രാജ്യാന്തര വ്യാപാര മേള: കാടിന്റെ നന്മ, കൃഷിയുടെ കരുത്ത്; ഉപജീവനമാക്കി 429 കുടുംബങ്ങൾ
Mail This Article
ന്യൂഡൽഹി ∙ ആർത്തലച്ച് ഒഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം, ആ ജലാശയത്തെ പൊതിഞ്ഞുകിടക്കുന്ന അതിരപ്പിള്ളി സംരക്ഷിത വനമേഖലയിലെ 14 ആദിവാസി സെറ്റിൽമെന്റുകളിലായി ആകെ 429 കുടുംബങ്ങൾ. കൃഷിയാണ് ഏക ഉപജീവനം. കാടിന്റെ ആവാസവ്യവസ്ഥയ്ക്ക് കോട്ടമേൽപിക്കാതെ ഒരുവിള കൃഷി മാത്രമായി പട്ടിണിയിൽ പതിറ്റാണ്ടുകളോളം ജീവിച്ച മനുഷ്യർ. അവരുടെ അതിജീവനകഥയുടെ പേരാണ് അതിരപ്പിള്ളി ട്രൈബൽ വാലി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി. വനവിഭവങ്ങൾ മാത്രം വിൽക്കുന്ന, ആദിവാസികൾ മാത്രം അംഗങ്ങളായുള്ള കേരളത്തിലെ ട്രൈബൽ കമ്പനിയാണിത്.
ഇന്ന് ആമസോണിലും ഫ്ലിപ്കാർട്ടിലും ഉൾപ്പെടെ നിരവധി ആവശ്യക്കാരുള്ള അതിരപ്പിള്ളി ട്രൈബൽ വാലിയുടെ ഉൽപന്നങ്ങൾ പ്രഗതി മൈതാനിയിൽ നടക്കുന്ന രാജ്യാന്തര വ്യാപാര മേളയിലും വൻ ഹിറ്റാണ്. ആദിവാസികൾ നേരിട്ട് ഉൾക്കാട്ടിൽ നിന്ന് ശേഖരിച്ച് കൊണ്ടുവരുന്ന വനവിഭവങ്ങളുടെയും ആദിവാസികൾ തന്നെ ഉൾവനത്തിൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെയും വൻ ശേഖരമാണ് കൂട്ടായ്മയുടെ സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്.
പാറക്കൂട്ടങ്ങളിൽ മാത്രം കൂടൊരുക്കുന്ന തേനീച്ചകളിൽ നിന്ന് ശേഖരിക്കുന്ന കുറുന്തേൻ, റോ ഫോറസ്റ്റ് ഹണി, ചെറുതേൻ, കാട്ടേലം, കാപ്പിപ്പൊടി, കുരുമുളക്, കുടംപുളി, ഷികകായ്, സൗന്ദര്യവർധക വസ്തുവായും ത്വക്ക് രോഗങ്ങൾക്ക് മരുന്നായും ഉപയോഗിക്കുന്ന മഞ്ഞക്കൂവ, കൊതുകിനെയും പ്രാണികളെയും തുരത്തുന്നതിനായി പുകയ്ക്കുന്നതിനുള്ള തെള്ളി എന്നിവ ലഭ്യമാണ്. സുഗന്ധവ്യഞ്ജനങ്ങളും പച്ചമരുന്നും ഒരേ സ്റ്റാളിൽ തന്നെ ലഭിക്കും. ശുദ്ധമായ വനവിഭവങ്ങൾ മിതമായ നിരക്കിൽ വാങ്ങാം എന്നതാണ് സ്റ്റാളിലെത്തിയാലുള്ള നേട്ടം. athirappillytribalvalley.com എന്ന വെബ്സൈറ്റിലൂടെയും ഉൽപന്നങ്ങൾ വാങ്ങാം.
പരമ്പരാഗത കൃഷിരീതി; മികച്ച ഉൽപന്നങ്ങൾ
സംസ്ഥാന കൃഷി വകുപ്പിന്റെ അതിരപ്പിള്ളി ട്രൈബൽ വാലി അഗ്രികൾചറൽ പ്രോജക്ടിന്റെ ഭാഗമായാണ് കമ്പനി രൂപീകരിച്ചത്. മുതുവാൻ, മലയൻ, കാടർ, ഉള്ളാടർ, മന്നാൻ എന്നീ ആദിവാസി വിഭാഗങ്ങളാണ് അതിരപ്പിള്ളി സെറ്റിൽമെന്റിലുള്ളത്. തികച്ചും പരമ്പരാഗതമായ കൃഷിരീതി പിന്തുടരുന്ന കുടുംബങ്ങളെ ഇടവിള രീതി പരിശീലിപ്പിക്കുകയാണ് ആദ്യം കൃഷി വകുപ്പ് ചെയ്തത്. അതിനായി വനിതാ സംഘങ്ങൾ രൂപീകരിച്ചു.
കാട്ടിനുള്ളിൽ കൃഷി ചെയ്യുന്ന വിത്തിനങ്ങളുടെ തൈകൾ ഉപയോഗിച്ച് തന്നെ തികച്ചും പ്രകൃതിദത്തമായ രീതിയിൽ ഇടവിളക്കൃഷിയും തുടങ്ങി. രാജ്യാന്തര സർട്ടിഫിക്കേഷൻ ഏജൻസിയായ റെയ്ൻ ഫോറസ്റ്റ് അലയൻസ് ലഭിച്ച കേരളത്തിലെ ഏക കർഷക ഗ്രൂപ്പാണിത്.