അലക്കിത്തേച്ച ഷർട്ടും പാന്റ്സും പോളിഷ് ചെയ്ത ഷൂസും നിർബന്ധം; ടാക്സി ഡ്രൈവർമാരോട് പൊലീസ്
Mail This Article
ന്യൂഡൽഹി∙ ‘അലക്കിത്തേച്ച ഷർട്ടും പാന്റ്സും പോളിഷ് ചെയ്ത ഷൂസും നിർബന്ധം. ഷർട്ട് ഇൻസേർട്ട് ചെയ്താൽ ഗംഭീരം. ജോലി സമയത്ത് പാനും ഗുഡ്കയും മദ്യപാനവും പുകവലിയും അനുവദിക്കില്ല. പെരുമാറ്റത്തിൽ സ്വീകാര്യതയും അച്ചടക്കവും ക്ഷമയും മര്യാദയുമുണ്ടാകണം. ഇംഗ്ലിഷ് ഉൾപ്പെടെ വിദേശഭാഷാ പരിജ്ഞാനമുള്ളവർക്ക് മുൻഗണന –’ ഒറ്റനോട്ടത്തിൽ ബഹുരാഷ്ട്ര കമ്പനിയിലേക്ക് പ്രൊഫഷനലുകളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പരസ്യമാണെന്ന് തോന്നിയാൽ തെറ്റി. ഡൽഹിയിലെ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, പാർലമെന്റ്, എംബസികൾ, മന്ത്രാലയങ്ങൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർ വേണ്ട പ്രഫഷനൽ യോഗ്യതകളാണിവ. ഇനി യോഗ്യതയിൽ അൽപം കുറവുണ്ടെങ്കിലും പരിഭ്രമം ഒട്ടും വേണ്ട. പ്രഫഷനലിസം പൊലീസ് പഠിപ്പിക്കും!
ഓട്ടോ –ടാക്സി ഡ്രൈവർമാർ വിനോദസഞ്ചാരികളെ ചൂഷണം ചെയ്യുന്നു, മര്യാദയായില്ലാതെ പെരുമാറുന്നു, അധിക കൂലി ഈടാക്കുന്നു തുടങ്ങിയ പരാതികൾകൊണ്ടു പൊറുതിമുട്ടിയ സാഹചര്യത്തിലാണ് ചട്ടം പഠിപ്പിക്കാൻ പൊലീസ് നേരിട്ടിറങ്ങുന്നത്. കോവിഡിനുശേഷം തണുത്തുപോയ വിനോദസഞ്ചാരമേഖലയെ ഉണർത്തുകയെന്ന ലക്ഷ്യവുമുണ്ട്. ഡ്രൈവർമാർക്കുള്ള പരിശീലനം തുടങ്ങിക്കഴിഞ്ഞു. വാഹനങ്ങൾ വൃത്തിയായി സൂക്ഷിക്കണമെന്നും നിർദേശമുണ്ട്. ഡൽഹി സന്ദർശിക്കുന്ന ഒരാൾ ആദ്യം ഇടപെുന്നത് ഓട്ടോറിക്ഷക്കാരുമായോ കാബ് ഡ്രൈവർമാരുമായോ ആയിരിക്കും. ഇവരുടെ പെരുമാറ്റം നഗരത്തെക്കുറിച്ചുള്ള സന്ദർശകരുടെ ധാരണയെ സ്വാധീനിക്കും. മാന്യമായി ഇടപെട്ടാൽ സഞ്ചാരികളിൽ സംസ്ഥാനത്തെക്കുറിച്ച് മതിപ്പുണ്ടാകുമെന്ന് പൊലീസ് വിലയിരുത്തുന്നു.
വേണം യൂണിഫോം
യൂണിഫോമില്ലാതെ വാഹനമോടിക്കുന്ന ടാക്സി, ഓട്ടോ ഡ്രൈവർമാർക്കെതിരെ ഇനി കർശന നടപടിയുണ്ടാകും. ഇക്കൊല്ലം നവംബർ 4 വരെ, യൂണിഫോം ഇല്ലാതെ വാഹനമോടിച്ചതിനു ന്യൂഡൽഹി റേഞ്ചിൽ മാത്രം ടാക്സി ഡ്രൈവർമാർക്ക് 4,481 ചലാനുകളും ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് 384 ചലാനും നൽകിയിട്ടുണ്ട്.