ADVERTISEMENT

പാലക്കാട് ∙ കഴിഞ്ഞ 2 ദിവസങ്ങളിലായി ലഭിച്ച കനത്ത മഴയിൽ ജില്ലയിലെ നെൽപാടങ്ങളിൽ ആശ്വാസവും ഒപ്പം ആശങ്കയും. ഈയിടെ നടീൽ കഴിഞ്ഞ പാടങ്ങൾ വെള്ളത്തിൽ മുങ്ങിയതോടെ വെള്ളം പൂർണമായും ഒഴുക്കിക്കളയാനുള്ള ശ്രമത്തിലാണു കർഷകർ. നടീൽ കഴിഞ്ഞ് കുറച്ചു കാലത്തേക്കു വലിയ തോതിൽ വെള്ളം കെട്ടിനിർ‌ത്താനാകില്ല. ഒരാഴ്ചകഴിഞ്ഞാണു മഴ ലഭിച്ചിരുന്നതെങ്കിൽ എല്ലാ പാടശേഖരങ്ങൾക്കും ഏറെ ഗുണകരമാകുമായിരുന്നു. 

ഒപ്പം ഡാമിൽ നിന്നു ജലസേചനം ആരംഭിക്കുന്നതു പരമാവധി നീട്ടാനും സാധിക്കും. മുൻപു നടീൽ കഴിഞ്ഞ പാടങ്ങൾക്കു മഴ ഗുണകരമാണ്. പള്ളിയാൽ പോലെ ഉയർന്ന പാടങ്ങൾ വെള്ളം ഇല്ലാതെ വിണ്ടുകീറുന്ന സ്ഥിതിയിലേക്കു നീങ്ങുന്നതിനിടെയാണു മഴ ലഭിച്ചത്. ഇപ്പോഴത്തെ മഴ ഒരാഴ്ചത്തേക്കെങ്കിലും വലിയ ആശ്വാസമാകുമെന്നാണു വിലയിരുത്തൽ.

ലഭിച്ചത് 47.77 മില്ലീമീറ്റർ മഴ
ജില്ലയിൽ ഇന്നലെ രാവിലെ 8 വരെ ലഭിച്ചത് ശരാശരി 47.77 മില്ലിമീറ്റർ മഴ. ചിറ്റൂരിൽ 23 മില്ലിമീറ്റർ, കൊല്ലങ്കോട് 19.8, ഒറ്റപ്പാലം 85, പറമ്പിക്കുളം 42, തൃത്താല 44, പാലക്കാട് 56, മണ്ണാർക്കാട് 43, പട്ടാമ്പി 69.4 മില്ലിമീറ്റർ എന്നിങ്ങനെയാണു മഴ ലഭിച്ചത്.

മലമ്പുഴ
115.06 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ് 109.55 മീറ്ററിലെത്തി. പരമാവധി 30 ദിവസത്തെ ജലസേചനത്തിനുള്ള വെള്ളമാണ് ഉള്ളത്. ജലനിരപ്പ് ഒരു മീറ്റർ കൂടി ഉയർന്നാൽ 40 ദിവസത്തെ ജലസേചനം സാധ്യമാകും. ഇടയ്ക്കിടെ ലഭിക്കുന്ന മഴയിൽ പ്രതീക്ഷയർപ്പിച്ചു കാത്തിരിക്കുകയാണു കൃഷിക്കാർ. വലതുകര കനാൽ വഴിയുള്ള ചോർച്ച വേണ്ട വിധത്തിൽ പരിഹരിക്കാത്തതിൽ കർഷകർ അതൃപ്തിയിലാണ്. ഇന്നലെ രാവിലെ 8 വരെ മലമ്പുഴയിൽ 56 മില്ലിമീറ്റർ മഴ ലഭിച്ചു. അതേസമയം ഇന്നലെ പകൽ പാലക്കാട് നഗരത്തിലുൾപ്പെടെ മഴ ലഭിച്ചെങ്കിലും മലമ്പുഴയിൽ കിട്ടിയില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com