ADVERTISEMENT

പാലക്കാട് ∙ ബ്രാഞ്ചുകളിൽ പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനിടെ വടക്കഞ്ചേരി ലേ‍ാക്കൽ കമ്മിറ്റി പിരിച്ചുവിടേണ്ടിവന്നത് ജില്ലയിലെ സിപിഐയിൽ ഗ്രൂപ്പുപ്രശ്നം രൂക്ഷമായിത്തുടങ്ങിയതിന്റെ സൂചനയെന്നു പാർട്ടി പ്രവർത്തകർ. ബ്രാഞ്ച് സമ്മേളനങ്ങൾ നടക്കുന്നതിനിടെയാണ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തുടങ്ങിയ ഗ്രൂപ്പു പ്രശ്നങ്ങളുടെ ഭാഗമായി  കഴിഞ്ഞ ദിവസം ലേ‍ാക്കൽ കമ്മിറ്റി പിരിച്ചുവിട്ടത്. പാർട്ടിയിൽ കാനം, കെ.ഇ. ഇസ്മായിൽ ഗ്രൂപ്പുകൾ തമ്മിലുളള അഭിപ്രായഭിന്നത ചില മണ്ഡലങ്ങളിൽ ശക്തമാണ്. മുൻ ജില്ലാ സെക്രട്ടറിയാണ് ഇപ്പേ‍ാഴും പാർട്ടി നിയന്ത്രിക്കുന്നതെന്ന് ഇസ്മായിൽപക്ഷം ആരേ‍ാപിക്കുന്നു. 

തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിൽ ഇരുപക്ഷവും ഒപ്പത്തിനെ‍ാപ്പമാണെങ്കിലും ഒറ്റപ്പാലത്തും ശ്രീകൃഷ്ണപുരത്തും കേ‍ാങ്ങാടും മേൽക്കൈ കാനംപക്ഷത്തിനാണ്. മണ്ണാർക്കാട് കെഇ ഗ്രൂപ്പിൽ വിള്ളലുണ്ടാക്കാനാണു മറുപക്ഷത്തിന്റെ ശ്രമം. അട്ടപ്പാടി, ചിറ്റൂർ, പാലക്കാട് മണ്ഡലങ്ങളിൽ കാനത്തെ തുണക്കുന്നവരാണ് കൂടുതലെന്ന് നേതൃത്വം അവകാശപ്പെടുന്നു. നെന്മാറയിൽ ഇരുപക്ഷവും ഒപ്പത്തിനെ‍ാപ്പം എന്നാണു കണക്കെങ്കിലും സംഘടനാപ്രശ്നങ്ങൾ ഒട്ടേറെയാണ്.

മലമ്പുഴ മണ്ഡലത്തിൽ കാനത്തിനും കുഴൽമന്ദത്തും ആലത്തൂരും കെഇ പക്ഷത്തിനുമാണു സ്വാധീനം. പട്ടാമ്പിയിൽ മണ്ഡലം സെക്രട്ടറി കാനത്തിനെ‍ാപ്പമെങ്കിൽ എംഎൽഎയും സംഘവും കെഇ വിഭാഗത്തേ‍ാട് ചേർന്നുനിൽക്കുന്നതായാണ് പാർട്ടിക്കുള്ളിലെ ചർച്ച. ജില്ലയിലെ മണ്ഡലങ്ങളിൽ ഇരുവിഭാഗവും ഏറിയും കുറഞ്ഞും അവകാശവാദം ഉന്നയിക്കുന്നു. മണ്ണൂരിൽനിന്ന് എത്തിയ സിപിഎമ്മുകാരും പാർട്ടിയിൽ ലയിച്ച സിഎംപി മുൻ ജില്ലാ സെക്രട്ടറി അടക്കമുള്ളവരും ഔദ്യേ‍ാഗിക പക്ഷത്തിനെ‍ാപ്പമെന്നാണു സൂചന.

വിഭാഗീയത കാരണം കഴിഞ്ഞ ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ് പുലർച്ചെ വരെ നീണ്ടു. ജില്ലാ കമ്മിറ്റിയിലേക്കു മത്സരിച്ചു തേ‍ാറ്റയാളെ സംസ്ഥാന കൗൺസിൽ ക്ഷണിതവാക്കിയ സംഭവവും ഉണ്ടായി. ഇത്തവണ സമ്മേളനം പൂർത്തിയാകുന്നതോടെ തങ്ങൾക്ക് ജില്ലയിൽ സംഘടന നിയന്ത്രിക്കാൻ കഴിയുന്ന സ്ഥിതിയുണ്ടാകുമെന്നാണ് കെഇ പക്ഷം  നേതാക്കളുടെ വാദം. മുൻ നേതൃത്വത്തിന്റെ പേ‍ാരായ്മകളും വീഴ്ചകളും സംഘടനാ തിരഞ്ഞെടുപ്പിൽ സ്വാധീനമുണ്ടാക്കാൻ സഹായിക്കുമെന്നും ഇവർ കണക്കൂകൂട്ടുന്നു. എന്നാൽ പാർട്ടി സമ്മേളനങ്ങളിൽ പരസ്യമായ ഗ്രൂപ്പു നിലപാടുകൾ സ്വീകരിക്കേണ്ടന്നാണ് മറുപക്ഷത്തിന്റെ നിലപാട്. ജില്ലയിലെ പാർട്ടിയിൽ ഒരു തരത്തിലുള്ള വിഭാഗീയതയും ഗ്രൂപ്പു തർക്കവും ഇല്ലെന്നും സമ്മേളനത്തേ‍ാടെ സംഘടന കൂടുതൽ വിപുലവും ശക്തവും ആകുമെന്നും ജില്ലാ നേതൃത്വം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com