ADVERTISEMENT

കാഞ്ഞിരപ്പുഴ ∙ ഈ മഴക്കാലത്തു കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നത് 36 ദിവസം! ജില്ലയിലെ മറ്റു ഡാമുകളിൽ വെള്ളം നിറയാൻ ഇനിയും മഴ വേണമെന്നിരിക്കെ കാഞ്ഞിരപ്പുഴ ഡാമിൽ ‘ഒരു ഡാം’ നിറയാനുള്ള വെള്ളം  ഇത്തരത്തിൽ തുറന്നു വിട്ടിട്ടുണ്ടാകും. ഇനിയെങ്കിലും ഡാമിലെ ചെളി നീക്കം ചെയ്തു സംഭരണ ശേഷി വർധിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തം. 

മഴക്കാലം ആരംഭിച്ച ശേഷം ജൂലൈ 21നാണ് ആദ്യം മൂന്നു ഷട്ടറുകളും ഉയർത്തിയത്. ഡാമിന്റെ പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ്. ജലനിരപ്പ് 96 മീറ്റർ കടന്നതോടെയാണു തുറന്നത്. പിന്നീട് മഴ കൂടുന്നതോടൊപ്പം ഷട്ടറുകൾ തുറന്നുകൊണ്ടിരുന്നു. 

ആദ്യം 5 സെന്റീമീറ്റർ ഉയർത്തി.പിന്നീട് 40 സെന്റീമീറ്റർ വീതം ഉയർത്തി. മഴ കുറഞ്ഞതോടെ അടച്ചു. ഇതിനിടെ ഇടതുകര കനാലിലൂടെയും വെള്ളം തുറന്നുവിട്ടു. ഇതിനിടെ മഴ കൂടുകയും പാലക്കയത്ത് ഉരുൾപൊട്ടൽ ഉണ്ടാവുകയും ചെയ്തതോടെ ഓരോ ഷട്ടറുകൾ 70 സെന്റീമീറ്റർ വീതം ഉയർത്തുന്ന സാഹചര്യവും ഉണ്ടായി. മഴ കുറഞ്ഞതോടെ കഴിഞ്ഞ ദിവസമാണു ഷട്ടറുകൾ അടച്ചത്. 

മൂന്നര മാസത്തിനിടെ 36 ദിവസം ഷട്ടറുകൾ തുറന്നു വെള്ളം ഒഴുക്കി. ഒരു വട്ടം ഡാം നിറയാനുള്ള വെള്ളമെങ്കിലും ഇങ്ങനെ ഒഴുകിപ്പോയിട്ടുണ്ടാകും. 1961ൽ നിർമാണം തുടങ്ങി 1981ൽ ഭാഗികമായി കമ്മിഷൻ ചെയ്ത അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഏറെ ഭാഗവും വനമേഖലയാണ്. ഇക്കാലയളവിൽ ഇരുമ്പകച്ചോല, പാലക്കയം മേഖലയിൽ വലുതും ചെറുതുമായ ഒന്നിലേറെ ഉരുൾപൊട്ടലുകളും ഉണ്ടായി. 

ഇതിലൂടെ ഒഴുകിയെത്തിയ ചെളിയും മണ്ണും അണക്കെട്ടിൽ അടിയുകയും ജലസംഭരണ ശേഷിയിൽ കുറവുണ്ടായിട്ടുണ്ടാകുമെന്നും കർഷകരും പറയുന്നു. ഇതു കാരണമാണു മഴക്കാലം ആരംഭിച്ച് ആഴ്ചകൾ കഴിയുമ്പോഴേക്കും ഡാം തുറക്കേണ്ട അവസ്ഥയുണ്ടാകുന്നത്.

ഈ വേനലിലെങ്കിലും ഡാമിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണും നീക്കംചെയ്തു സംഭരണശേഷി വർധിപ്പിക്കാൻ നടപടി വേണമെന്നാണു കർഷകരുടെ ആവശ്യം. മണ്ണാർക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെയും പാലക്കാട് താലൂക്കിലെ ചില പഞ്ചായത്തുകളിലെയും കാർഷിക മേഖലയിലേക്കുള്ള പ്രധാന ജലസേചന പദ്ധതിയാണു കാഞ്ഞിരപ്പുഴ.

English Summary:

Kanjirapuzha Dam Shutter Open for Record-Breaking 36 Days - Find Out Why!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com