ADVERTISEMENT

പാലക്കാട് ∙ ‘നമ്മ വീട്ടിൽ പിള്ളയായി’ അതിർത്തി കടന്ന് കെ.അണ്ണാമലൈ എത്തിയതോടെ ജില്ലയിലെ ബിജെപി പ്രവർത്തകർ ഡബിൾ ആവേശത്തിൽ. ‘സിങ്ക തമിഴൻ, തങ്ക തമിഴൻ അണ്ണാമലൈ അൻപുടൻ പാലക്കാട് വരവേൽക്കറേൻ’ എന്ന മുദ്രാവാക്യങ്ങളുമായാണു ജില്ലയിലെ ബിജെപി പ്രവർത്തകർ അദ്ദേഹത്തെ സ്വീകരിച്ചത്. പാലക്കാട് മണ്ഡലം എൻഡിഎ സ്ഥാനാർഥി സി.കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് അണ്ണാമലൈ ഇന്നലെ കഞ്ചിക്കോട്ടും മേലാമുറിയിലും റോഡ്ഷോ നടത്തിയത്. സി.കൃഷ്ണകുമാറിനു ഹാരാർപ്പണം നടത്തിയായിരുന്നു തുടക്കം. കഞ്ചിക്കോട്ടു നിന്ന് ആശുപത്രി ജംക്‌ഷൻ വരെയുള്ള 2 കിലോമീറ്ററും മേലാമുറി മുതൽ മാട്ടുമന്ത വരെയുള്ള 5 കിലോമീറ്ററുമാണ് റോഡ് ഷോ നടത്തിയത്.

കഞ്ചിക്കോട് അഞ്ചിടങ്ങളിലും പാലക്കാട്ട് 17 ഇടങ്ങളിലും സ്വീകരണവും ഒരുക്കി. വഴിനീളെ പ്രവർത്തകർ മുദ്രാവാക്യവുമായെത്തി.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് മേജർ രവി, ജില്ലാ പ്രസിഡന്റ് കെ.എം.ഹരിദാസ്, പാലക്കാട് നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ, നേതാക്കളായ പി.രഘുനാഥ്, പി.വേണുഗോപാലൻ, എൻ.ഷൺമുഖൻ, പി.സാബു, പ്രശാന്ത് ശിവൻ, ജോമോൻ ചക്കാലയ്ക്കൽ, അശ്വതി മണികണ്ഠൻ, പി.ബി.പ്രമോദ്, എ.ബേബി, കണ്ണൻ സുരേഷ് എന്നിവർ നേതൃത്വം നൽകി.

സിപിഎം–കോൺഗ്രസ് ‘കേരളത്തിൽ ശത്രുക്കൾ, അതിർത്തിക്കപ്പുറം ഭായ് ഭായ്’
പാലക്കാട് ∙ സിപിഎമ്മും കോൺഗ്രസും കോയമ്പത്തൂരിൽ ‘ഭായ് ഭായും’ അതിർത്തി കടന്നാൽ ശത്രുക്കളുമാണെന്നു തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പറഞ്ഞു. പാലക്കാടും കഞ്ചിക്കോടും നടന്ന റോഡ് ഷോയോടനുബന്ധിച്ചുള്ള തിരഞ്ഞെടുപ്പ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇങ്ങനെയുള്ള ഇന്ത്യാസഖ്യത്തെ രാജ്യത്തെ ജനങ്ങൾ എങ്ങനെയാണു വിശ്വസിക്കുക? ഇവർക്ക് എങ്ങനെ വോട്ട് നൽകും? ഇവർ അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സ്ഥിതിയെന്താകും?മോദിയുടെ സ്ഥാനം ജനഹൃദയങ്ങളിലാണ്. വികസനമാണ് എൻഡിഎ സർക്കാരിന്റെ പ്രധാന അജൻഡ. ഡിഎംകെയുടെ എല്ലാ വ്യാധികളും അവരോടൊപ്പം ചേർന്നതോടെ കമ്യൂണിസ്റ്റ് പാർട്ടിക്കും വന്നിട്ടുണ്ട്. അഴിമതിയും സ്വജനപക്ഷവാദവുമാണു പാർട്ടിയുടെ മുഖമുദ്രയെന്നും അദ്ദേഹം ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com