ADVERTISEMENT

പട്ടാമ്പി ∙ തൃത്താല പട്ടാമ്പി നിയോജകമണ്ഡലങ്ങളിലെ വേനലിലെ ജലക്ഷാമത്തിനു പരിഹാരം കാണാൻ ഭാരതപ്പുഴയിൽ കീഴായൂർ നമ്പ്രം ഭാഗത്തു തടയണ നിർമാണം പുരേ‍ാഗമിക്കുന്നു. തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിനും ഓങ്ങല്ലൂർ ചെങ്ങണാംകുന്ന് റഗുലേറ്ററിനും ഇടയിൽ ഭാരതപ്പുഴയ്ക്കു കുറുകെ കീഴായൂർ തടയണ കൂടി വരുന്നതോടെ ഭാരതപ്പുഴ വേനലിലും നിറഞ്ഞു നിൽക്കും. ഇതോടെ പട്ടാമ്പി നഗരസഭയിലെയും പട്ടാമ്പി, തൃത്താല മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിലെയും വേനലിലെ ജലക്ഷാമത്തിനു പരിഹാരമാകും.

പട്ടാമ്പി നഗരസഭയുടെ നിർദിഷ്ട സമഗ്ര ശുദ്ധജല പദ്ധതിക്കു കൂടി പ്രയോജനം ചെയ്യുന്നതാണു തടയണ. പട്ടാമ്പി കീഴായൂർ നമ്പ്രത്തെയും തൃത്താല മണ്ഡലത്തിലെ ഞാങ്ങാട്ടിരിയെയും ബന്ധിപ്പിച്ചാണു തടയണ നിർമിക്കുന്നത്. നബാർഡ് ഫണ്ടിൽ 325 മീറ്റർ നീളത്തിലും രണ്ടു മീറ്റർ ഉയരത്തിലും നിർമിക്കുന്ന തടയണയ്ക്ക് 28 ഷട്ടറുകൾ ഉണ്ടാകും. ഇതുവഴി തടയണയിൽ ജലനിരപ്പ് ക്രമീകരിച്ചു നിർത്താനാകും. 35.5 കോടി രൂപയുടെ അനുമതിയാണു നബാർഡിൽ നിന്നു ലഭിച്ചിട്ടുള്ളത്.

2021ലാണു പദ്ധതിക്കു ഭരണാനുമതി ലഭിച്ചത്. 45 വർഷവും 17 വർഷവും പഴക്കമുളള പട്ടാമ്പിയിലെ രണ്ടു ശുദ്ധജല വിതരണ പദ്ധതികളും ജലലഭ്യത കുറവായതിനാൽ വേനൽക്കാലത്തു പ്രതിസന്ധിയിലാവാറുണ്ട്. തടയണ വരുന്നതോടെ ഇതിനു പരിഹാരമാകും. ആറു പാടശേഖരങ്ങളിലെ 947 ഹെക്ടർ സ്ഥലത്തു രണ്ടു വിള നെൽക്കൃഷിക്കും വേനൽക്കാലത്തു പച്ചക്കറി കൃഷിക്കും ജലസേചനത്തിനു തടയണയിലെ വെള്ളം ഉപയോഗിക്കാം. കീഴായൂർ, ആര്യമ്പാടം, കൊണ്ടൂർക്കര, ഞാങ്ങാട്ടിരി, തിരുമിറ്റക്കോട്, രായമംഗലം എന്നീ പാടശേഖരങ്ങൾക്കു തടയണയുടെ പ്രയോജനം ലഭിക്കും.

2011-ൽ പട്ടാമ്പിയിൽ റഗുലേറ്ററോടു കൂടിയ കാൽനടപ്പാലവുമായി തടയണ നിർമിക്കാൻ നിർദേശം ഉയർന്നെങ്കിലും നിർദിഷ്ട റഗുലേറ്ററിനു നാലര കിലോമീറ്റർ അകലെ ചെങ്ങണാംകുന്ന് റഗുലേറ്റർ തടസ്സമായി. വെളളം അവിടേക്കു കടന്നു നിൽക്കുമെന്നതാണു തടയണ നിർമാണ അനുമതിക്കു തടസ്സമായത്. തുടർന്നു പുതിയ പഠനം നടത്തിയാണു നിലവിലെ ചെറു തടയണ നിർമിക്കാൻ തീരുമാനിച്ചത്. നഗരസഭാ പരിധിയിലെ ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം ലക്ഷ്യമിട്ട് അമൃത് പദ്ധതിയിലുൾപ്പെടുത്തി 7.4 കോടി രൂപ ചെലവിൽ പുതിയ ജലസംഭരണിയും ശുദ്ധീകരണ ശാലയടക്കമുള്ള പദ്ധതിക്കു വെള്ളം ലഭ്യമാകുന്ന പദ്ധതി കൂടിയാണു തടയണ. ശുദ്ധജല പദ്ധതിക്കായുള്ള ജലസംഭരണിയും ശുദ്ധീകരണശാലയും നിർമിക്കാൻ യോജ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com