ADVERTISEMENT

പാലക്കാട് ∙ അറിവിന്റെ വഴികളിലേക്കു ചുവടുവയ്ക്കാൻ കരുത്തുണ്ടാകണേ എന്ന പ്രാർഥനയോടെ ഗുരുക്കന്മാർ കുരുന്നു ഹൃദയങ്ങളിൽ അക്ഷരവെളിച്ചം പകർന്നു നൽകി. ചിരിച്ചും കുസൃതി കാട്ടിയും ഇടയ്ക്കു തെല്ലു പിണക്കം നടിച്ചും നടന്ന കുരുന്നുകൾക്കു മുൻപിൽ അറിവിന്റെ ആദ്യാക്ഷര വാതിൽ   തുറന്നു. 

പാലക്കാട് മലയാള മനോരമയിലെ വിദ്യാരംഭം ചടങ്ങിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ഗുരുക്കൻമാരായ : ടി.കെ.ശങ്കരനാരായണൻ, പ്രഫ. സി.പി.ചിത്ര, ഡോ.കെ.ജി.രവീന്ദ്രൻ, കല്ലൂർ രാമൻകുട്ടി മാരാർ, ആഷാ മേനോൻ.             ചിത്രങ്ങൾ: മനോരമ
പാലക്കാട് മലയാള മനോരമയിലെ വിദ്യാരംഭം ചടങ്ങിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന ഗുരുക്കൻമാരായ : ടി.കെ.ശങ്കരനാരായണൻ, പ്രഫ. സി.പി.ചിത്ര, ഡോ.കെ.ജി.രവീന്ദ്രൻ, കല്ലൂർ രാമൻകുട്ടി മാരാർ, ആഷാ മേനോൻ. ചിത്രങ്ങൾ: മനോരമ

മലയാള മനോരമ പാലക്കാട് യൂണിറ്റിൽ നടന്ന വിദ്യാരംഭത്തിൽ 5 ജോ‍ഡി ഇരട്ടകൾ ഉൾപ്പെടെ 411 കുട്ടികൾ ആദ്യാക്ഷരം എഴുതി. തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാർ, സാഹിത്യ നിരൂപകൻ ആഷാ മേനോൻ, കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി റിസർച് ഫൗണ്ടേഷൻ ചെയർമാൻ ഡോ.കെ.ജി.രവീന്ദ്രൻ, സംസ്ഥാന ഹയർ സെക്കൻഡറി ബോർഡ് മുൻ ഡയറക്ടർ ഡോ.സി.പി.ചിത്ര, സാഹിത്യകാരൻ ടി.കെ.ശങ്കരനാരായണൻ എന്നിവരായിരുന്നു ഗുരുക്കന്മാർ. പുലർച്ചെ മുതൽ കുട്ടികളുമായി മാതാപിതാക്കളും ബന്ധുക്കളും മനോരമയിലേക്ക് എത്തി.


പാലക്കാട് മലയാള മനോരമയിലെ വിദ്യാരംഭം ചടങ്ങിൽ, മുൻ ഡപ്യൂട്ടി സ്‌പീക്കറും സിപിഐ നേതാവുമായ ജോസ് ബേബി തന്റെ ചെറുമകൻ ഇവാൻ ജിയോ ജിതിൻ ആദ്യാക്ഷരം കുറിക്കുന്നതു കാണാനെത്തിയപ്പോൾ.
പാലക്കാട് മലയാള മനോരമയിലെ വിദ്യാരംഭം ചടങ്ങിൽ, മുൻ ഡപ്യൂട്ടി സ്‌പീക്കറും സിപിഐ നേതാവുമായ ജോസ് ബേബി തന്റെ ചെറുമകൻ ഇവാൻ ജിയോ ജിതിൻ ആദ്യാക്ഷരം കുറിക്കുന്നതു കാണാനെത്തിയപ്പോൾ.

ഗുരുക്കന്മാർ ചേർന്നു വിളക്കു തെളിച്ചതോടെയാണു വിദ്യാരംഭത്തിനു തുടക്കമായത്. അക്ഷരലോകത്തേക്കു കടന്നവർക്ക് അവരുടെ വിദ്യാരംഭത്തിന്റെ ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റ് തത്സമയം കൈമാറി. കുട്ടികൾക്കു മധുരവും സ്കൂൾ ബാഗും സമ്മാനങ്ങളും ഒരുക്കിയിരുന്നു. മനോരമ അങ്കണത്തിൽ നടന്ന വിദ്യാരംഭച്ചടങ്ങുകൾക്കു വേദിയായതു കുരുന്നുകളുടെ കളികൾക്കും കൊഞ്ചലുകൾക്കും കൂടിയാണ്. ഒലവക്കോട് കോലത്ത് വീട്ടിൽ ജോർജ് ഡേവിഡ്, സനിത ദമ്പതികളുടെ മകനായ ഗ്യാവിൻ ജോർജാണ് ആദ്യം അക്ഷരം കുറിച്ചത്.  

 പ്രയാൺ, പ്രാൺ.
പ്രയാൺ, പ്രാൺ.

സന്തോഷവും നാണവും സങ്കടവും ഒരേസമയം ചിലരുടെ മുഖത്തു മാറിമറഞ്ഞു. ഗുരുക്കന്മാരുടെ മടിയിൽ ഓടിക്കയറിയിരുന്നു ചിലർ; മടിയിലിരിക്കാൻ കൂട്ടാക്കാതെ ചിണുങ്ങിക്കരഞ്ഞു നിന്നു ചിലർ. തത്തമംഗലം പരുത്തിക്കാവിൽ എം.മനോജ് – അനീഷ ദമ്പതികളുടെ മകൻ അതുലിനെ ഡോ.സി.പി.ചിത്ര അക്ഷരം എഴുതിച്ചിട്ടും അതുൽ മടിയിൽ നിന്ന് ഇറങ്ങാൻ കൂട്ടാക്കിയില്ല. അച്ഛനും അമ്മയും മാറിമാറി വിളിച്ചെങ്കിലും ചിത്രയെ കെട്ടിപ്പുണർന്നു താൻ വരുന്നില്ലെന്നു വാശിപിടിച്ചു. ഐസ്ക്രീം വാങ്ങി നൽകാമെന്നു പറഞ്ഞതോടെയാണ് അച്ഛനും അമ്മയ്ക്കും ഒപ്പം പോകാൻ തയാറായത്. ചിലരാകട്ടെ ഗുരു എഴുതാൻ വിരലിൽ പിടിക്കാൻ ശ്രമിച്ചതോടെ കൈ ഒളിപ്പിച്ചു വച്ചു കരയാനും തുടങ്ങി. ഗുരുക്കന്മാർ നീട്ടിയ മിഠായിയുടെ മധുരത്തിൽ ചിലരെല്ലാം വാശി മറന്നു. എഴുതിച്ചശേഷം മാറ്റിവച്ച താലത്തിലെ അരിയിൽ ചിലർ വീണ്ടും എഴുതിക്കളിച്ചു. കുരുന്നുകളെ എഴുതിക്കാൻ മാതാപിതാക്കൾക്കൊപ്പം ബന്ധുക്കളും മനോരമയിലെത്തി.



 ദയ, ദിയ.
ദയ, ദിയ.

ഇരട്ടക്കുട്ടികളുടെ ആദ്യാക്ഷരം

5 ജോഡി ഇരട്ടക്കുട്ടികളാണ് ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തി ആദ്യാക്ഷരം കുറിച്ചത്. പെരുങ്ങോട്ടുകുറിശ്ശി കൊട്ടാർക്കാട് എം.ജയദാസ്, ഷേർലി ദമ്പതികളുടെ മക്കൾ ശ്രാവൺ–ശ്രയ, തത്തമംഗലം സ്വദേശികളായ കെ.പ്രതീഷ് സരിത ദമ്പതികളുടെ മക്കൾ ദയ–ദിയ, ചേരാമംഗലം ചെട്ടിയാർക്കാട് വി.പ്രജീഷ് സുബിത ദമ്പതികളുടെ മക്കൾ പ്രയാൺ –പ്രാണ, വടക്കന്തറ സ്വദേശികളായ ആർ.പ്രതീഷ്, എൻ.സന്ധ്യ ദമ്പതികളുടെ മക്കൾ അദ്വിക– ആരാധ്യ,  കരിപ്പോട് സ്വദേശികളായ കെ.മോഹനൻ, എൻ.മീനാംബിക ദമ്പതികളുടെ മക്കൾ അവന്തിക– അക്ഷയ് എന്നിവരാണ് ആദ്യാക്ഷരം കുറിച്ചത്

അക്ഷയ്, അവന്തിക.
അക്ഷയ്, അവന്തിക.

സഹോദരങ്ങൾ ഒന്നിച്ചെഴുതി

കമ്പിചുങ്കം മാണിത്തച്ച് കളത്തിൽ പി.ഷീജു റീജ ദമ്പതികളുടെ മക്കളായ അഞ്ചുവയസ്സുകാരി അൻവികയും മൂന്നു വയസ്സുകാരി ആത്​വികയും ഇന്നലെ ആദ്യാക്ഷരം കുറിച്ചു. അൻവികയെ വിദ്യാരംഭ ദിവസം എഴുതിക്കാത്തതിനാലാണ് ആത്​വികയ്ക്കൊപ്പം എഴുതിച്ചത്. പുതുശേരി പള്ളിയിൽ വീട്ടിൽ സതീഷ് കുമാർ അഞ്ജു ദമ്പതികളുടെ മക്കളായ മൂന്നര വയസ്സുകാരി നേഹശ്രീയും രണ്ടര വയസ്സുകാരി നീഹശ്രീയും ഒരുമിച്ചാണ് ആദ്യാക്ഷരം കുറിച്ചത്. ചക്കാന്തറ വാഴയിൽ ജെ.എം.ബേസിൽ–ഡിംബിൾ ദമ്പതികളുടെ മക്കളായ ആദമും ആരോണും ഒരുമിച്ച് ആദ്യാക്ഷരം കുറിച്ചു.

വർഷങ്ങളുടെ ഇടവേളയിൽ ഒരേ ഗുരുവിനെക്കൊണ്ടു മക്കളെ ആദ്യാക്ഷരം എഴുതിക്കാൻ കഴിഞ്ഞ സന്തോഷത്തിലായിരുന്നു കൊടുവായൂർ സ്വദേശിയും ചെണ്ട കലാകാരനുമായ ഉണ്ണിക്കൃഷ്ണനും ഭാര്യ നിഷയും. മൂത്തമകൻ നിതിൻ കൃഷ്ണയെ 5 വർഷം മുൻപ് മനോരമ വിദ്യാരംഭത്തിൽ തായമ്പക വിദ്വാൻ കല്ലൂർ രാമൻകുട്ടി മാരാരാണ് അക്ഷരമെഴുതിച്ചത്. ഇന്നലെ രണ്ടാമത്തെ കുട്ടി നീതു കൃഷ്ണയ്ക്കും അദ്ദേഹം തന്നെ അക്ഷരമധുരം നൽകി.

സഹോദരങ്ങളുടെ മക്കളും ഒന്നിച്ചെഴുതി

മേൽപ്പറമ്പ് കാവുപുരത്തെ സഹോദരങ്ങളായ സന്തോഷ്, രതീഷ്, രജിത എന്നിവരുടെ മൂന്നു മക്കളും ഒരുമിച്ചെത്തിയാണ് ആദ്യാക്ഷരം എഴുതിയത്. രതീഷ്–സുജാത ദമ്പതികളുടെ മകളായ റിതിക, സന്തോഷ്–സുവിത ദമ്പതികളുടെ മകനായ സായൂജ്, സുരേഷ് ബാബു–രജിത ദമ്പതികളുടെ മകളായ ഭവ്യ എന്നിവരാണ് ഒന്നിച്ചെത്തിയത്. മുതലപ്പാറ തോട്ടാംകുളം വീട്ടിൽ സഹോദരിമാരായ വിദ്യയുടെയും ധന്യയുടെയും മക്കളും ഒരുമിച്ച് ആദ്യാക്ഷരം കുറിച്ചു. സന്തോഷിന്റെയും വിദ്യയുടെയും മകളായ അവനി, ധന്യ–സനൽ ദമ്പതികളുടെ മകളായ നിള തരണി എന്നിവരും ഒരുമിച്ചെത്തിയതു കൗതുകമായി.

ആഘോഷമാകണം ആദ്യാക്ഷരം

മുൻ ഡപ്യൂട്ടി സ്പീക്കർ ജോസ് ബേബി കൊച്ചുമകൻ ഇവാൻ ജിയോ ജിതിനുമായി ആദ്യാക്ഷരം കുറിക്കാൻ മനോരമയിൽ എത്തി.  മകൾ ഡോ.അഞ്ജു ജോസും മരുമകൻ ജിതിൻ തമ്പിയും ഒപ്പമുണ്ടായിരുന്നു. അക്ഷരം പഠിച്ച് അറിവു നേടിയാലേ സമൂഹത്തിൽ പുരോഗമനം ഉണ്ടാവുകയുള്ളൂവെന്നു ജോസ് ബേബി പറഞ്ഞു. എല്ലാവർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാകണം. അതിനുള്ള ആദ്യപടിയാണ് വിദ്യാരംഭം. 

ഇവിടെ കുറിക്കുന്ന അക്ഷരങ്ങളുടെ മഹത്വം കുട്ടികൾ തിരിച്ചറിയും. ആഘോഷമായി വിദ്യാരംഭം നടത്തുന്നതിനെ പോസിറ്റീവായിട്ടാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

സെൽഫി പോയിന്റ്,കൈനിറയെ സമ്മാനം

കളിക്കുടുക്കയും ബാഗും സമ്മാനമായി കിട്ടിയതോടെ കുരുന്നുകൾ ‘ഡബിൾ ഹാപ്പിയായി’. ഫോട്ടോ എടുക്കാൻ സെൽഫി പോയിന്റും ഒരുക്കിയിരുന്നു. മുണ്ടു മടക്കിക്കുത്തിയും കണ്ണട വച്ചും കൊച്ചുമിടുക്കർ പോസ് ചെയ്തു.     വേദിയിൽ ഒരുക്കിയ വീണ വായിക്കാനായിരുന്നു ചിലർക്കു താൽപര്യം. ആദ്യാക്ഷരം എഴുതിയ കുട്ടികൾക്കൊപ്പം ബന്ധുക്കളും ഫോട്ടോ എടുത്തു.  ഒരു ചിരി, പുഞ്ചിരി. എല്ലാവരും കൂട്ടുകാർ.  എഴുതി കഴിഞ്ഞതോടെ കുരുന്നുകൾ ഓടിക്കളിക്കാൻ തുടങ്ങി. ഹായ് പറഞ്ഞു പരസ്പരം കൂട്ടായി. പിന്നെ കൂട്ടുകാർക്കൊപ്പം നിന്നും ഫോട്ടോ എടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com