കശ്മീർ അപകടം: 4 മലയാളികളുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും
Mail This Article
ചിറ്റൂർ ∙ കശ്മീരിലെ സോജില ചുരത്തിൽ കാർ കൊക്കയിലേക്കു മറിഞ്ഞു മരിച്ച ചിറ്റൂർ സ്വദേശികളായ 4 യുവാക്കളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നലെ രാത്രിയോടെ ശ്രീനഗറിലെത്തിച്ചു; ഇന്നു നാട്ടിലെത്തിക്കും.ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ഏറ്റുവാങ്ങിയ മൃതദേഹങ്ങൾ ശ്രീനഗറിൽ നിന്നു ഡൽഹിയിലേക്കും അവിടെ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കുമെത്തിച്ചു നാട്ടിലേക്കു കൊണ്ടു വരാനാണു ശ്രമം. ഇന്നലെ രാത്രി ഡൽഹിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും കാലാവസ്ഥ മോശമായതിനാൽ സാധിച്ചില്ല.ചിറ്റൂർ സ്വദേശികളായ അനിൽ (34), സുധീഷ് (33), രാഹുൽ (28), വിഘ്നേഷ് (22) എന്നിവരാണു കശ്മീരിലെ സോജില ചുരത്തിൽ വാഹനം കൊക്കയിലേക്കു മറിഞ്ഞു മരിച്ചത്.
വാഹനത്തിന്റെ ഡ്രൈവറായ കശ്മീർ സ്വദേശി ഐജാസ് അഹമ്മദ് ഐവാനും കൊല്ലപ്പെട്ടിരുന്നു. ഗുരുതരമായി പരുക്കേറ്റു സൗറയിലെ എസ്കെഐഎംഎസ് ആശുപത്രിയിലുള്ള മനോജ് മാധവന്റെ (25) ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. പുരോഗതിയുണ്ടായ ശേഷമേ മനോജിനെ മാറ്റുന്ന കാര്യം തീരുമാനിക്കൂവെന്ന് അധികൃതർ പറഞ്ഞു. അയൽവാസികളും സുഹൃത്തുക്കളും സഹോദരങ്ങളും അടങ്ങുന്ന 13 അംഗ സംഘം സഞ്ചരിച്ചിരുന്ന 2 വാഹനങ്ങളിലൊന്നാണു കൊക്കയിലേക്കു മറിഞ്ഞത്. അപകടത്തിൽപെട്ട വാഹനത്തിലെ മറ്റു യാത്രക്കാരായ അരുൺ കെ.കറുപ്പുസ്വാമി, രാജേഷ് കെ.കൃഷ്ണൻ എന്നിവരെ ഇന്നു നാട്ടിലെത്തിക്കും.
മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവരുടെ അഭ്യർഥനപ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപെട്ടു. ഡൽഹിയിലെ എൻആർകെ ഡവലപ്മെൻറ് ഓഫിസർ ഷാജിമോന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഏകോപനത്തിനു സർക്കാർ നിയോഗിച്ചു. എംബാം ചെയ്ത മൃതദേഹങ്ങൾ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ചെലവു നോർക്ക റൂട്സ് വഴി കേരള സർക്കാർ വഹിക്കുമെന്നു ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പറഞ്ഞു.
മൃതദേഹത്തോടൊപ്പം വരുന്ന അടുത്ത ബന്ധുവിന്റെ യാത്രാച്ചെലവും സർക്കാർ വഹിക്കുമെന്നു നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയുടെ നിർദേശപ്രകാരം ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വികാസ് റസൂൽ പരുക്കേറ്റവരെ സന്ദർശിച്ചു സഹായമെത്തിച്ചു. മൃതദേഹങ്ങൾ ചിറ്റൂരിൽ പൊതുദർശനത്തിനു വയ്ക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നു ചിറ്റൂർ തഹസിൽദാർ എൻ.എൻ.മുഹമ്മദ് റാഫി പറഞ്ഞു.