ADVERTISEMENT

പാലക്കാട് ∙ കാത്തുകാത്തിരുന്ന തിരഞ്ഞെടുപ്പ് ഇങ്ങെത്തി. ഇന്നേക്ക് അഞ്ചാം നാൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്താൻ ജനം പോളിങ് ബൂത്തിലെത്തും. ഇന്ന്, നാളെ, മറ്റന്നാൾ... വീറുറ്റ പൊരിഞ്ഞ പ്രചാരണത്തിന് ഇനി ആകെ മൂന്നു ദിവസമാണുള്ളത്. അതു കഴിഞ്ഞാൽ തൊട്ടടുത്ത ദിവസം വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണം മാത്രം. വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്. 

ഇതുവരെ ഓടിയെത്തിയിടത്തും ഇനി എത്താൻ ബാക്കിയുള്ളിടത്തും കൂടി ഇന്നും നാളെയും മറ്റന്നാളുമായി ഒന്നു കൂടി പാഞ്ഞെത്തി വോട്ടുറപ്പിക്കാനുള്ള തത്രപ്പാടിലാണു സ്ഥാനാർഥികളും മുന്നണികളും. എത്രകണ്ട് അഭ്യർഥന നടത്തുന്നുവോ അത്രകണ്ടു ഗുണകരമാകുമെന്നാണു കണക്കുകൂട്ടൽ. 

തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനൊപ്പം തുടങ്ങിയതാണു പാലക്കാട്ടെ കൊടുംചൂട്. പാലക്കാടൻ ചൂട് പേരുകേട്ടതാണെങ്കിലും ഇത്രത്തോളം നീണ്ട് ജനത്തെ എരിപൊരിയിലാക്കുന്നതു സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. മൂന്നാഴ്ചയിലേറെയായി രാവും പകലും സഹിക്കാനാകാത്ത ചൂടാണ്. ആ ചൂടിനെയെല്ലാം ഓടിത്തോൽപ്പിച്ചാണു സ്ഥാനാർഥികളും മുന്നണികളും പ്രവർത്തകരും വോട്ടഭ്യർഥിക്കുന്നത്. ആ പ്രവർത്തനത്തെ വോട്ടർമാരും വിലമതിക്കുന്നു. വോട്ട് ചോദിച്ചു വരുന്നവരെ നിറഞ്ഞ ചിരിയോടെയാണു സ്വീകരിക്കുന്നത്.  

പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, ബിജെപി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം ജില്ലയിലെത്തി മുന്നണി സ്ഥാനാർഥികൾക്കായി വോട്ടുതേടി. 

നല്ല നാടിനും നാളേക്കും വികസനത്തിനും തൊഴിലവസരങ്ങൾക്കും രാജ്യരക്ഷയ്ക്കും ക്ഷേമപദ്ധതികൾക്കുമൊക്കെയായാണ് എല്ലാവരും വോട്ടു തേടുന്നത്. എതിരാളികൾക്കെതിരെ വാക്ശരങ്ങൾ വേണ്ടുവോളം പ്രയോഗിക്കുന്നുണ്ടെങ്കിലും ജില്ലയിൽ വളരെ ശാന്തമായാണ് തിരഞ്ഞെടുപ്പു പ്രചാരണം പുരോഗമിക്കുന്നത്.

പ്രചാരണ സമാപനംബുധനാഴ്ച വൈകിട്ട്  
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ബുധനാഴ്ച വൈകിട്ട് 6നു സമാപിക്കും. വോട്ടെടുപ്പു സമാപനത്തിന്റെ 48 മണിക്കൂർ മുൻപ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നാണു ചട്ടം. 26നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പു സമയം. പ്രചാരണ സമാപനം ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണു പ്രധാന മുന്നണികൾ. വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണമാണ്. തിരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങളും പുരോഗതിയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com