ADVERTISEMENT

ശ്രീകൃഷ്ണപുരം∙ വെള്ളിയാഴ്ച രാത്രി ഉണ്ടായ കാറ്റിലും മഴയിലും കരിമ്പുഴ ഗ്രാമ പഞ്ചായത്തിൽ വ്യാപക നഷ്ടം. മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റാണു നാശം വിതച്ചത്. ആറ്റാശ്ശേരി, കരിപ്പമണ്ണ, പ്ലാക്കൂടം, കോട്ടപ്പുറം, കുന്നക്കാട്, കുലിക്കിലിയാട് എന്നിവിടങ്ങളിലാണു കൃഷിനാശമുണ്ടായത്. വാഴ, കവുങ്ങ് തുടങ്ങിയവയാണ് അധികവും നശിച്ചത്.

നാൽപതോളം വീടുകൾക്കും നാശം സംഭവിച്ചിട്ടുണ്ട്. വീടിന്റെ മേൽക്കൂരകളും ഷീറ്റുകളും പാറിപ്പോയി.  ചില വീടുകളുടെ ചുമരുകൾക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്. ചുഴലിക്കു സമാനമായ കാറ്റാണു വീശിയതെന്നു നാട്ടുകാർ പറഞ്ഞു. ഒന്നാം വാർഡ് കുന്നത്ത് പീടികയിലും മഴ വ്യാപക നഷ്ടം വരുത്തിയിട്ടുണ്ട്. 

കുന്നത്ത് പോക്കർ, കണ്ണത്ത് ചാമിക്കുട്ടി, കണ്ണത്ത് കാളിക്കുട്ടി, തേലക്കാട് ചാത്തൻ, തേലക്കാട് രാമകൃഷ്ണൻ എന്നിവരുടെ വീടുകൾക്കു മുകളിലേക്കു മരം വീണു. ഒട്ടേറെ റബർ മരങ്ങളും കടപുഴകി വീണിട്ടുണ്ട്. ശ്രീകൃഷ്ണപുരം വൈദ്യുതി ഓഫിസിന്റെ പരിധിയിൽ പലയിടത്തും വൈദ്യുതിക്കമ്പികൾ പൊട്ടി വീണു.

ഇരുപത്തഞ്ചോളം വൈദ്യുതിക്കാലുകളും തകർന്നു. വീടുകളും കൃഷിയും നശിച്ചവർക്കു നഷ്ടപരിഹാരം നൽകണമെന്ന് ഒന്നാം വാർഡ് മെംബർ എം.മോഹനൻ ആവശ്യപ്പെട്ടു. തകർന്ന വീടുകൾ പഞ്ചായത്തിന്റെ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിക്കാൻ സർക്കാർ മുന‍ഗണന നൽകണമെന്നു കരിമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ഹനീഫ, ലോക്കൽ ഗവൺമെന്റ് മെംബേഴ്സ് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ കുന്നത്ത്, മണ്ഡലം കൺവീനർ ഇ.പി.ബഷീർ, മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം പി.എ.തങ്ങൾ എന്നിവർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com