ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നു രണ്ടക്ക സീറ്റാണു പ്രധാനമന്ത്രി നരേന്ദ്രമോദി അവകാശപ്പെടുന്നത്. അതിലൊരക്കം ബിജെപി പ്രതീക്ഷിക്കുന്നതു പാലക്കാട്ട്. മോദിയുടെ ഗാരന്റിക്കു വോട്ടു തേടുകയാണു പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാർ. പരമാവധി പേരെ നേരിൽ കാണുന്നു. ഒപ്പം ചെറിയൊരു പ്രസംഗവും ചോദ്യോത്തരവും. മരച്ചുവട്ടിലും പ്രവർത്തകരുടെ വീടുകളിലുമായി ചെറിയ യോഗങ്ങൾ വഴിയാണു വോട്ടഭ്യർഥന.

ചൂടു പരിധിക്കപ്പുറമാണെങ്കിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവില്ല. വിഷു കഴിഞ്ഞിട്ടും പടക്കമാണു പ്രധാന താരം. സ്ഥാനാർഥി വന്നിറങ്ങുമ്പോൾ മാലപ്പടക്കത്തിനു തീ കൊളുത്തും. ചിഹ്നം താമരയായതിനാൽ താമരപ്പൂക്കൾ നൽകി സ്ഥാനാർഥിയെ സ്വീകരിക്കുന്നു. സ്വീകരണ സ്ഥലങ്ങളിലെല്ലാം വനിതകളുടെ കൂട്ടം നല്ലതുപോലുണ്ട്. ഇതോടെ വനിതാ സംവരണവും പ്രസംഗത്തിൽ ഇടംപിടിച്ചു. അടുത്ത തവണ ചിലപ്പോൾ നിങ്ങളിലാരെങ്കിലുമാകും സ്ഥാനാ‍ർഥിയെന്നു പറഞ്ഞപ്പോൾ നിറഞ്ഞ കയ്യടി.

കുടിക്കാൻ വെള്ളം എവിടെ
‘‘കനത്ത ചൂടിൽ ധാരാളം വെള്ളം കുടിക്കണമെന്നാണ് ആരോഗ്യവകുപ്പും സംസ്ഥാന സർക്കാരുമൊക്കെ പറയുന്നത്. അതിനു വെള്ളം എവിടെ ? സംസ്ഥാന സർക്കാർ കുടിക്കാൻ വെള്ളം തരേണ്ടേ? അതു തരുന്നില്ല ? എന്തുകൊണ്ടാ വെള്ളം തരാത്തത് ? നിങ്ങൾ ചോദിക്കണം? എംപിയോടും എംഎൽഎയോടും ഒക്കെ ചോദിക്കണം. മലമ്പുഴ ഡാമിന്റെ തൊട്ടടുത്തല്ലേ വീട്? എന്നിട്ടും എന്തേ വെള്ളം കിട്ടാത്തത് ? മലമ്പുഴ അക്കരെ പോയപ്പോൾ ഒരു അമ്മ പറഞ്ഞു കുടിക്കുന്നതു ചെളിവെള്ളമാണെന്ന്. അതും ഡാമിൽ കുഴി കുത്തിയാണു വെള്ളം എടുക്കുന്നത്.

മുഖ്യമന്ത്രി വരെ ഉണ്ടായ മണ്ഡലത്തിലെ സ്ഥിതിയാണിത്. അട്ടപ്പാടി മുതൽ ഇതാണു സ്ഥിതി. നാട്ടിൽ എല്ലാ വീടുകളിലും വെള്ളം എത്തിക്കാൻ കേന്ദ്ര സർക്കാർ ജലജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നുണ്ട്.  ബിജെപിയുടെ എല്ലാ പഞ്ചായത്ത് അംഗങ്ങളും പരമാവധി വീടുകളിൽ ജലജീവൻ മിഷൻ കണക്‌ഷൻ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിനുൾപ്പെടെ എല്ലാറ്റിനും കേന്ദ്രം പദ്ധതിയും ഫണ്ടും അനുവദിച്ചിട്ടുണ്ട്. എന്നിട്ടും കേരളം അതു വേണ്ട വിധത്തിൽ നടപ്പാക്കുന്നില്ല.’’ സ്ഥാനാർഥി പറഞ്ഞു നിർത്തിയപ്പോൾ വീട്ടുകാർ വെള്ളം കിട്ടാത്തതിന്റെ സങ്കടക്കെട്ടഴിച്ചു. എംപിയായാൽ എല്ലാം പരിഹരിക്കുമെന്നു സ്ഥാനാർഥിയുടെ ഉറപ്പ്.

മനമറിഞ്ഞുള്ള യാത്ര
തിരഞ്ഞെടുപ്പിനു വളരെ മുൻപേ മണ്ഡലത്തിലുടനീളം പദയാത്ര നടത്തിയുള്ള മുന്നൊരുക്കവുമായാണു സി.കൃഷ്ണകുമാറിന്റെ പര്യടനം. ഇന്നലെ മലമ്പുഴയിലും പാലക്കാടുമായിരുന്നു പര്യടനം. മലമ്പുഴ ഡാമിന്റെ അക്കരെ കൊല്ലംകുന്നിൽ നിന്നു രാവിലെ ഏഴോടെ പര്യടനം തുടങ്ങി. എവിടെ ചെല്ലുമ്പോഴും പേരെടുത്തു വിളിക്കാവുന്ന നാട്ടുകാരും പ്രവർത്തകരും.

സ്ഥാനാർഥി എത്തും മുൻപ് അനൗൺസ്മെന്റ് വാഹനം എത്തും. പാലക്കാട് നഗരസഭാംഗങ്ങളായ കെ.വി.വിശ്വനാഥൻ, എം.ശശികുമാർ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി.മധു എന്നിവർ സ്ഥാനാർഥിക്കു മുൻപേ എത്തി യോഗങ്ങളിൽ കേന്ദ്രത്തിന്റെ പദ്ധതികൾ ഓരോന്നും വിശദീകരിക്കും. അപ്പോഴേക്കു സ്ഥാനാർഥി എത്തും. മലമ്പുഴ മണ്ഡലം പ്രസി‍ഡന്റ് എം.സുജിത്ത്, മലമ്പുഴ പഞ്ചായത്ത് അംഗം ആർ.നിമിഷ്, ബിജെപി പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ, മഹിളാ മോർച്ച ഭാരവാഹികൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

തുടർന്ന് അയ്യപ്പൻപൊറ്റ, ആറങ്ങോട്ടുകുളമ്പ്, കുനുപ്പുള്ളി, കാരക്കാട്, വാരണി, കടുക്കാംകുന്നം, ചെറാട്, മേലേചെറാട്, നാരങ്ങപ്പറമ്പ്, കൽമാടം, അങ്കവാൽപറമ്പ്, കുന്നുംപാറ, കല്ലേക്കുളങ്ങര, ദുർഗാനഗർ എന്നിവിടങ്ങളിലെല്ലാം പര്യടനം നടത്തി. ഉച്ചയ്ക്കു ശേഷം പാലക്കാട് മണ്ഡലത്തിനും പര്യടനം നടത്തി. പ്രചാരണം അക്കാരക്കാടെത്തിയപ്പോൾ പ്രവർത്തകർ ഒരുക്കിയ ലഘുഭക്ഷണത്തിൽ അവർക്കൊപ്പം സ്ഥാനാർഥിയും പങ്കാളിയായി.  പ്രദേശത്തേക്കു കേന്ദ്ര പദ്ധതികൾ നേടിയെടുക്കാൻ ജനപ്രതിനിധി അല്ലാതിരുന്നിട്ടു കൂടി കൃഷ്ണകുമാറിന്റെ ഇടപെടൽ ഉണ്ടാകുന്നുണ്ടെന്നു ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങൾ യോഗങ്ങളിൽ വ്യക്തമാക്കി.

കാട്ടാനക്കൂട്ടം, പുലി
പണ്ടൊക്കെ പുലിയെയും മറ്റും കാണാൻ കാഴ്ചബംഗ്ലാവിൽ പോകണമായിരുന്നു. ഇപ്പോൾ എവിടെയും പോകേണ്ട. കാട്ടാനക്കൂട്ടം കൂടാതെ പുലിയും എത്തുന്നു. കാട്ടിലുള്ള മൃഗങ്ങളെല്ലാം നാട്ടിലേക്കിറങ്ങുന്നു. ആരാണ് ഉത്തരവാദി. ഇതു തടയേണ്ടേ? അതിനു കേന്ദ്ര പദ്ധതികളും ഫണ്ടും ഉണ്ട്. എന്താണ് അതു നേടിയെടുത്തു നടപ്പാക്കാത്തത് എന്നു നിങ്ങൾ സർക്കാരിനോടും ജനപ്രതിനിധികളോടും ചോദിക്കണം. ലോക്സഭാ മണ്ഡലത്തിലെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് അതു നടപ്പാക്കേണ്ടത് എംപിയുടെ ഉത്തരവാദിത്തമാണ്. 

ഇവിടെ എംപിയും എംഎൽഎയും ആകെ ചെയ്യുന്നത് ഹൈമാസ്റ്റ്, മിനി മാസ്റ്റ് ലാംപുകൾ സ്ഥാപിക്കലാണ്. അതിനു മെംബർ ഓഫ് പഞ്ചായത്ത് മതി. ഞാൻ നഗരസഭ കൗൺസിലറായിരുന്നു. അപ്പോൾ ഇതൊക്കെ ചെയ്തിട്ടുണ്ട്. എംപി എന്നാൽ മണ്ഡലത്തിന് ആവശ്യമായ കേന്ദ്ര പദ്ധതികൾ കണ്ടെത്തി അതു നടപ്പാക്കേണ്ട ആളാണ്. ആ ഉത്തരവാദിത്തം നിറവേറ്റുന്നില്ല, കൃഷ്ണകുമാർ പറയുന്നു.

വാരണിപ്പാലം, നടക്കാവ് മേൽപാലം
2018ൽ തകർന്ന വാരണിപ്പാലം ഇതുവരെ പുനർനിർമിക്കാൻ സംസ്ഥാന സർക്കാരിനു കഴിഞ്ഞോ? ഇതാണ് ഇടതുപക്ഷം പറയുന്ന വികസനം. അധികാരത്തിലെത്തിയാൽ 6 മാസത്തിനകം നടക്കാവിൽ റെയിൽവേ മേൽപാലം എന്നു പറഞ്ഞവർ ഭരിക്കാൻ തുടങ്ങി 8 വർഷമായിട്ടും പാലം പണി പൂർത്തിയായില്ല. ഒരു അസുഖം വന്നാൽ നമ്മൾ ജില്ലാ ആശുപത്രിക്കപ്പുറം എവിടെ പോകും. ഇവിടൊരു മെഡിക്കൽ കോളജ് പണിയാൻ തുടങ്ങിയിട്ടു 10 വർഷമായി. ഇതുവരെ പൂർത്തീകരിച്ചിട്ടില്ല.

കേന്ദ്രം ഒരു ദിവസം കൊണ്ട് 75 കിലോമീറ്റർ ദേശീയപാത നിർമിക്കുമ്പോഴാണ് ഇവിടെ പദ്ധതികളുടെ പൂർത്തീകരണത്തിന് എട്ടും, പത്തും പതിനഞ്ചും വർഷങ്ങൾ എടുക്കുന്നത്. കേന്ദ്രം നെല്ലിന്റെ താങ്ങുവില ഓരോ വർഷവും കൂട്ടുമ്പോൾ സംസ്ഥാന സർക്കാർ അതിനനുസരിച്ചു സ്വന്തം വിഹിതം വെട്ടിക്കുറയ്ക്കുന്നു. ഇങ്ങനെയൊരു ഭരണകൂടം എവിടെയും ഉണ്ടാകില്ല. ഇതിനൊരു പരിഹാരം വേണം. ആ പരിഹാരം ഈ തിരഞ്ഞെടുപ്പിലൂടെ ആകണമെന്നും സ്ഥാനാർഥി പറയുന്നു.

പാലക്കാടിന് എയിംസ്
2016ലും 2021ലും മലമ്പുഴയിൽ നിന്നു നിയമസഭയിലേക്കു മത്സരിച്ചു. വോട്ടിങ് ശതമാനം ഉയർന്നെങ്കിലും വിജയിച്ചില്ല. എന്നിട്ടും ഞാൻ നിങ്ങളോടൊപ്പം നിന്നില്ലേ. നാട്ടുകാർ വിളിക്കുമ്പോഴൊക്കെ ഓടിവന്നില്ലേ ? ഇത്തവണ നിങ്ങൾ എനിക്കും എൻഡിഎ സർക്കാരിനും ഒരു അവസരം തരണം. അടുത്ത 5 വർഷം എന്റെ പ്രോഗ്രസ് കാർഡ് നിങ്ങൾ വിലയിരുത്തിക്കൊള്ളൂ. പാലക്കാട് നഗരസഭയിൽ ഉപാധ്യക്ഷനായിരിക്കുമ്പോൾ അമൃത് പദ്ധതിയിൽ നിന്നു നഗരഭയ്ക്കു കോടികളുടെ വികസനം നേടിയെടുക്കാനായി.

എംപിയായാൽ ജില്ലയ്ക്കുള്ള ആദ്യ ഉറപ്പ് പാലക്കാടിന് എയിംസ് ആണ്. 2015ൽ കേന്ദ്രം ഇതു വാഗ്ദാനം ചെയ്തിട്ടും കേരളം സ്ഥലം പോലും നൽകിയില്ല. എയിംസ് വരുന്നതോടെ പാലക്കാടിന് ഉന്നത ചികിത്സാ കേന്ദ്രമാകും. കഞ്ചിക്കോട് വ്യവസായ മേഖല അനുദിനം തകരുകയാണ്.  വ്യാവസായിക ഇടനാഴി പദ്ധതിയും കേന്ദ്രത്തിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയും സംയോജിപ്പിച്ചു കഞ്ചിക്കോടിനു പുനരുജ്ജീവനം നൽകും. ഇതുവഴി ആയിരക്കണക്കിനു തൊഴിലവസരം സൃഷ്ടിക്കും. കോൺഗ്രസും സിപിഎമ്മും വാളയാറിനപ്പുറം കടന്നാൽ ഒന്നാണ്. രാജ്യത്തിന്റെ പുരോഗതിക്ക് ഇത്തവണ ഒരു അവസരം നൽകണം – ഇതാണു കൃഷ്ണകുമാറിന്റെ അഭ്യർഥന.

സദസ്സറിഞ്ഞും മനമറിഞ്ഞുമാണു പ്രസംഗം. ജലജീവൻ മിഷൻ, പാചകവാതക കണക്‌ഷൻ, സ്വയം തൊഴിൽ പദ്ധതികൾ തുടങ്ങിയ കേന്ദ്ര പദ്ധതികൾ വിശദീകരിച്ചും ഇതൊക്കെ കിട്ടുന്നില്ലേ എന്നു ചോദിച്ചുമായിരുന്നു ഓരോ പ്രസംഗവും. അവസാനം പെൻഷൻ കിട്ടുന്നുണ്ടോ എന്നായി ചോദ്യം. കുടിശികയുണ്ടെന്നു നാട്ടുകാർ. അതിന്റെ ഉത്തരവാദി സംസ്ഥാന സർക്കാരാണെന്നും എല്ലാം തരുന്നതു മോദിയും ഒന്നും തരാതിരിക്കുന്നതു സംസ്ഥാന സർക്കാരുമാണെന്നും സ്ഥാനാർഥിയുടെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com