അട്ടപ്പാടി ചുരം റോഡ് :ഗതാഗത നിയന്ത്രണം കർശനം; ഇരുചക്ര വാഹനങ്ങൾക്കും വിലക്ക് നിയന്ത്രണം 31 വരെ
Mail This Article
മണ്ണാർക്കാട് ∙ അട്ടപ്പാടി ചുരം റോഡിലെ ഗതാഗത നിയന്ത്രണം പൂർണം. അവശ്യ സർവീസുകൾ മാത്രമാണു കടത്തി വിടുന്നത്. ഒൻപതാം വളവിൽ സിമന്റ് കട്ട വിരിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണു നിയന്ത്രണം. ആംബുലൻസ്, പൊലീസ്, അഗ്നിരക്ഷാസേന എന്നീ അവശ്യ സേവനങ്ങൾക്കുള്ള വാഹനങ്ങൾ മാത്രമാണു കടത്തിവിടുന്നത്. ഇരുചക്ര വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി.
യാത്രക്കാർക്കായി ഒൻപതാം വളവിന്റെ ഇരുവശത്തും അര മണിക്കൂർ ഇടവിട്ട് ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ ഗതാഗത നിയന്ത്രണം തുടങ്ങിയതോടെ പ്രതിഷേധവുമായി യാത്രക്കാരെത്തി. ക്രിസ്മസ് അവധിക്കു നാട്ടിൽപോയി തിരികെ വരുന്ന ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ള അട്ടപ്പാടിയിലെ ജീവനക്കാരും അട്ടപ്പാടിയിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കു പോകുന്ന യാത്രക്കാരും ഉൾപ്പെടെ നൂറുകണക്കിനു പേർ ദുരിതത്തിലായി. ഇരുചക്ര വാഹനങ്ങൾ ആനമൂളി ചെക്പോസ്റ്റിലും മുക്കാലി ചെക്പോസ്റ്റിലും തടഞ്ഞു. ഇതു കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കി.
അട്ടപ്പാടിയിൽനിന്ന് ഉള്ളവർക്ക് നിയന്ത്രണമുള്ള ഭാഗം വരെ എത്താൻ മണിക്കൂറുകൾ കാത്തു നിന്ന ശേഷമാണ് ബസ് ലഭിച്ചതെന്ന് യാത്രക്കാർ പറഞ്ഞു. അട്ടപ്പാടിയിൽ നിന്ന് എത്തിയ ബസിലുള്ള വരെ പത്താം വളവിലും മണ്ണാർക്കാട് നിന്നുള്ള ബസ് യാത്രക്കാരെ ഒൻപതാം വളവിൽ പണി നടക്കുന്ന ഭാഗത്തുമാണ് ഇറക്കിവിടുന്നത്. ഇരു വശത്തേക്കുമുള്ളവർ നടന്നാണ് അപ്പുറവും ഇപ്പുറവും എത്തുന്നത്. കുട്ടികളെയും ലഗേജുമൊക്കെയായി എത്തിയവർ ഏറെ പ്രയാസപ്പെട്ടു. രാവിലെ 11ന് ഒറ്റപ്പാലം സബ് കലക്ടർ ഡി.ധർമലശ്രീ സ്ഥലത്തെത്തി നിർമാണവും യാത്രാ ക്രമീകരണങ്ങളും വിലയിരുത്തി.
31നു വൈകിട്ട് 6 വരെയാണു നിയന്ത്രണം. ഇന്നു മുതൽ 4 ബസുകൾ ഇരു ഭാഗങ്ങളിലും ക്രമീകരിച്ചിട്ടുണ്ടെന്ന് മണ്ണാർക്കാട് ഭൂരേഖ തഹസിൽദാർ എം.കെ.സക്കീർ ഹുസൈൻ, ഡപ്യൂട്ടി തഹസിൽദാർ എസ്.ജയശ്രീ എന്നിവർ അറിയിച്ചു. അതേസമയം ഇരുചക്ര വാഹനമെങ്കിലും കടത്തിവിടാനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.