16 മാസമായി ശമ്പളമില്ല ജീവനക്കാർ അവധിയിൽ, കുഞ്ചൻ സ്മാരകം അടച്ചു; തുള്ളൽ പഠിക്കുന്ന കുട്ടികൾക്കുള്ള സഹായവും മുടങ്ങി
Mail This Article
ലക്കിടി ∙ ശമ്പള കുടിശികയെ തുടർന്നു ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ, സാംസ്കാരിക വകുപ്പിനു കീഴിൽ കിള്ളിക്കുറുശ്ശിമംഗലത്തു പ്രവർത്തിക്കുന്ന കുഞ്ചൻ നമ്പ്യാർ സ്മാരകം അടച്ചു. കലക്കത്ത് ഭവനം കാണാനെത്തുന്ന സന്ദർശകർ നിരാശയോടെ മടങ്ങുന്നു. കുഞ്ചൻ സ്മാരകത്തിൽ 2 സ്ഥിരം ജീവനക്കാരും കലാ വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കുഞ്ചൻ സ്മാരക കലാപീഠത്തിൽ 7 താൽക്കാലിക ജീവനക്കാരുമാണുള്ളത്.
ഇതിൽ കലാ അധ്യാപകർക്കു 16 മാസമായി ശമ്പളം ലഭിക്കുന്നില്ല. സ്ഥിരം ജീവനക്കാർക്ക് 11 മാസമായി ശമ്പളം മുടങ്ങി. തുള്ളൽ പഠിക്കുന്ന കുട്ടികൾക്കു നൽകുന്ന സാമ്പത്തിക സഹായവും മുടങ്ങി. അധ്യാപകരും ജീവനക്കാരും ശമ്പളമില്ലാതെ സേവനം തുടർന്നു വരികയായിരുന്നു. എന്നാൽ യാത്രാ ചെലവിനു പോലും പണമില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ ഭരണസമിതിക്ക് അവധി അപേക്ഷ നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന ഭരണസമിതി യോഗത്തിലും പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിലാണു ചൊവ്വാഴ്ച മുതൽ അധ്യാപകരും ജീവനക്കാരും കൂട്ട അവധിയെടുത്തത്. 195 കുട്ടികൾ പഠിക്കുന്ന കലാപീഠവും സ്മാരകവും പൂട്ടിക്കിടക്കുന്നതിനാൽ സന്ദർശനവും മുടങ്ങി. സംസ്ഥാന സർക്കാർ പ്രതിവർഷം നൽകുന്ന 5 ലക്ഷം രൂപയുടെ ഗ്രാന്റ് ഉപയോഗപ്പെടുത്തിയാണു സ്മാരകത്തിന്റെ പ്രവർത്തനം. സ്പെഷൽ ഗ്രാന്റുകൾ വിനിയോഗിച്ചാണു ജീവനക്കാർക്കു ശമ്പളം നൽകാറുള്ളത്. മാസങ്ങളായി സർക്കാർ ഗ്രാന്റ് പ്രതിസന്ധിയിലാണ്.
സ്മാരകത്തിന്റെ നവീകരണത്തിന് 1.96 കോടി രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും ഫണ്ട് വകമാറ്റാൻ കഴിയാത്ത സ്ഥിതിയാണ്. ജീവനക്കാരുടെ ശമ്പളകുടിശിക മാത്രം 20 ലക്ഷം രൂപ വരും. സംസ്ഥാന സർക്കാർ നിയമിക്കുന്ന 13 അംഗ ഭരണസമിതിയാണു പ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്. സർക്കാരിൽ സമ്മർദം ചെലുത്തി ഗ്രാന്റ് ലഭ്യമാക്കി പ്രതിസന്ധി പരിഹരിക്കാൻ നീക്കം തുടങ്ങിയെന്നും പ്രശ്നം രണ്ടു ദിവസത്തിനകം പരിഹരിക്കാൻ ശ്രമിക്കുമെന്നു സെക്രട്ടറി എൻ.എം. നാരായണൻ നമ്പൂതിരി പറഞ്ഞു.