ADVERTISEMENT

കോട്ടയ്ക്കൽ ∙ ശിഷ്യർക്ക് ഏറെ പ്രിയപ്പെട്ട ആശാൻ, മികച്ച നടൻ, ഒന്നാന്തരം സംഘാടകൻ... അന്തരിച്ച കഥകളി ആചാര്യൻ കോട്ടയ്ക്കൽ ഗോപി നായർ (97) എല്ലാ അർഥത്തിലും ബഹുമുഖ പ്രതിഭയായിരുന്നു. നാലു പതിറ്റാണ്ടുകാലം അദ്ദേഹം കോട്ടയ്ക്കൽ ആര്യവൈദ്യശാലയ്ക്കു കീഴിലുള്ള പിഎസ്‌വി നാട്യസംഘത്തിൽ  പ്രവർത്തിച്ചു. വിദ്യാർഥിയായി വന്നയാൾ പടികളിറങ്ങിയത് പ്രധാന ആശാനായാണ്.

പതിമൂന്നാമത്തെ വയസ്സിൽ അച്ഛന്റെ മരുമകൻ കൂടിയായ കഥകളി നടൻ ശങ്കുണ്ണി നായർക്കുകീഴിൽ പഠനം തുടങ്ങി. പൂമുള്ളി മനയിൽ വച്ചായിരുന്നു അരങ്ങേറ്റം. പട്ടിക്കാംതൊടി രാമുണ്ണി മേനോൻ, കവളപ്പാറ നാരായണൻ നായർ, തേക്കിൻകാട്ടിൽ രാവുണ്ണിനായർ തുടങ്ങിയ ഗുരുക്കൻമാർക്കും ശിഷ്യപ്പെട്ടു.

1945ൽ ആണ് കോട്ടയ്ക്കൽ നാട്യസംഘത്തിലെത്തുന്നത്. അന്നത്തെ പ്രധാനാധ്യാപകൻ വാഴേങ്കട കുഞ്ചുനായരുടെ കീഴിൽ പഠിക്കാൻ സാധിച്ചതാണ്  ജീവിതത്തിലെ വഴിത്തിരിവ്.ബ്രാഹ്മണൻ, നാരദൻ, കുചേലൻ തുടങ്ങിയ മിനുക്കു വേഷങ്ങളും മറ്റു വേഷങ്ങളും അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു.

കോട്ടയ്ക്കൽ ചന്ദ്രശേഖര വാരിയർ മുതൽ കോട്ടയ്ക്കൽ ദേവദാസ് വരെയുള്ള തലമുറകളുടെ ആശാനായിരുന്നു. ശിഷ്യരെ മക്കളെപ്പോലെ സ്നേഹിച്ച വാത്സല്യനിധിയായിരുന്നു ഗോപി നായരെന്ന് ശിഷ്യനും നാട്യസംഘം മുൻ പ്രധാനാധ്യാപകനുമായ കേശവൻ കുണ്ടലായർ പറയുന്നു. അണിയറയിലും അരങ്ങിലും ഒരുപോലെ തിളങ്ങാൻ അദ്ദേഹത്തിനായി.

വിശ്വംഭര ക്ഷേത്രോത്സവ സമയത്തും ആര്യവൈദ്യശാലയുമായി ബന്ധപ്പെട്ട മറ്റു വിശേഷവേളകളിലും അദ്ദേഹത്തിന്റെ സംഘാടന മികവ് സ്ഥാപനത്തിനു മുതൽക്കൂട്ടായി. മുൻ മാനേജിങ് ട്രസ്റ്റി ഡോ. പി.കെ.വാരിയരുമായി ഹൃദയബന്ധം കാത്തു.1986ൽ നാട്യസംഘത്തിൽനിന്നു വിരമിക്കേണ്ട സമയത്ത് പ്രധാനാധ്യാപകനായി തുടരാൻ ആര്യവൈദ്യശാല അധികൃതർ നിർദേശിക്കുകയായിരുന്നു. 70 വയസ്സുവരെ പദവിയിൽ തുടർന്നു. അതിനുശേഷം ജൻമനാടായ കൂറ്റനാട്ടേക്കു പോയെങ്കിലും  കോട്ടയ്ക്കലുമായുള്ള അടുപ്പം തുടർന്നു. സപ്തതിയും നവതിയുമെല്ലാം ആഘോഷിച്ചതും കോട്ടയ്ക്കലിന്റെ കൂടി പങ്കാളിത്തത്തോടെ ആയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com