കണ്ടമംഗലത്ത് നികത്തിയ തോട് പൂർവസ്ഥിതിയിലാക്കി
Mail This Article
മണ്ണാർക്കാട്∙ കോട്ടോപ്പാടം 3 വില്ലേജ് പരിധിയിൽ കണ്ടമംഗലം പള്ളാട് ഭാഗത്തു നീരൊഴുക്കു തടസ്സപ്പെടുത്തി തള്ളിയ കെട്ടിടാവശിഷ്ടങ്ങൾ റവന്യു വകുപ്പ് നീക്കം ചെയ്തു പൂർവസ്ഥിതിയിലാക്കി. ഒറ്റപ്പാലം സബ് ഡിവിഷനൽ മജിസ്ട്രേട്ടിന്റെ ഉത്തരവു പ്രകാരമാണു നടപടി. തോട്ടിലെ നീരൊഴുക്കു തടസ്സപ്പെടുത്തിയതു മൂലം സ്വത്തിനും കൃഷിക്കും വീടിനും നാശമുണ്ടാകുമെന്നു കാണിച്ചു ബെന്നി പരാതി പരിഹാര അദാലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
റവന്യു വകുപ്പ് നടത്തിയ പരിശോധനയിൽ പരാതിയിൽ വസ്തുതയുണ്ടെന്നു കണ്ടെത്തിയിരുന്നു. തുടർന്നു പൂർവസ്ഥിതിയിലാക്കാൻ സ്ഥലമുടമ ഐനെല്ലി പോക്കറിനു വില്ലേജ് ഓഫിസർ നോട്ടിസ് നൽകിയെങ്കിലും പഴയ നിലയിലാക്കിയില്ല. തോട്ടിൽ തള്ളിയ മണ്ണും കെട്ടിടാവശിഷ്ടങ്ങളും കല്ലും മണ്ണാർക്കാട് താലൂക്ക് ഇൻസിഡന്റ് കമാൻഡർ കൂടിയായ തഹസിൽദാർ കെ.ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മണ്ണുമാന്തി ഉപയോഗിച്ചു നീക്കി തോട് പൂർവസ്ഥിതിയിലാക്കി. ഡപ്യൂട്ടി തഹസിൽദാർമാരായ കെ.രാമൻകുട്ടി, അബ്ദുറഹ്മാൻ പോത്തുകാടൻ, കോട്ടോപ്പാടം 3 വില്ലേജ് ഓഫിസർ അനിൽകുമാർ എന്നിവരും തഹസിൽദാർക്കൊപ്പം ഉണ്ടായിരുന്നു.