ഇന്ത്യൻ പൗരത്വത്തിന് കാത്തിരുന്നത് 35 വർഷം; 58 വർഷമായി രാധ ജീവിക്കുന്നത് ഇന്ത്യയിലും!
Mail This Article
വാളയാർ ∙ പൗരത്വ രേഖ ഏറ്റുവാങ്ങിയപ്പോൾ പുതുശ്ശേരി ശിവപാർവതിപുരം കല്ലങ്കണ്ടത്തു വീട്ടിൽ യു.രാധയുടെ ഹൃദയം അഭിമാനവും സന്തോഷവും കൊണ്ടു നിറഞ്ഞു. ഈ സ്വപ്ന നിമിഷത്തിനായി രാധയ്ക്കു വേണ്ടി വന്നതു 35 വർഷത്തെ കാത്തിരിപ്പാണ്. മലേഷ്യയിൽ ജനിച്ചെങ്കിലും 58 വർഷമായി ഈ വീട്ടമ്മ ജീവിക്കുന്നത് ഇന്ത്യയിലാണ്. സാങ്കേതികത്വവും പ്രതിസന്ധികളുമാണ് ഇവരുടെ ഇന്ത്യൻ പൗരത്വം വൈകിപ്പിച്ചത്.
പത്തിരിപ്പാല പേരൂരിൽ ഗോവിന്ദൻ നായരുടെയും ശ്രീദേവി അമ്മയുടെയും രണ്ടാമത്തെ മകളായ രാധ 1964ൽ മലേഷ്യയിലാണു ജനിച്ചത്. ഗോവിന്ദൻ നായർ ജോലിക്കായി മലേഷ്യയിലെത്തിയതായിരുന്നു. ജനന ശേഷം അമ്മയും കുട്ടിയായ രാധയും സ്വന്തം നാടായ പത്തിരിപ്പാലയിലേക്കു തിരിച്ചെത്തി. സ്‌കൂൾ വിദ്യാഭ്യാസം പത്തിരിപ്പാലയിൽ ആരംഭിച്ചു. പത്തിരിപ്പാല ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്എസ്എൽസി പൂർത്തിയാക്കി. ഇതിനിടെ അച്ഛന്റെ ആവശ്യ പ്രകാരം ജോലി തേടി പാസ്പോർട്ട് എടുത്ത് 1980ൽ രാധ മലേഷ്യയിലേക്ക് പോയി. 1981ൽ വീണ്ടും തിരിച്ചെത്തി ഇവിടെ തുടർന്നു. പിന്നീട് 1985ൽ കഞ്ചിക്കോട് പ്രീകോട്ട് മിൽ ജീവനക്കാരനായ പുതുശ്ശേരി കല്ലങ്കണ്ടത്ത് കെ.രാധാകൃഷ്ണനെ വിവാഹം കഴിച്ചു. വിവാഹ ശേഷം മലേഷ്യയിലേക്ക് ഒരിക്കൽ കൂടി പോവാൻ താൽപര്യം കാണിച്ചു പാസ്പോർട്ട് പുതുക്കാൻ ശ്രമിച്ചു.
ഇതോടെയാണു പൗരത്വം സംബന്ധിച്ച അനിശ്ചിതത്വം തുടങ്ങിയത്. ജനനത്തിലൂടെ രാധയുടെ പൗരത്വം മലേഷ്യയിലായതിനാൽ ഇന്ത്യൻ പൗരത്വം നേടാൻ അപേക്ഷ നൽകണമെന്നും അതുവരെ ഇവിടെ കഴിയാൻ മലേഷ്യൻ ഹൈക്കമ്മിഷണറുടെ അനുമതി വേണമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചു. തുടർന്ന് 1988ൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷ നൽകി. സാങ്കേതിക തടസ്സങ്ങളും വിവിധ പ്രതിസന്ധികളും അപേക്ഷ തീർപ്പാക്കാൻ കാലതാമസമുണ്ടാക്കി. ജില്ലാ കലക്ടറേറ്റ് മുതൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയ വകുപ്പ് ഓഫിസ് വരെ വർഷങ്ങളായി കയറിയിറങ്ങി. കേന്ദ്രമന്ത്രിമാർ മുതൽ ഒട്ടേറെ പേർക്ക് ഒട്ടേറെ തവണ അപേക്ഷകളും നിവേദനങ്ങളും നൽകി. രാധയ്ക്കു പിന്തുണയുമായി ഭർത്താവ് രാധാകൃഷ്ണനും മക്കളായ ഗിരിധരനും ഗിരിജയും കൂടെയുണ്ടായിരുന്നു.
ഒടുവിൽ ഒരു കുടുംബത്തിന്റെ മുഴുവൻ സ്വപ്ന സാക്ഷാത്ക്കാരമെന്നോണം ഇന്നലെ കലക്ടറേറ്റിൽ ജില്ലാ കലക്ടർ ഡോ.എസ്.ചിത്രയിൽ നിന്നു പൗരത്വ രേഖ രാധ ഏറ്റുവാങ്ങി. മലേഷ്യയിൽ ജനിച്ച രാധയുടെ മൂത്ത സഹോദരൻ യു.മുരളീധരൻ നിലവിൽ കുടുംബവുമൊത്ത് മലേഷ്യയിലാണ് താമസിക്കുന്നത്. ഇളയ സഹോദരൻ മോഹന കൃഷ്ണൻ ബെംഗളൂരുവിലും താമസിക്കുന്നു.