ഇനി കൃത്യസമയത്ത്; അമൃത എക്സ്പ്രസിന്റെ വൈകിയോട്ടം അവസാനിക്കുന്നു
Mail This Article
പാലക്കാട് ∙ അമൃത എക്സ്പ്രസിന്റെ വൈകിയോട്ടം അവസാനിക്കുന്നു. പാലക്കാട്ടു നിന്നു പുറപ്പെടുന്ന അമൃത എക്സ്പ്രസ് മൂന്നു മാസമായി സ്ഥിരമായി വൈകിയാണു തിരുവനന്തപുരത്ത് എത്തിയിരുന്നത്. ട്രാക്കിന്റെ അറ്റകുറ്റപ്പണി പൂർത്തിയായെന്നും ഇനി മുതൽ അമൃത കൃത്യസമയം പാലിക്കുമെന്നും റെയിൽവേ ഔദ്യോഗികമായി അറിയിച്ചു. മൂന്നു മാസമായി മൂന്നു മണിക്കൂർ വരെ വൈകിയാണു ട്രെയിൻ തിരുവനന്തപുരത്ത് എത്തിയിരുന്നത്. ഇതുമൂലം യാത്രക്കാർക്കുണ്ടായ പ്രയാസം കുറച്ചായിരുന്നില്ല.
വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്കു പോകുന്ന രോഗികളാണ് ഏറെ വിഷമിച്ചത്. ഒറ്റപ്പാലം, ലക്കിടി, പറളി, മങ്കര ഭാഗത്തുള്ള ട്രാക്ക് നവീകരണമാണു ട്രെയിൻ വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞെങ്കിലും അതു സംബന്ധിച്ചു മൂന്നു മാസമായി അറിയിപ്പു നൽകാൻ റെയിൽവേ തയാറാകാഞ്ഞതു യാത്രക്കാർക്കിടയിൽ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു.
രാവിലെ 4.55ന് എത്തേണ്ട ട്രെയിൻ ഏഴിനു ശേഷമാണു പലപ്പോഴും തിരുവനന്തപുരത്ത് എത്തിയിരുന്നത്. പാലക്കാട് സ്റ്റേഷൻ വിട്ടാൽ വഴിക്കു പിടിച്ചിടുകയായിരുന്നു പതിവ്.എന്നാൽ, പാലക്കാട്ടേക്കുള്ള അമൃത കൃത്യസമയത്ത് എത്തിയിരുന്നു. ട്രാക്ക് നവീകരണം പൂർത്തിയായെന്നും യാത്ര കൂടുതൽ സുരക്ഷിതമാക്കാനാണു നടപടി സ്വീകരിച്ചതെന്നും റെയിൽവേ അറിയിച്ചു. ഈ പ്രദേശത്തു മാത്രമാണു പണി ബാക്കിയുണ്ടായിരുന്നത്. അതു വിജയകരമായി അവസാനിച്ചതിനാൽ ഇതുവരെയുണ്ടായ വൈകൽ ഇനി ഉണ്ടാകില്ലെന്നും അറിയിപ്പിൽ പറയുന്നു.