അടയ്ക്കാപുത്തൂർ മുതൽ കുളക്കാട് വരെ റോഡിൽ പൊടിശല്യം; ജനം വലയുന്നു
Mail This Article
ചെർപ്പുളശ്ശേരി ∙ നാലുവരിപ്പാതയായി വികസിപ്പിക്കുന്ന മുണ്ടൂർ–തൂത റോഡിലെ അടയ്ക്കാപുത്തൂർ മുതൽ കുളക്കാട് വരെയുള്ള ഭാഗങ്ങളിൽ പൊടിശല്യം രൂക്ഷം. വാഹനങ്ങൾ പോകുന്നതിനിടെ ഉണ്ടാകുന്ന പൊടിപടലം കാരണം ജനങ്ങൾ പെടാപ്പാടു പെടുകയാണിവിടെ. റോഡിന്റെ ഒരു ഭാഗം ടാറിങ് നടത്തുന്നതിനിടെ ഉണ്ടായ യന്ത്രത്തകരാർ മൂലം കുറച്ചു ദിവസമായി റോഡ് പണി നിർത്തിവച്ചിരിക്കുകയാണ്.
റോഡിൽ ടാർ ഒഴിച്ചു നിരപ്പാക്കുന്നതിനിടെയാണ് യന്ത്രത്തിനു തകരാർ സംഭവിച്ചത്. ഇതുമൂലം അടയ്ക്കാപുത്തൂർ മുതൽ കുളക്കാട് വരെയുള്ള ഒരു ഭാഗം ഗതാഗതം തടസ്സപ്പെടുത്തിയിരിക്കുകയാണ്. ശേഷിക്കുന്ന ടാർ ചെയ്യാത്ത ഭാഗത്തുകൂടി വാഹനങ്ങൾ പോകുമ്പോൾ പൊടിപടലങ്ങൾ വായുവിൽ ഉയരുകയാണ്. പൊടിശല്യം കുറയ്ക്കാൻ വേണ്ടപോലെ വെള്ളം ഒഴിക്കുന്നുമില്ല. പൊടിപാറുന്നതു മൂലം എതിരെ വരുന്ന വാഹനങ്ങൾ കാണാതെ അപകടങ്ങളും സംഭവിക്കുന്നുണ്ട്. റോഡുനിർമാണ യന്ത്രം തകരാർ തീർത്ത് പ്രശ്നം പരിഹരിക്കണമെന്ന് സിപിഐ വെള്ളിനേഴി ലോക്കൽ സെക്രട്ടറി ആലുംകുണ്ടിൽ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.