പൊലീസ് സ്റ്റേഷനു മുന്നിൽ ആത്മഹത്യാശ്രമം; യുവാവിനു ഗുരുതര പൊള്ളലേറ്റു
Mail This Article
ആലത്തൂർ ∙ പൊലീസ് സ്റ്റേഷനു മുന്നിൽ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തി യുവാവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കാവശ്ശേരി പത്തനാപുരം ഞാറക്കോട് രാജേഷ് (30) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 1.30നാണു സംഭവം. പെട്രോൾ ദേഹത്തൊഴിച്ച് പൊലീസ് സ്റ്റേഷന്റെ പടികടന്ന് സ്റ്റേഷന്റെ മുൻഭാഗത്ത് എത്തിയാണ് ലൈറ്റർ കൊണ്ട് തീകൊളുത്തിയത്. തീ ആളുന്നത് കണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ വന്നവരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ബക്കറ്റിൽ വെള്ളംഒഴിച്ച് തീകെടുത്തി രാജേഷിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഗുരുതരാവസ്ഥയിലുള്ള രാജേഷിനെ പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 90 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. വീട്ടമ്മയായ യുവതി ഇയാൾ ശല്യപ്പെടുത്തുന്നുവെന്ന് പരാതി നൽകിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വീട്ടമ്മയെയും ഇയാളെയും വിളിപ്പിച്ചിരുന്നു. ഇനി ശല്യപ്പെടുത്തില്ലെന്ന് രാജേഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പറഞ്ഞുവിട്ടു.
ഇന്നലെ രാവിലെ പത്തരയോടെ പൊലീസ് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഇയാൾ ഒന്നരയോടെയാണ് തിരിച്ചെത്തി ആത്മഹത്യാശ്രമം നടത്തിയത്. മലേഷ്യയിൽ കപ്പലിൽ ജോലി ചെയ്തിരുന്ന രാജേഷ് രണ്ടു മാസം മുൻപാണ് നാട്ടിലെത്തിയത്. പാലക്കാട് ജില്ലാ പൊലീസ് സൂപ്രണ്ട് ആർ.ആനന്ദ്, ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.കെ.വിശ്വനാഥൻ എന്നിവർ സ്ഥലത്തെത്തി.