മുതുവല്ലിയിൽ കനാൽ ബണ്ടിൽ ചോർച്ച, വീടുകൾക്കു ഭീഷണി
Mail This Article
മണ്ണാർക്കാട് ∙ തെങ്കര മുതുവല്ലി നിവാസികളുടെ ഉറക്കംകെടുത്തി എവിഐപി കനാൽ. കനാലിൽ നിന്ന് ചോരുന്ന വെള്ളം ഒഴുകുന്നത് വീടുകളുടെ തറകൾക്കുള്ളിലൂടെ. ശുചിമുറി പോലും ഉപയോഗിക്കാനാവാതെ പ്രദേശവാസികൾ. അട്ടപ്പാടി വാലി ഇറിഗേഷൻ പ്രോജക്ടിന്റെ (എവിഐപി) ഭാഗമായി നിർമിച്ച ആനമൂളി– ഗോവിന്ദപുരം കനാലിലൂടെയാണ് മുതുവല്ലി നിവാസികൾക്ക് ദുരിതം ഒഴുകിയെത്തുന്നത്.
തെങ്കര മുതുവല്ലിയിലെ കനാലിന്റെ താഴ്ഭാഗത്തുള്ളവരാണ് ദുരിതം അനുഭവിക്കുന്നത്. സിമന്റ് ഉപയോഗിക്കാതെ കരിങ്കൽ അടുക്കിവച്ച് മണ്ണ് നിറച്ച കനാൽ ബണ്ടിലൂടെ ചോരുന്ന വെള്ളം താഴ്ഭാഗത്തെ വീട്ടുകാരുടെ വീടുകളുടെ തറകൾക്കുള്ളിലൂടെയാണ് ഒഴുകുന്നത്. കാനിൽ നിന്ന് വെള്ളം ചോരുന്നതിനാൽ ശുചിമുറികളുടെ ടാങ്ക് നിറഞ്ഞിരിക്കുകയാണ്. ഇതുകാരണം ശുചിമുറികൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വീടുകളുടെ മൺചുമരുകൾ നനഞ്ഞുകുതിർന്നാണ് നിൽക്കുന്നത്. പ്രായമായവരും രോഗബാധിതരും ഉൾപ്പെടെയുള്ളവർ ഈ വീടുകളിലുണ്ട്. വേനൽക്കാലത്ത് കനാൽ കൊണ്ട് ഉപയോഗമില്ലെന്നു മാത്രമല്ല, മഴക്കാലത്ത് ഉപദ്രവമാണെന്നും നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ കൃഷിക്ക് ജലസേചനത്തിനായി എവിഐപി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ചതാണ് കനാൽ.
കനാൽ നിർമാണം പൂർത്തിയായെങ്കിലും എവിഐപി പദ്ധതി പാതിവഴിയിൽ നിലച്ചു. നിലവിൽ കാഞ്ഞിരപ്പുഴ ഡാമിലെ വെള്ളമാണ് കനാലിലൂടെ വിടുന്നത്. കനാൽ വൃത്തിയാക്കാത്തതിനാൽ പലയിടത്തും വെള്ളം ചോർന്നുപോകുന്ന സ്ഥിതായണ്. മുതുവല്ലിയിൽ കനാൽ ബണ്ട് പൊട്ടി റോഡിലൂടെയാണ് വെള്ളം ഒഴുകുന്നത്.
മൈനർ ഇറിഗേഷന്റെ കീഴിലാണ് കനാൽ. കഴിഞ്ഞ ദിവസത്തെ കനത്ത മഴയിൽ ഈ കനാലിന്റെ പാർശ്വഭിത്തി തകർന്ന് വീട്ടിലേക്ക് മറിഞ്ഞിരുന്നു. പ്രയാസങ്ങൾക്കു പരിഹാരം കാണാൻ ഇന്ന് മൈനർ ഇറിഗേഷൻ എൻജിനീയറുടെ നേതൃത്വത്തിലുള്ള സംഘം മുതുവല്ലിയിൽ എത്തി പ്രശ്നപരിഹാരത്തിന് പദ്ധതി തയാറാക്കുമെന്ന് സ്ഥലം സന്ദർശിച്ച എൻ.ഷംസുദ്ദീൻ എംഎൽഎ പറഞ്ഞു.