ADVERTISEMENT

പാലക്കാട് ∙ ഗവ.മെഡിക്കൽ കോളജിൽ ഔട്ട് പേഷ്യന്റ് (ഒപി) വിഭാഗവും ജനറൽ മെഡിസിനിൽ കിടത്തിച്ചികിത്സയും ഇന്ന് ആരംഭിക്കും. രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇഎൻടി, നേത്ര ചികിത്സ, മാനസികാരോഗ്യ ചികിത്സ, ദന്തരോഗം, ത്വക്‌രോഗം വിഭാഗങ്ങളിലാണ് ഇന്നു മുതൽ ഒപി ആരംഭിക്കുന്നത്. ജനറൽ മെഡിസിനിൽ കിടത്തിച്ചികിത്സയ്ക്കും സൗകര്യമുണ്ട്. ഇതര വിഭാഗങ്ങളിൽ കിടത്തിച്ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലാണു പ്രവേശിപ്പിക്കുക.

ജില്ലാ ആശുപത്രിയുടെ ക്ലിനിക്കൽ സൗകര്യങ്ങൾ ഉപയോഗിച്ചാണു നിലവിൽ മെഡിക്കൽ കോളജിന്റെ പ്രവർത്തനം. കോളജിൽ ഇതര ബ്ലോക്കുകളിലെ നിർമാണം 2 മാസത്തിനകം പൂർത്തിയാക്കി കൂടുതൽ വിഭാഗങ്ങളിൽ ചികിത്സ ആരംഭിക്കും. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി എ.കെ.ബാലൻ അധ്യക്ഷനാകും. മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.കെ.ശൈലജ, ജി.സുധാകരൻ എന്നിവരും പങ്കെടുക്കും. മെഡിക്കൽ കോളജിൽ നടക്കുന്ന ചടങ്ങി‍ൽ വി.കെ.ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, പാലക്കാട് നഗരസഭാധ്യക്ഷ പ്രിയാ അജയൻ, നഗരസഭാംഗം എം.ധന്യ തുടങ്ങിയവർ പങ്കെടുക്കും.

ഒപി തിങ്കൾ മുതൽ ശനി വരെ

ഒപി തൽകാലം പ്രവർത്തിക്കുക രണ്ടാം നമ്പർ ടവറിൽ.

ഇവിടെ ഒരുക്കിയ സൗകര്യങ്ങൾ ഇങ്ങനെ

താഴത്തെ നില

റജിസ്ട്രേഷൻ കൗണ്ടർ. കിടത്തിച്ചികിത്സാ വാർഡിലേക്കുള്ള പ്രവേശനവും ഇതുവഴിയാണ്

ഒന്നാം നില

കന്റീനിനായി കണ്ടെത്തിയ ഈ നിലയിലാണ് വിവിധ ലാബുകൾ, ഫാർമസി എന്നിവ തൽകാലം പ്രവർത്തിക്കുക.

രണ്ടാം നില

18 ഒപി യൂണിറ്റുകൾ. മുറിവ് കെട്ടൽ, തുന്നൽ പോലെ ചെറിയ തോതിലുള്ള ചികിത്സകൾ നൽകാനുള്ള സൗകര്യം ഇവിടെയുണ്ടാകും. രോഗികളെ താൽകാലിക നിരീക്ഷണത്തിലിരുത്താനുള്ള സൗകര്യവും ഉണ്ട്.

ലഭ്യമായ ഒപി സൗകര്യം

മെഡിസിൻ, സർജറി, ഇഎൻടി, മാനസികാരോഗ്യവിഭാഗം, ചർമരോഗ വിഭാഗം, ദന്തരോഗ വിഭാഗം, എല്ലുരോഗ വിഭാഗം, ശ്വാസകോശ വിഭാഗം എന്നീ ഒപികൾ ഇവിടെയുണ്ടാകും

വിവിധ ഒപികളുടെ ദിവസം

തിങ്കൾ: ജനറൽ മെഡിസിൻ, ജനറൽ സർജറി
ചൊവ്വ: ജനറൽ മെഡിസിൻ, മാനസികാരോഗ്യ വിഭാഗം, ചർമരോഗ വിഭാഗം
ബുധൻ: ജനറൽ മെഡിസിൻ, ജനറൽ സർജറി, ശ്വാസകോശ വിഭാഗം
വ്യാഴം: ജനറൽ മെഡിസിൻ, എല്ലുരോഗ വിഭാഗം
വെള്ളി: ജനറൽ മെഡിസിൻ, ഇഎൻടി
ശനി: ജനറൽ മെഡിസിൻ, ജനറൽ സർജറി, ദന്തരോഗ വിഭാഗം

ചികിത്സയ്ക്ക് പോകുന്നവർ അറിയാൻ

∙ രാവിലെ 8 മുതൽ ഒന്നു വരെയാണ് ഒപി സൗകര്യം ഉണ്ടാവുക
∙ ഒപി വിഭാഗം ജില്ലാ ആശുപത്രിയിലും തുടരും
∙ ഇരുന്നൂറിലധികം ഡോക്ടർമാരാണ് മെഡിക്കൽ കോളജിലുള്ളത്. ഇവരുടെ സേവനം ജില്ലാ ആശുപത്രിയിലും മെഡിക്കൽ കോളജ് ഒപിയിലുമായി ലഭിക്കും
∙ ഒരു ദിവസം 1500 പേർക്കെങ്കിലും മെഡിക്കൽ കോളജ് ഒപിയിൽ ചികിത്സ ലഭിക്കും
∙ 100 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്

ഒരു വർഷത്തിനുള്ളിൽ സർവസജ്ജം

ഒരു വർഷത്തിനുള്ളിൽ മെഡിക്കൽ കോളജ് സർവസജ്ജമാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. നിലവിൽ പൂർത്തീകരിച്ചതും ഇനി ലക്ഷ്യമിടുന്നതും ഇങ്ങനെ

പൂർത്തീകരിച്ചത്
1. എംബിബിഎസ് കോഴ്സ് ആരംഭിച്ചു
2. ഭാഗികമായി ഒപി, കിടത്തിച്ചികിത്സ

ഇനി വേണ്ടത്
1. 60 മുതൽ 90 ശതമാനം വരെയുള്ള നിർമാണ അവസ്ഥയിലുള്ള കെട്ടിടങ്ങളുടെ പൂർത്തീകരണം.
2. മുഴുവൻ ഒപി വിഭാഗങ്ങളും ആരംഭിക്കുക.
3. വാർഡുകളുടെ നിർമാണം പൂർത്തീകരിച്ച് കിടത്തിച്ചികിത്സ ഉറപ്പാക്കൽ. ആദ്യ ഘട്ടമായി ജനറൽ മെഡിസിൻ വാർഡ്. തുടർന്ന് ഓരോ വകുപ്പുകളുടെയും വാർഡുകൾ.
4. വിവിധ വിഭാഗങ്ങളുടെ ഓപ്പറേഷൻ തിയറ്ററുകൾ പൂർത്തീകരിക്കൽ.
5. ട്രോമാ കെയർ സംവിധാനം.
7. മെഡിക്കൽ പിജി കോഴ്സ് ആരംഭിക്കൽ.

മെഡിക്കൽ കോളജ്
ഇപ്പോഴുള്ളത് ഏഴാമത്തെ എംബിബിഎസ് ബാച്ചാണ്. രണ്ട് ബാച്ചുകൾ കോഴ്സ് കഴിഞ്ഞ് പുറത്തിറങ്ങി. 100 കുട്ടികൾക്കാണ് ഒരു വർഷം കോഴ്സിൽ പ്രവേശനം. പ്രവേശനത്തിന് ഓൾ ഇന്ത്യ ക്വാട്ടയിലെ സീറ്റുകൾ മാറ്റി നിർത്തിയാൽ പട്ടികവർഗ വിഭാഗത്തിലെ വിദ്യാർഥികൾക്ക് 82% സീറ്റ് സംവരണം ലഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com