ADVERTISEMENT

വിളയൂര്‍ ∙ തൂതപ്പുഴയുടെ വിളയൂര്‍ തോണിക്കടവിലെ ജലഅതോറിറ്റി ജലസംഭരണിയുടെ സമീപത്തു നിന്ന് ആരും മീന്‍ പിടിക്കരുതെന്നു വിളയൂര്‍ പഞ്ചായത്ത്. ജലസംഭരണികളുടെ ഭാഗത്ത് നിന്നു മീന്‍ പിടിക്കുമ്പോള്‍ വലയും ഇരകളും സംഭരണിയില്‍ അടിഞ്ഞു കൂടി ജലവിതരണത്തിനു തടസ്സം നേരിടുന്നുണ്ട്. തൂതപ്പുഴയില്‍ തോണിക്കടവിലെ ജലജീവന്‍ മിഷന്റെ പദ്ധതിക്കു സമീപത്തെ സംഭരണിയുടെ അടുത്തു വച്ച് മീന്‍ പിടിക്കുന്നതിനാല്‍വെള്ളം വലിച്ചെടുക്കുന്ന ഹോസില്‍ മാലിന്യങ്ങള്‍ കുടുങ്ങി പമ്പിങ്ങിനു തടസ്സം നേരിടുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ ജലവിതരണം തടസ്സപ്പെട്ടിരുന്നു. ഇന്നലെയും തൂതപ്പുഴയിലെ ജലജീവന്‍ മിഷന്റെ പദ്ധതിയില്‍ നിന്ന് പമ്പിങ്ങിനു തടസ്സം നേരിട്ടു.

രണ്ടു പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണം മുടങ്ങി. തുടര്‍ച്ചയായി പമ്പിങ് തടസ്സപ്പെടുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പുഴയുടെ കിണറുകളില്‍ നിന്നു വെള്ളമെടുക്കുന്ന പമ്പില്‍ വലയും മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന മറ്റു വസ്തുക്കളും അടിഞ്ഞു കൂടിയതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വാട്ടര്‍ അതോറിറ്റിയുടെ ജീവനക്കാരും തൊഴിലാളികളും ചേര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് പമ്പില്‍ അടിഞ്ഞു കൂടിയ വലകളും മറ്റും നീക്കിയത്. 

തൂതപ്പുഴയില്‍ ചൂണ്ടയിട്ടു മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ വാട്ടര്‍ അതോറിറ്റിയുടെ കിണറുകള്‍ക്കടുത്ത് ചൂണ്ടയിടുകയോ മീന്‍ പിടിക്കുകയോ ചെയ്യരുതെന്നും പുഴവെള്ളവും ജലസംഭരണികളും മലിനമാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിളയൂര്‍ പഞ്ചായത്ത് അധ്യക്ഷ എം.കെ.ബേബി ഗിരിജ മുന്നറിയിപ്പ് നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com