‘വോട്ടെണ്ണുമ്പോൾ സപ്ലൈകോയിൽ ഇന്നുള്ള സാധനങ്ങൾ പോലെയായിരിക്കണം’: രമേഷ് പിഷാരടി
Mail This Article
പട്ടാമ്പി ∙ പാലക്കാട് ലോക്സഭാ യുഡിഎഫ് സ്ഥാനാർഥി കഴിഞ്ഞ 5 വർഷം എംപി ആയിരുന്നപ്പോൾ പൂർണമായും ജനപ്രതിനിധി ആയിരുന്നെന്ന് ചലച്ചിത്ര നടൻ രമേഷ് പിഷാരടി. പല നേതാക്കളും തിരഞ്ഞെടുപ്പ് കാലത്തു ജനപ്രതിനിധിയാകുകയും തിരഞ്ഞെടുപ്പു കഴിഞ്ഞാൽ പാർട്ടി പ്രതിനിധിയാകുകയും പാർട്ടിക്കാർക്കു വേണ്ടി മാത്രം പ്രവർത്തിക്കുകയും ചെയ്യുന്നവരായി മാറാറുണ്ട്. ഇക്കാര്യത്തിൽ ശ്രീകണ്ഠൻ വ്യത്യസ്തനാണ്.
അദ്ദേഹം എന്നും ജനങ്ങൾക്കിടയിൽ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്ററിൽ കാണുന്ന ചിരിച്ച മുഖം ഫോട്ടോ എടുക്കുമ്പോൾ മാത്രമല്ല എപ്പോഴും അങ്ങനെ തന്നെയാണ്. ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന നേതാവായതിനാൽ ആർക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ കാണാം. ജനങ്ങളെ അങ്ങോട്ടു ചെന്ന് കാണുന്ന നേതാവ് കൂടിയാണദ്ദേഹം. പാലക്കാടിന്റെ ശബ്ദം ലോക്സഭയിൽ ഉയരാൻ ശ്രീകണ്ഠന്റെ വിജയം ഉറപ്പാക്കണമെന്ന് രമേശ് പിഷാരടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.
വോട്ടെണ്ണുമ്പോൾ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഇന്നുള്ള സാധനങ്ങൾ പോലെയായിരിക്കണം. അപ്പുറത്ത് കുറച്ച് എന്തെങ്കിലും ഓക്കെയേ കാണാവൂ. എല്ലാ വോട്ടും ഇവിടെയായിരിക്കണം – രമേഷ് പിഷാരടി പറഞ്ഞു. ശ്രീകണ്ഠന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം ഓങ്ങല്ലൂർ സെന്ററിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അംഗം റിയാസ് മുക്കോളി, സ്ഥാനാർഥി വി.െക.ശ്രീകണ്ഠൻ എന്നിവരും പ്രസംഗിച്ചു.