്കളുടെ ഉത്സവത്തിന് കാരണക്കാരനായ മദ്യപാനി
Mail This Article
∙ ഫൂൽവാലോ കി സൈർ (പൂക്കാരുടെ ഘോഷയാത്ര) എന്നൊരു ഉത്സവത്തെക്കുറിച്ച് കേൾക്കാത്തവർ ഡൽഹിയിലുണ്ടാവില്ല. മെഹ്‌റോളിയിൽ കുത്‌ബുദ്ദീൻ ബക്‌ത്യാർ കാക്കി എന്ന വിശുദ്ധന്റെ ശവകുടീരത്തിലും അടുത്തുള്ള യോഗമായ ക്ഷേത്രത്തിലും ഹിന്ദുക്കളും മുസ്‌ലിംകളും പൂക്കളർപ്പിക്കുന്ന മൂന്നു ദിവസത്തെ ഉത്സവം. ഈ ഉത്സവത്തിന്റെ തുടക്കത്തിന് കാരണക്കാരനായ വ്യക്‌തി നിസാമുദ്ദീൻ ദർഗ സമുച്ചയത്തിനുള്ളിൽ അമീർ ഖുസ്രുവിന്റെയും ജഹാനാരയുടെയും മുഹമ്മദ് ഷായുടെയും കല്ലറകൾക്ക് കിഴക്കായുള്ള വെണ്ണക്കൽ കുടീരത്തിൽ അന്ത്യവിശ്രമം കൊള്ളുകയാണെന്ന കാര്യം പലർക്കും അറിയില്ല.
19-ാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന മുഗൾ രാജാവ് അക്‌ബർ ഷാ രണ്ടാമന്റെ പുത്രനായിരുന്നു മിർസ ജഹാംഗീർ. മറ്റൊരു രീതിയിൽ പരിചയപ്പെടുത്തിയാൽ അവസാന മുഗൾ രാജാവ് ബഹദൂർ ഷാ സഫറിന്റെ അനുജൻ (അച്‌ഛനൊന്ന്, അമ്മ രണ്ട്).അമ്മ മുംതാസ് മഹലിന്റെ അമിതലാളനയിൽ വളർന്ന മിർസ ജഹാംഗീർ മദ്യപാനിയും ദുർനടപ്പുകാരനുമായിരുന്നു. യഥാർത്ഥ അധികാരം കൈയാളിയിരുന്ന ബ്രിട്ടിഷുകാർ വിലക്കിയിരുന്നെങ്കിലും സ്വന്തമായി ചെറിയൊരു അംഗരക്ഷകസേന തന്നെ കുമാരനോടൊപ്പമുണ്ടായിരുന്നു. (തോക്കുധാരികളായ അംഗരക്ഷകരുമായി ആഡംബരകാറുകളിൽ വിലസുന്ന ഇന്നത്തെ സമ്പന്നകുമാരന്മാരുടെ ഒരു പഴയപതിപ്പ്.) ഇയാളെ രാജാവാക്കാനായിരുന്നു മുംതാസിന്റെ ശ്രമം. ബ്രിട്ടിഷുകാരാകട്ടെ, ബഹാദൂർ ഷായെ പിൻഗാമിയായി പ്രഖ്യാപിക്കാൻ അക്‌ബർ ഷായുടെ മേൽ സമ്മർദം ചെലുത്തിക്കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ 1808-ൽ ഒരു ദിവസം ബ്രിട്ടിഷ് റസിഡന്റ് ആർ.ജി. സെറ്റൺ രാജാവിനെ സന്ദർശിക്കാനായി റെഡ് ഫോർട്ടിലേക്കു പ്രവേശിക്കവേ, മിർസ ജഹാംഗീറിന്റെ അംഗരക്ഷകരിലൊരാൾ അദ്ദേഹത്തിന്റെ നേർക്ക് നിറയൊഴിച്ചു. വെടിയുണ്ട സെറ്റണിന്റെ തൊപ്പിയിലേ തട്ടിയുള്ളെങ്കിലും ബ്രിട്ടിഷുകാർ കാര്യം ഗൗരവമായി കണക്കാക്കി. ഡൽഹിയിൽ പ്രവേശിച്ചുപോകരുതെന്ന താക്കീതോടെ മിർസ ജഹാംഗീറിനെ അവർ അലഹാബാദിലേക്ക് നാടുകടത്തി.പുത്രവിരഹത്തിൽ മനംനൊന്ത മുംതാസ്, മിർസയ്ക്ക് ഡൽഹിയിൽ മടങ്ങിവരാനായാൽ താൻ മെഹ്‌റോളിയിലെ കുത്‌ബുദ്ദീൻ ബക്‌ത്യാർ കാക്കിയുടെ കുടീരത്തിൽ നാല് തട്ട് പൂവിടാമെന്ന് നേർച്ച നേർന്നു. വൈകാതെ ബ്രിട്ടിഷുകാരുടെ മനസ്സലിഞ്ഞു. മിർസയെ മടങ്ങാൻ അവർ അനുവദിച്ചു.
റാണി തന്റെ നേർച്ച പാലിക്കാനൊരുങ്ങുന്നത് ഡൽഹിയിൽ അങ്ങാടിപ്പാട്ടായി. റാണിയും രാജാവും പരിവാരങ്ങളും നഗരത്തിലെ പൂക്കാരന്മാരും റെഡ്ഫോർട്ടിൽ നിന്ന് ഘോഷയാത്രയായി പുറപ്പെട്ട് നിസാമുദ്ദീൻ ദർഗയും സന്ദർശിച്ച് മെഹ്‌റോളിയിലെത്തി. റാണി നാല് തട്ടിൽ പുഷ്‌പാലങ്കാരം നടത്തിയപ്പോൾ പൂക്കാരന്മാർ ഒരു വലിയ പുഷ്‌പവിശറി അവരുടേതായി സമർപ്പിച്ചു. ഒപ്പം തൊട്ടടുത്തുള്ള യോഗമായാ ക്ഷേത്രത്തിലും. സുഫി വിശുദ്ധന് പൂക്കൾ നൽകുമ്പോൾ യോഗമായാദേവിക്കും നൽകണമെന്ന് അക്ബർ ഷാ നിഷ്ക്കർഷിച്ചതായും പറയപ്പെടുന്നു. ഈ ഘോഷയാത്രയുടെ ഓർമയ്ക്കായാണ് ഇന്നും ഫൂൽവാലോം കി സൈർ ഈ ഉത്സവം ആഘോഷിക്കുന്നത്.
1857–ലെ വിപ്ലവം അടിച്ചമർത്തിയ ബ്രിട്ടിഷുകാർ രാജസ്ഥാനം തന്നെ നിർത്തലാക്കി. അതോടെ മറക്കപ്പെട്ട ഉത്സവം സ്വാതന്ത്യ്രസമരക്കാലത്ത് ദേശീയതയുടെ പ്രതീകമായി പുനർജനിക്കുകയായിരുന്നു. 1940-കളിലെ ക്വിറ്റ് ഇന്ത്യ കാലത്ത് ബ്രിട്ടിഷുകാർ ഇത് നിരോധിച്ചു. സ്വാതന്ത്ര്യലബ്ധിയോടെ വീണ്ടും നഗരത്തിലെ പൂക്കാരന്മാരും പൂക്കാരികളും ഉത്സവം പുനരാരംഭിച്ചു. ഇന്നും എല്ലാകൊല്ലവും ഡൽഹി സർക്കാരിന്റെ സഹകരണത്തോടെ സെപ്റ്റംബർ–ഒക്ടോബർ മാസത്തിൽ മതസൗഹാർദ്ദത്തിന്റെ പ്രതീകമായി ഈ ഉത്സവം കൊണ്ടാടുന്നു.
മിർസ ജഹാംഗീറിലേക്ക് മടങ്ങാം. ഡൽഹിയിൽ മടങ്ങിയെത്തിയെങ്കിലും സ്വഭാവത്തിനു മാറ്റമൊന്നുമുണ്ടായില്ല. മദ്യപാനം പഴയതുപോലെ തുടർന്നു. വീണ്ടും ഏതോ കുറ്റത്തിന് അയാളെ ബ്രിട്ടിഷുകാർ നാടുകടത്തി. മുപ്പത്തിയൊന്നാം വയസ്സിൽ മരണമടഞ്ഞ മിർസയെ അലഹാബാദിൽ അടക്കിയെങ്കിലും പിന്നീട് 1832-ൽ ഇന്നത്തെ കല്ലറ നിർമിച്ച് ഇവിടെ വീണ്ടും അടക്കുകയായിരുന്നു.