ADVERTISEMENT

കോയമ്പത്തൂർ ∙ പശ്ചിമഘട്ട മലനിരകളിൽപ്പെട്ട വെള്ളിങ്കിരി മല ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ 24 മണിക്കൂറിനിടെ 3 പേർ മരിച്ചു. ഹൈദരാബാദ് സ്വദേശി ഡോ.സുബ്ബാറാവു (68), സേലം സ്വദേശി ത്യാഗരാജൻ (38), തേനി സ്വദേശി പാണ്ഡ്യൻ (40) എന്നിവരാണു മരിച്ചത്. ഇതിൽ സുബ്ബാറാവു, ത്യാഗരാജൻ എന്നിവർ ഞായറാഴ്ചയും പാണ്ഡ്യൻ തിങ്കളാഴ്ച രാവിലെയുമാണു മരിച്ചത്. 

ബോലുവാംപട്ടി റേഞ്ചിലെ പൂണ്ടി വെള്ളിങ്കിരി മലയിലേക്ക് കയറാൻ ഫെബ്രുവരി 12നാണ് അനുമതി നൽകിയത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ മലകയറുന്നതിനിടെ മരിച്ചവരുടെ എണ്ണം അഞ്ചായി. 24 വയസ്സുള്ള വേലൂർ സ്വദേശിയും 22 വയസ്സുള്ള കോയമ്പത്തൂർ സ്വദേശിയുമാണു നേരത്തെ മരിച്ചത്.

മല കയറുന്നതിനിടെ ഉണ്ടായ കടുത്ത ശ്വാസതടസ്സമാണു മരണകാരണം. ശ്വാസതടസ്സം കാരണം വഴിയിൽ ബുദ്ധിമുട്ടുണ്ടായാലും താഴേക്ക് എത്തിച്ച് ചികിത്സ നൽകുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ട്. 6.5 കിലോമീറ്റർ നീളമുള്ള, കുത്തനെ കയറ്റിറക്കങ്ങളുള്ള 7 മലകൾ കയറിയിറങ്ങി വേണം ക്ഷേത്രത്തിലെത്താൻ. ഡോക്ടറായ സുബ്ബാറാവു സുഹൃത്തുക്കളോടൊപ്പം മലകയറുന്നതിനിടെ നാലാമത്തെ മലയിൽ കുഴഞ്ഞുവീഴുകയായിരുന്നു. അടിവാരത്ത് വിവരം അറിഞ്ഞ്  രക്ഷാപ്രവർത്തകർ എത്തി പരിശോധിക്കുമ്പോഴേക്കും മരിച്ചിരുന്നു. 

പാണ്ഡ്യൻ, സുബ്ബറാവു, ത്യാഗരാജൻ.
പാണ്ഡ്യൻ, സുബ്ബറാവു, ത്യാഗരാജൻ.

സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരനായ ത്യാഗരാജൻ ഒന്നാമത്തെ മല ഇറങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തിങ്കളാഴ്ച രണ്ടാമത്തെ മല കയറുന്നതിനിടെയാണ് പാണ്ഡ്യൻ കുഴഞ്ഞുവീണത്. സംഭവങ്ങളിലെല്ലാം വിവരമറിഞ്ഞ് രക്ഷാപ്രവർത്തകർ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

പരിശോധന നടത്തി എത്തുക, സംഘം ചേർന്നു മലകയറുക
2023ൽ 8 പേരും 2022ൽ 13 പേരും മലകയറുന്നതിനിടെ മരിച്ചതായി തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. എന്നാൽ അന്ന് കൂടുതലും പ്രായമായവർക്കായിരുന്നു മലകയറ്റത്തിനിടെ അത്യാഹിതം സംഭവിച്ചിരുന്നത്. ഇൗ വർഷം മരിച്ചവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ഒന്നാമത്തെയും ഏഴാമത്തെയും മലയാണ് കുത്തനെ കയറേണ്ടതും ഇറങ്ങേണ്ടതും. 

ഹൃദയത്തിന് തകരാർ ഉള്ളവർ, ശ്വാസംമുട്ടൽ ഉള്ളവർ, ശരീരഭാരം കൂടുതൽ ഉള്ളവർ, പ്രായമായവർ, കോവിഡ് വന്ന് ചികിത്സ തേടിയവർ, പ്രമേഹം, രക്തസമ്മർദം, മറ്റ് ശാരീരിക പ്രശ്നങ്ങൾ തുടങ്ങിയവ ഉള്ളവർ മല കയറുന്നതിനു മുൻപ് പരിശോധന നടത്തി ആരോഗ്യം ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച് തമിഴ്നാട് വനംവകുപ്പ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. സംഘം ചേർന്നു  വേണം മലകയറാൻ എന്നും മുന്നറിയിപ്പു നൽകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com