ADVERTISEMENT

കൊടുവായൂർ ∙ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാടിന് ആവേശമായി കേരളപുരം വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രത്തിലെ രണ്ടാം തേര് ഉത്സവം ആഘോഷിച്ചു. വിശ്വാസികളുടെ ഹൃദയം തൊട്ടു നടന്ന ദേവരഥപ്രയാണത്തിൽ പങ്കെടുക്കാനായി രണ്ടാം ദിനവും ആയിരങ്ങളാണു കൊടുവായൂർ ഗ്രാമത്തിലേക്ക് ഒഴുകിയെത്തിയത്. ഒന്നാം തേരു ദിവസം വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രാങ്കണത്തിൽ നിന്ന് ആരംഭിച്ച രഥഊർവലം പുതു തെരുവിലൂടെ ഗോകുലത്തെരുവിലെത്തി സമാപിച്ചിടത്തു നിന്നാണു രണ്ടാം ദിനത്തിലെ ദേവരഥപ്രയാണം ആരംഭിച്ചത്. ഗ്രാമത്തിനിരുവശവും നിരന്നു നിന്ന ഭക്തരുടെ നടുവിലൂടെ ഉച്ചയ്ക്കു ഗ്രാമപ്രദക്ഷിണം ആരംഭിച്ചു. 

തമിഴിലെ ഓം എന്ന അക്ഷര വടിവിലൂടെ ഇവിടുത്തെ അഗ്രഹാരങ്ങളെ ചുറ്റി വിശാലാക്ഷിസമേത വിശ്വനാഥൻ സകുടുംബം നടത്തുന്ന രഥപ്രയാണം ഏറെ പ്രത്യേകതയുള്ളതും അപൂർവത നിറഞ്ഞതുമാണ്. 1600 മീറ്ററോളം ദൂരം രഥഊർവലം നടക്കുന്നതിനിടെ രഥങ്ങൾ നേർക്കു നേർ വരികയോ സഞ്ചരിച്ച വഴിയിലൂടെ തന്നെ വീണ്ടും സഞ്ചരിക്കുകയോ ചെയ്യുന്നില്ലെന്നതും കൊടുവായൂർ രഥോത്സവത്തിലെ ദേവരഥപ്രയാണത്തിന്റെ പ്രത്യേകതയാണ്. രഥപ്രയാണത്തിനൊടുവിൽ രാത്രി പെരുവനം സതീശൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം അരങ്ങേറി. ഇന്നു പുലർച്ചെ രണ്ടര മുതൽ പല്ലക്ക് കച്ചേരി, കുളത്തേര് എന്നിവ നടക്കും. നാളെ രാവിലെ 9.30നു മഞ്ഞൾ നീരാട്ടും രാത്രി എട്ടിനു ധ്വജാവരോഹണവും നടക്കും. 31നു രാവിലെ 9.30 മുതൽ മഹാഭിഷേകം, ദീപാരാധന, പ്രസാദ വിനിയോഗം എന്നിവയും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com