'മുള്ളി വഴി ഊട്ടിയിലേക്കൊരു യാത്ര': വ്ലോഗ് കണ്ടവരെല്ലാം ട്രിപ്പ് മോഡിൽ വച്ചുപിടിച്ചു; മൊത്തം ബ്ലോക്കായി, കുളമായി
Mail This Article
സമൂഹ മാധ്യമങ്ങളിൽ എവിടെത്തിരിഞ്ഞാലും ‘മസിനഗുഡി വഴി ഊട്ടിയിലേക്കൊരു യാത്ര, അതു വല്ലാത്ത എക്സ്പീരിയൻസാ...’ സംഗതി എന്താണെന്നറിയില്ലെങ്കിലും എല്ലാവരും എടുത്തു ട്രോളാക്കുന്നുണ്ട്. അതായത്, വയനാട്, മുതുമല, ബന്ദിപ്പൂർ വന്യജീവി സങ്കേതത്തിലൂടെ പുലിയെയും കടുവയെയും ആനയെയുമെല്ലാം കണ്ട്, കല്ലട്ടി ചുരത്തിലൂടെ ഊട്ടി യാത്രയെക്കുറിച്ച് ഒരു ട്രാവൽ വ്ലോഗറുടെ വിഡിയോയിൽ നിന്നാണ് ഇതിന്റെ തുടക്കം.
വ്ലോഗ് കണ്ടവരെല്ലാം ‘ട്രിപ്പ് മോഡ്’ ആക്ടിവാക്കി കാറും ബസും ബൈക്കുമെല്ലാം പിടിച്ച് വച്ചുപിടിച്ചു. മൊത്തം ബ്ലോക്കായി, യാത്ര കുളമായി. ഇൻസ്റ്റയിലും യുട്യൂബിലുമെല്ലാം ഇപ്പോൾ ഈ ട്രോളുകളാണു ട്രെൻഡിങ്. ബൈ ദ് ബൈ... ഇതുപോലെ മറ്റൊരു അടിപൊളി ട്രിപ്പുണ്ട്. അട്ടപ്പാടി മുള്ളി വഴി ഊട്ടിയിലേക്കൊരു യാത്ര. അതു മറ്റൊരു വല്ലാത്ത എക്സ്പീയൻസാണ്. ചാടിക്കേറി ട്രിപ്പ് പ്ലാൻ ചെയ്യേണ്ട.
ആ പാതയിലൂടെയുള്ള യാത്ര തമിഴ്നാട് നിരോധിച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി യാത്രക്കാർ ഉപയോഗിക്കുന്ന പാത രണ്ടു വർഷം മുൻപാണ് തമിഴ്നാട് വനംവകുപ്പ് അടച്ചത്. ഇതോടെ സഞ്ചാരികൾ മാത്രമല്ല അട്ടപ്പാടിയിലെയും ഊട്ടിയിലെയും ജനങ്ങളും ബുദ്ധിമുട്ടിലായി. പാത തുറന്നുനൽകണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു വരെ നിവേദനം നൽകിയെങ്കിലും ഇതുവരെ തുറക്കാൻ നടപടിയായില്ല.
കാട്ടുവഴിയിലൂടെ ഊട്ടീപ്പോക്ക്
അയ്യപ്പനും കോശിയും എന്ന സിനിമ തുടങ്ങുന്നത് അട്ടപ്പാടി വഴിയുള്ള ഊട്ടി യാത്രയിൽ നിന്നാണ്. ആ പാതയാണ് നമ്മൾ പറയുന്ന പാത. മദ്യനിരോധനമുള്ള അട്ടപ്പാടിയിലൂടെ കാറിൽ മദ്യക്കുപ്പിയുമായി കോശി (പൃഥ്വിരാജ്) കടന്നുപോകുന്നു. വാഹനപരിശോധനയ്ക്കിടെ എസ്ഐ അയ്യപ്പൻനായർ (ബിജു മേനോൻ) തടയുന്നു. ആ വാശിയാണ് പിന്നീട് സിനിമയിൽ മൂക്കുന്നതും പരസ്പരം കൊമ്പുകോർക്കുന്നതും.
ഈ പാതയിലൂടെ ഇപ്പോൾ ഊട്ടിക്കു പോകാനാകില്ല. അട്ടപ്പാടിയിൽ നിന്ന് മുള്ളി വരെ പോകാമെങ്കിലും മുള്ളിയിൽ തമിഴ്നാട് വനംവകുപ്പ് തടയും.സിനിമയിലെ കോശിയുടെ ഡ്രൈവറോടു പൊലീസുകാരൻ ചോദിക്കുന്നതു തന്നെയാണ് തമിഴ്നാട് വനം ഉദ്യോഗസ്ഥർ യാത്രക്കാരോടു ചോദിക്കുന്നത്:
‘‘ഹൈവേ വഴി പോയാൽപോരേ, കോയമ്പത്തൂർ– മേട്ടുപ്പാളയം വഴി, ഇതിപ്പൊ കാട്ടുവഴീലൂടെ ഒരു ഊട്ടീപ്പോക്ക്...’’
കാട്ടുവഴി ഇങ്ങനെ
മണ്ണാർക്കാടു നിന്ന് ചുരം കയറി അട്ടപ്പാടി താവളത്തെത്തിയാൽ അവിടെ നിന്ന് ഇടത്തോട്ടുള്ള റോഡിലൂടെ സഞ്ചരിച്ച് മുള്ളിയിലെത്താം. മുള്ളി തമിഴ്നാട് ചെക്പോസ്റ്റിൽ വാഹനങ്ങൾ തടയും. മുള്ളിയിൽ നിന്ന് ഗെദ്ദ, മഞ്ചൂർ വഴിയാണ് ഊട്ടിലിലെത്തേണ്ടത്. ഊട്ടി വരെ പോകാൻ കഴിയില്ലെങ്കിലും താവളം മുതൽ മുള്ളിവരെയുള്ള ഡ്രൈവ് വല്ലാത്ത അനുഭവമാണ്.
ദൂരം ഇങ്ങനെ:
മണ്ണാർക്കാട്– താവളം– 28 കിലോമീറ്റർ
താവളം– മുള്ളി– 28 കിലോമീറ്റർ
മുള്ളി– ഊട്ടി– 67 കിലോമീറ്റർ
നിരോധനത്തിനു മുൻപുള്ള ഊട്ടി യാത്രയുടെ ഓർമകൾ ; നീലക്കുറിഞ്ഞി വസന്തം
വ്യത്യസ്തമായ ഒരു യാത്രാ അനുഭവമാണിത്. ഒരിക്കലെങ്കിലും ഈ വഴികളിലൂടെ പോകണം. കുന്തിപ്പുഴയെയും ഭവാനിപ്പുഴയെയും പശ്ചിമഘട്ട മലനിരകളെയും അറിയണം, അനുഭവിക്കണം. നൊട്ടമല വളവും മണ്ണാർക്കാടും അട്ടപ്പാടിച്ചുരവും താണ്ടിയുള്ള ഊട്ടി യാത്ര. പാലക്കാടു നിന്നു പോകുമ്പോൾ നൊട്ടമല വളവു തിരിഞ്ഞാൽ മണ്ണാർക്കാടായി.
നെല്ലിപ്പുഴയിൽ നിന്നു വലത്തേക്കു തിരിയുമ്പോൾ ദൂരെ മേഘപാളികൾ മാറി ചിലപ്പോൾ പശ്ചിമ ഘട്ടം ഒരു ദർശനം നൽകിയെന്നു വരാം. അട്ടപ്പാടി ചുരം തുടങ്ങുകയാണ്. പകലിലും കോടമഞ്ഞിറങ്ങുന്നുണ്ടായിരുന്നു. വളവുകൾ അവസാനിച്ചത് മുക്കാലിയിലാണ്. 27 കൊടുംവളുകൾ പിന്നിട്ടത് അറിഞ്ഞില്ല.
സൈലന്റ് വാലി എന്ന നിശ്ശബ്ദ താഴ്‌വരയിലേക്കുള്ള യാത്ര തുടങ്ങുന്നത് ഇവിടെ നിന്നാണ്. അട്ടപ്പാടിയിലെ കാർഷിക മേഖലയായ താവളം ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞാൽ ഊട്ടിയിലേക്കുള്ള വഴി തുടങ്ങുകയായി. ഭവാനിപ്പുഴയുടെ തീരത്തുകൂടിയാണ് ഇനി യാത്ര. ചാവടിയൂർ പാലത്തിൽ അൽപനേരം നിന്ന് പുഴയുടെ സൗന്ദര്യം ആസ്വദിച്ചു.
അവിടെ നിന്നു പുതൂരിലെത്തുമ്പോൾ, സമീപത്തെ രംഗനാഥപുരത്തിനടുത്തു വരഗയാർ ഭവാനിപ്പുഴയുമായി ചേരുന്നു. പുതൂരിൽ നിന്നു ചാവടിയിലേക്കും അവിടെ നിന്നു മുള്ളിയിലേക്കും യാത്ര ഏറെ മനോഹരമാണ്. അവിടെ കേരളത്തിന്റെയും തമിഴ്നാടിന്റെയും ചെക്പോസ്റ്റുകളുണ്ടായിരുന്നു. മുള്ളിയിൽ തമിഴ്നാടിന്റെ ചെക്പോസ്റ്റിലാണ് ഇപ്പോൾ വാഹനം തടഞ്ഞു തിരിച്ചയയ്ക്കുന്നത്.
നിരോധനമില്ലാത്ത കാലത്തായിരുന്നു ഞങ്ങളുടെ യാത്ര. തമിഴ്നാട്ടിലേക്കു കടന്നപ്പോൾ കണ്ടതു ചുവപ്പും റോസും നിറത്തിലുള്ള കൊടിഞ്ഞിപ്പൂക്കൾ അതിരിടുന്ന മനോഹരമായ ടാർ റോഡാണ്. മുള്ളി ചെക്പോസ്റ്റ് കഴിഞ്ഞ് 8 കിലോമീറ്റർ താണ്ടിയപ്പോൾ ഒരു തടാകക്കരയിലാണ് എത്തിയത്. അരയാൽ മരങ്ങളിൽ കാട്ടുവള്ളികൾകൊണ്ട് ഊഞ്ഞാലിട്ടിരിക്കുന്നു.
അത് പർളിക്കാട് ഇക്കോ ടൂറിസം കേന്ദ്രം. കുട്ടവള്ളങ്ങളും അതേ ആകൃതിയിലുള്ള ഫൈബർ വള്ളങ്ങളും നിരത്തിയിട്ടിട്ടുണ്ട്. തേയില എസ്റ്റേറ്റുകളിലൂടെയായിരുന്നു തുടർന്നുള്ള യാത്രകൾ. ഉച്ചയ്ക്കു 12 മണി കഴിഞ്ഞിട്ടേയുള്ളൂ, കോടമഞ്ഞ് ഇറങ്ങിത്തുടങ്ങി. വഴിയിൽ 6 അണക്കെട്ടുകൾ കണ്ടു. പില്ലൂർ, ഗെദ്ദ, പറളി, അവലാഞ്ചി, എമറാൾഡ്, അപ്പർ ഭവാനി. ഇതെല്ലാം ഭവാനിപ്പുഴയിലെ അണക്കെട്ടുകളാണ്.
തമിഴ്നാടിന് അവകാശപ്പെട്ടവ. ഊർജോൽപാദനവും ജലസേചനവുമാണു ലക്ഷ്യം. ഇനി യാത്ര മഞ്ചൂരിലേക്ക്. മഞ്ഞിന്റെ ഊരാണ് മഞ്ചൂർ. പശ്ചിമഘട്ടത്തിന്റെ ഏറ്റവും ഉയരംകൂടിയ ഭാഗങ്ങളിലൊന്നാണിത്. കോടമഞ്ഞിറങ്ങുന്ന മഞ്ചൂരിൽ മേഘപാളികളെ തൊട്ടടുത്തു കാണാം. 43 ഹെയർപിന്നുകൾ താണ്ടിയാണ് ഇവിടെ എത്തിയിരിക്കുന്നത്.
കോടമഞ്ഞും കുളിരും കാഴ്ചകളുടെ വിരുന്നുമൊക്കെയായി മഞ്ചൂർ സഞ്ചാരികളെ കാത്തിരിക്കുന്നു. ഇവിടെ രാത്രിയാത്രയ്ക്ക് നിയന്ത്രണമുണ്ട്. രാത്രിയായാൽ ഈ പാതകൾ കാട്ടാനക്കൂട്ടത്തിന് അവകാശപ്പെട്ടതാണ്. മഞ്ചൂരിലൂടെയുള്ള യാത്രയിൽ ഒഴിവാക്കാനാവാത്തതാണ് അണ്ണാമല സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. തമിഴ്നാട്ടിലെ പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ പട്ടികയിൽ ഇത് ഇടംപിടിച്ചു കഴിഞ്ഞു.
നീലഗിരി മലനിരകളിലെ മലയാളി തുരുത്താണ് കിണ്ണക്കര. നീലക്കുറിഞ്ഞി പൂക്കാറുള്ള മേഖലയാണിത്, കോടമഞ്ഞിറങ്ങുന്ന വഴികൾ താണ്ടി കിണ്ണക്കരയിലേക്കെത്തി. താഴ്‌വാരങ്ങളിലുടനീളം നീലക്കുറുഞ്ഞി വസന്തമായിരുന്നു അന്ന്. കിണ്ണക്കരയിലെ നീല വസന്തം മൂടൽ മഞ്ഞിനോടൊപ്പം തന്നെ അനുഭവിക്കണം. കിണ്ണക്കരയിൽ നിന്ന് 34 കിലോമീറ്റർ ദൂരമുണ്ട് കുനൂരിലേക്ക്. അവിടെ നിന്നാണ് ഊട്ടിയിലേക്കുള്ള കയറ്റം ആരംഭിക്കുന്നത്.
എന്തിനീ കാഴ്ചകളെ തടവിലാക്കി?നീലഗിരിയുടെ സൗന്ദര്യം ശരിക്കുമറിയണമെങ്കിൽ മുള്ളിയും ഗെദ്ദയും മഞ്ചൂരുമെല്ലാം ഉൾപ്പെടുന്ന പാതയിലൂടെ പോകണം. ഏഴെട്ടു വർഷം മുൻപാണു ഞാൻ ഗെദ്ദയിലെത്തിയത്. ആദ്യനാളുകളിൽ ഇതെനിക്കു വെറും വനഭൂമിയായിരുന്നു. പഞ്ഞിമേഘങ്ങളെ മറച്ചു പെയ്തുവീഴുന്ന കോട പുതച്ചുറങ്ങുന്ന പില്ലൂർ തൊട്ട് മഞ്ചൂർ വരെയുള്ള യാത്ര മനസ്സിൽ നിന്നു മായില്ല.
മലമേടുകളെ അരഞ്ഞാണമണിയിക്കുന്ന ചെറു വെള്ളച്ചാട്ടങ്ങൾ, ഇലകൾക്കിടമില്ലാതെ പൂത്തുനിൽക്കുന്ന പലതരം കാട്ടുമരങ്ങൾ, സിംഹവാലൻ കുരങ്ങുകളും മയിലും മുയലും കാട്ടെരുമയും മലയണ്ണാർകണ്ണനും... ആനകളും പുലിയും... മുള്ളി ചെക്പോസ്റ്റ് അടയ്ക്കും മുൻപേ ഈ വന പാതയോരങ്ങളിലെ ചായക്കടകൾ തിരക്കു നിറഞ്ഞതായിരുന്നു.
സന്ധ്യ കറുക്കും വരെ മലയാളികളുടെ ടൂറിസ്റ്റ് വാഹനങ്ങൾ മുള്ളി ചെക്പോസ്റ്റ് താണ്ടി കടന്നുപോയി. മുള്ളി ചെക്പോസ്റ്റ് അടച്ചുപൂട്ടിയത് സഞ്ചാരികളെ നിരാശയിലാക്കി. പല യാത്രാപ്രേമികളും മുള്ളി ചെക്പോസ്റ്റ് വരെ വന്ന് ഈ വഴി പോകാനാവില്ലെന്നറിഞ്ഞ് മടങ്ങിപ്പോയി. ചിലർ ഫോറസ്റ്റ് ഗാർഡിന് മുന്നിൽ ഒച്ചവെച്ചു. ഗെദ്ദയിലും മഞ്ചൂരിലും താമസിക്കുന്ന ഞങ്ങൾ ബന്ധുക്കളെ കാണാൻ പോലും കഴിയാതെ ഒറ്റപ്പെട്ട അവസ്ഥയിലായി.
ടൂറിസ്റ്റുകളെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ആ പഴയ കടകളെല്ലാം അടച്ചു. അവയ്ക്കു മുന്നിൽ കുന്നോളം കാട്ടുപുല്ല് വളർന്നുനിൽക്കുന്നു. പലരുടെയും വയറ്റത്തടിച്ച് യാത്രകൾ ദുരിത പൂർണമാക്കി എന്തിനാണീ മുള്ളി ചെക്പോസ്റ്റ് അടച്ചിട്ടിരിക്കുന്നത്?. എന്തിനാണ് ഈ കാഴ്ചകളെ തടവിലാക്കിയിരിക്കുന്നത്?.
(തൃശൂർ സ്വദേശിനിയായ രേഖ തോപ്പിൽ ദീർഘകാലമായി മുള്ളി- ഊട്ടി പാതയിലെ മനോഹരമായ ഹിൽ സ്റ്റേഷനായ ഗെദ്ദയിലാണു താമസം. ഗെദ്ദയിലെ മനുഷ്യരുടെ ജീവിതം പ്രമേയമാക്കി ‘ഗെദ്ദ’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്)