ADVERTISEMENT

ആലത്തൂർ∙ താലൂക്കിലെ രണ്ടാം വിള നെല്ലു സംഭരണം ദ്രുതഗതിയിൽ. ആലത്തൂർ, കുഴൽമന്ദം, നെന്മാറ ബ്ലോക്കുകളിലെ 18 കൃഷിഭവനുകളിലെ 30,478 കർഷകരുടെ 36,693 ഏക്കർ പാടത്തെ നെല്ലാണ് ആലത്തൂർ താലൂക്കിൽനിന്നു സംഭരിക്കേണ്ടത്. സംഭരിക്കുന്നതിനായി കർഷക റജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള സമയം മാർച്ച് 15 ന് അവസാനിച്ചു. അതത് കൃഷിഭവൻ പരിധിയിൽനിന്നു റജിസ്ട്രേഷൻ ചെയ്തിട്ടുള്ള കർഷകരുടെ അപേക്ഷകൾ കൃഷിഭവൻ തലത്തിൽ വിസ്തൃതി, ഇനം എന്നിവയുടെ കൃത്യത ഉറപ്പാക്കിയാൽ പാഡിമാർക്കറ്റിങ് ഓഫിസറുടെ ലോഗിനിലേക്ക് എത്തുന്നു. പാഡിമാർക്കറ്റിങ് ഓഫിസർ അംഗീകാരം നൽകുന്നതോടെ പാടശേഖരം മിൽ അലോട്മെന്റിനായി തയാറായി കഴിഞ്ഞു. ഡൈനാമിക് അലോക്കേഷൻ വഴി പൂർണമായും ഓൺലൈൻ ആയാണ് മില്ലുകളുടെ അലോട്മെന്റ് നടക്കുന്നത്. 

  കർഷകന് സ്വന്തം ഉടമസ്ഥാവകാശം ഉള്ള ഭൂമിയിൽ പരമാവധി 2 ഹെക്ടർ വരെ സി ഫോമിലും നെല്ല് സംഭരണത്തിനായി റജിസ്റ്റർ ചെയ്യാവുന്നതാണ്. താലൂക്കിൽ കൃഷി ഓഫിസർ അപ്രൂവ് ചെയ്ത എല്ലാ പാടശേഖര സമിതികൾക്കും മില്ല് അലോട്ട് ചെയ്തു കഴിഞ്ഞു. ഫീൽഡ്സ്റ്റാഫുകളെ ഓരോ പഞ്ചായത്തിലേക്കും വിന്യസിച്ചിട്ടുണ്ട്. പിഎംഒ അഡ്മിൻ ആയിട്ടുള്ള വാട്സാപ് ഗ്രൂപ്പ് വഴി മില്ല് അലോട്ട് ചെയ്യുന്ന വിവരം അപ്പോൾ തന്നെ താലൂക്കിലെ എല്ലാ കൃഷിഓഫിസർമാരിലേക്കും എത്തിക്കുന്നുണ്ട്. കൃഷിഓഫിസറുടെ ലോഗിനിൽ വെരിഫിക്കേഷന് 45 ദിവസം അധികരിച്ച അപേക്ഷകൾ കൃഷിഓഫിസറുടെ അപേക്ഷ പ്രകാരം ഉടനെ അൺലോക്ക് ചെയ്തു കൊടുക്കുന്നതു വഴിയും സുഗമമായി നെല്ല് സംഭരണം നടത്താൻ സാധിക്കുന്നുണ്ട്. താലൂക്കിൽ സംഭരിച്ച് പ്രോസസ് ചെയ്ത് അരിയാക്കി മില്ലുകളിൽ സൂക്ഷിച്ചിട്ടുള്ള അരിയുടെ ഗുണനിലവാരം ഉറപ്പാക്കി പൊതുവിതരണ സംവിധാനത്തിലേക്ക് എത്തിക്കുക എന്ന ഉത്തരവാദിത്വവും പാഡിമാർക്കറ്റിങ് ഓഫിസർമാർക്കുണ്ട്.

താലൂക്കിൽ ഉൾപ്പെടുന്ന ശ്രീധർ, ജയഭാരത് മില്ലുകളിലെ ഗുണനിലവാരം ഉറപ്പാക്കി ലിഫ്റ്റിങിന് തയ്യാറായി കഴിഞ്ഞു. ആലത്തൂർ പിഎംഒ യുടെ കീഴിൽ 13 മില്ലുകളാണ് ജില്ലയിൽ ഉള്ളത്. മറ്റു മില്ലുകളിലെയും ഗുണനിലവാരം ഉറപ്പാക്കി അരി ലിഫ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം ദിനംപ്രതി ചെയ്തു വരുന്നു. ആലത്തൂർ പിഎംഒ യ്ക്ക് ചിറ്റൂർ താലൂക്കിന്റെ അധിക ചുമതലകൂടി നൽകിയിട്ടുണ്ട്. എങ്കിലും രണ്ട് താലൂക്കിലെയും കർഷക റജിസ്ട്രേഷനും മില്ല് അലോട്മെന്റും നടക്കുന്നുണ്ടെന്ന് പിഎംഒ ജി.കവിത അറിയിച്ചു. ഏക്കറിന് 2200 കിലോ വീതമാണ് കർഷകരിൽനിന്നു സംഭരിക്കുന്നത്. ഓരോ പാടശേഖരത്തിലും 50 ശതമാനം കർഷകരുടെ അപേക്ഷ കൃഷിഓഫിസർമാർ പരിശോധിച്ച് പിഎംഒ യ്ക്ക് സമർപ്പിച്ചാൽ മില്ല് അലോട്മെന്റ് പിഎംഒ യ്ക്ക് നടത്താൻ കഴിയും. അതോടെ കുറച്ച് കൂടി കർഷകർക്ക് സുഗമമായി നെല്ലുസംഭരണം നടത്താൻ കഴിയുമെന്നും പിഎംഒ ജി.കവിത അറിയിച്ചു.

വൈക്കോലിന് ആവശ്യക്കാരേറെ

കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നിന്നു വൈക്കോൽ വാങ്ങാൻ ഇത്തവണ ആവശ്യക്കാരേറെ. കർഷകർ തന്നെ സ്വന്തം ചെലവിൽ കെട്ടുകളാക്കി സൂക്ഷിക്കേണ്ട ബുദ്ധിമുട്ടിന് ഇനി ആശ്വാസമാകും. പാടത്തു കിടക്കുന്ന വൈക്കോൽ ഏജന്റുമാർ വഴി മറ്റു ജില്ലകളിലേക്കു കൊണ്ടുപോകുകയാണു ചെയ്യുന്നത്. കോഴിക്കോട് മേഖലയിൽ നിന്നുള്ള ആവശ്യക്കാർ ഒരേക്കർ സ്ഥലത്തുള്ള വൈക്കോലിന് 5000 രൂപ മൊത്ത വിലയാണ് നൽകുന്നത്. ഒരേക്കറിൽ നിന്നു 50 മുതൽ 60 ചുരുട്ട് വരെ ലഭിക്കും. വലിയ രീതിയിൽ കന്നുകാലി ഫാം നടത്തുന്നവരാണ് കൊണ്ടു പോകുന്നത്. അതത് പ്രദേശത്തെ ക്ഷീരകർഷകരും വൈക്കോൽ വാങ്ങി സൂക്ഷിക്കുന്നുണ്ട്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com